ബ്ലാക്ക് ഹോളുകളെ ഇന്ത്യ നിയന്ത്രിക്കുമോ? ന്യൂ ഇയർ ദിനത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി ഇസ്രോ
പുതുവത്സര ദിനത്തിൽ ഏറെ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി ഇന്ത്യയും ഇസ്രോയും. ഐഎസ്ആർഒയുടെ അറുപതാം ദൗത്യം വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള പഠനത്തിന് സഹായിക്കുന്ന എക്സ്പോസാറ്റ് എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് ഇസ്രോ വിജയകരമായി പൂർത്തിയാക്കിയത്. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.10 നായിരുന്നു വിക്ഷേപണം നടന്നത്.
തമോഗർത്തങ്ങളെ (ബ്ലാക്ക് ഹോൾ) കുറിച്ചുള്ള പഠനമാണ് ഈ ദൗത്യത്തിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. എക്സ്റേ തരംഗങ്ങളിലൂടെ ആയിരിക്കും തമോഗർത്തങ്ങളെ കുറിച്ചുള്ള പഠനം ഇസ്രോ നടത്തുക. ഈ ഉപഗ്രത്തിനൊടൊപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ എക‍്‍സ് റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

MOST READ: ഈ വർഷം തകർക്കും; എത്തുന്നത് വമ്പൻ ഫോണുകൾ, ഗാലക്സി എസ് 24 മുതൽ ഐഫോൺ 16 വരെ
എക്സ് റേ തരംഗങ്ങളിലൂടെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ കണ്ടുപിടിയ്ക്കാനാണ് എക്സ്പോസാറ്റ് ലക്ഷ്യം വെയ്ക്കുന്നത്. പ്രധാനമായും രണ്ട് പെലോഡുകളാണ് ഈ ഉപഗ്രത്തിൽ ഇസ്രോ നൽകിയിരിക്കുന്നത്. പോളിക്സ്, എക്സ്പെക്റ്റ് എന്നിവയാണ് ഇവ. ഇതിൽ പോളിക്സ് എന്ന ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. ബെംഗളൂരു രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്. അഞ്ച് വർഷത്തോളം ഈ പെലോഡ് പ്രവർത്തിക്കും എന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. അതേ സമയം പിഎസ്എൽവി ഉപയോഗിച്ച് നടത്തുന്ന അറുപതാമത്തെ വിക്ഷേപണമാണ് ഇതെന്ന പ്രത്യേകതയും ഈ ദൗത്യംത്തിന് ഉണ്ട്.
നേരത്തെ സൂചിപ്പിച്ചതുപോലെ തിരുവനന്തപുരത്തെ വിദ്യാർത്ഥികളും ഈ ദൗത്യത്തിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമനിലെ വിദ്യാർത്ഥികളാണ് ഈ ദൗത്യത്തിലെ വീസാറ്റ് എന്ന ഭാഗം നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം വിഎസ്എസ്‍സിയും എൽപിഎസ്‍സിയും ചേർന്നാണ് ഈ ഭാഗം വികസിപ്പിച്ചെടുത്തത്. 2024ൽ ഗംഭീര തുടക്കമാണ് ഇസ്രോ ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. ജനുവരിയിൽ തന്നെ മറ്റൊരു വിക്ഷേപണവും ഇസ്രോ പദ്ധതിയിട്ടിട്ടുണ്ട്.

MOST READ: പുതുവർഷത്തിൽ പുതിയ ഐഫോൺ ആയാലോ? അതും വൻ വിലക്കുറവിൽ; ഐഫോൺ 15ന് വൻ ഓഫറുമായി വിജയ് സെയിൽസ്
ബഹിരാകാശത്തെ ന്യൂട്രോൺ താരങ്ങളെക്കുറിച്ചുള്ള പഠനവും ഈ ദൗത്യത്തിൽ ഇസ്രോ ലക്ഷ്യം വെയ്ക്കുന്നുണ്ട്. നിലവിൽ ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവണത്തെ (പോളറൈസേഷൻ) കുറിച്ച് പഠിക്കാൻ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹമാണ് ഇത് എന്ന പ്രത്യേകതയും എക്സ്പോസാറ്റ് ദൗത്യത്തിന് ഉണ്ട്. വരുന്ന നാളുകളിൽ നിരവധി പുതിയ ദൗത്യങ്ങൾക്കാണ് ഇസ്രോ പദ്ധതിയിട്ടിരിക്കുന്നത്. സ്വന്തമായി എയർ സ്റ്റേഷൻ നിർമ്മിക്കുക എന്നതാണ് ഇതിൽ ഒന്ന്.
ഇതിന് പുറമെ ബഹിരാകാശത്തേയ്ക്ക് യാത്രികരെ എത്തിക്കുന്ന ദൗത്യത്തിനായും ഇസ്രോ പരിശ്രമിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയുടെ ആദ്യത്തെ സൂര്യ ദൗത്യമായ ആദിത്യ എൽ-1 പ്രതീക്ഷിച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. ജനുവരി ആറിന് ആദിത്യ എൽ-1 ലക്ഷ്യ സ്ഥാനത്ത് എത്തും എന്നാണ് ഇസ്രോ ചെയർമാൻ എസ് സോമനാഥ് അറിയിച്ചിരിക്കുന്നത്. ലഗ്രാഞ്ച് പോയിന്റാണ് ആദിത്യ എൽ-1ന്റെ ലക്ഷ്യസ്ഥാനം. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് സാറ്റ്ലൈറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
സെപ്റ്റംബർ 2ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദിത്യ എൽ-1 126 ദിവസങ്ങള്‍ കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. സൂര്യനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്താൻ ഈ ദൗത്യം സഹായകരമാകും എന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ ഈ പേടകത്തിലെ രണ്ട് പെലോഡുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു എന്നും ഇസ്രോ അറിയിച്ചിട്ടുണ്ട്. സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപായ SUIT, സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്റർ (SWIS) എന്നീ പെലോഡുകളാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ചിത്രങ്ങൾ എടുക്കാൻ വേണ്ടി സാറ്റ്ലൈറ്റിൽ സജ്ജീകരിച്ചിരിക്കുന്ന പെഡോല് ആണ് SUIT. സൗരക്കാറ്റിൽ നിന്നുള്ള സിഗ്നനലുകൾ തിരിച്ചറിയാൻ സഹായിക്കുന്ന പെഡോല് ആണ് SWIS. ഇത്തരത്തിൽ ആകെ ഏഴോളം പെലോഡുകളാണ് ഈ സാറ്റ്ലൈറ്റിൽ ഇസ്രോ ഒരുക്കിയിരിക്കുന്നത്. ഈ സാറ്റ്ലൈറ്റിലെ മറ്റ് പെലോഡുകൾ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സൂര്യനെക്കുറിച്ചും സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും വിശദമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രോ ഈ ദൗത്യം ആരംഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications








