രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം; ഇനി സർക്കാർ ഓഫീസുകൾ നിരങ്ങേണ്ട സേവനങ്ങളെല്ലാം വിരൽ തുമ്പിൽ
രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈൻ വഴി ലഭിക്കുന്ന കെ-സ്മാർട്ട് സോഫ്റ്റുവെയർ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇതിന്റെ ഉദ്ഘാടനം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ എന്നതാണ് കെ-സ്മാർട്ടിന്റെ പൂർണ്ണ രൂപം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇനി മുതൽ ഓൺലൈനായി ലഭിക്കുന്നതാണ്. സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിലെ വിവധ മേഖലകളിൽ പ്രയോജനപ്പെടുത്താനാണ് ഈ സർക്കാർ ശ്രമിക്കുന്നത് എന്ന് ഉത്ഘാടന വേദിയിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഈ ക-സ്മാർട്ട് അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ആയിരിക്കും ഇത് നടപ്പിലാക്കുക. ഏപ്രിൽ ഒന്നാം തിയതി മുതൽ ആയിരിക്കും ഇതിന്റെ സേവനം പഞ്ചായത്തുകൾക്ക് ലഭിക്കുക. ഇത് പ്രാവർത്തികമാകുന്നതോടെ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ ഓൺലൈനായി ലഭിക്കുന്നതായിരിക്കും. ഉപയോക്താക്കൾക്ക് വീട്ടിലിരുന്ന് തന്നെ ഇത്തരം ആവിശ്യങ്ങൾ നേടിയെടുക്കാവുന്നതാണ്. ഉപയോക്താക്കൾ സമർപ്പിച്ച അപേക്ഷയുടെ വിവരങ്ങൾ തത്സമയമായി അറിയാനുള്ള ഓപ്ഷനും ഇതിൽ ഉണ്ടായിരിക്കുന്നതാണ്.
വാട്സ്ആപ്പിലൂടെയും ഇ മെയിലിലൂടെയും ആയിരിക്കും ഈ വിവരങ്ങൾ അറിയാൻ സാധിക്കുക. ഈ സംവിധാനത്തിന്റെ മൊബൈൽ ആപ്പിന്റെ വേർഷൻ പുറത്തിറക്കിയത് വ്യവസായ മന്ത്രിയായ പി രാജീവാണ്. മന്ത്രി എം.ബി. രാജേഷ് ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചീഫ് മിഷന്‍ ഡയറക്ടര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, കൊച്ചി മേയർ എം അനിൽ കുമാർ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

വിവാഹ രജിസ്‌ട്രേഷനുകള്‍, പൊതുജന പരാതികള്‍, വസ്തു നികുതി അടയ്ക്കല്‍, സര്‍ട്ടിഫിക്കറ്റുകള്‍, ബില്‍ഡിംഗ് പെര്‍മിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ-സ്മാർട്ടിലൂടെ ഓൺലൈൻ ആയി ലഭിക്കും എന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഉത്ഘാടനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഈ സേവനത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് വഴി പുറത്ത് വിട്ടിരുന്നു. നവ കേരളം എന്ന ഹാഷ് ടാഗോടെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
രാജ്യത്താദ്യമായിട്ടാണ് ഇത്തരം ഒരു സേവനം സർക്കാർ അവതരിപ്പിക്കുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാൻ ഈ സംവിധാനം സഹായകമാകും എന്നും മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതി തടയാനും സേവനങ്ങൾ വേഗത്തിൽ ലഭിക്കാനും കെ- സ്മാർട്ട് സോഫ്റ്റുവെയർ ആപ്ലിക്കേഷൻ സഹായിക്കുന്നതായിരിക്കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇൻർനെറ്റ് വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതിയായ കെ-ഫോൺ ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും പദ്ധതിയിൽ കാര്യമായ പുരോഗതി ഒന്നും കാണാൻ സാധിക്കുന്നില്ല. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിരവധി കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതിന്റെ മൂന്നിൽ ഒന്ന് പോലും ഇപ്പോഴും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ജൂൺ 5ന് ആയിരുന്നു കെ-ഫോൺ പദ്ധതിയുടെ ഉത്ഘാടനം നടന്നത്. 20 ലക്ഷം പേർക്ക് ഇന്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയിക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങളെ ഇതിനായി തിരഞ്ഞെടുത്തിരുന്നു. ഇതിൽ ഉദ്ഘാടന സമയത്ത് കണക്ഷൻ ലഭിച്ചത് 2,105 വീടുകളിലാണ്. എന്നാൽ ആറ് മാസം കഴിയുമ്പോൾ ഇപ്പോൾ ഈ സേവനം ലഭിക്കുന്നത് 3,715 വീടുകളിൽ മാത്രമാണെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








