ചൈനയ്ക്ക് കിടിലം പണി കൊടുത്ത് ഇന്ത്യ; ബഡ്ജറ്റ് ഫ്രണ്ട്ലി സെഗ്മെന്റിൽ ലാവ 02ന്റെ വിൽപന ആരംഭിച്ചു
ഇന്ത്യൻ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ലാവ 02വിന്റെ വിൽപന ആരംഭിച്ചു. ഇന്ന് (മാർച്ച് 27) ഉച്ചയ്ക്ക് 12 മണിയോടെയാണ് ഈ ഫോണിന്റെ വിൽപന ആരംഭിച്ചത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിലൂടെയാണ് ലാവ 02 വിൽപനയ്ക്ക് എത്തിയിരിക്കുന്നത്.
10,000 രൂപയ്ക്ക് താഴെ വില വരുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോൺ സെഗ്മെന്റിൽ ആണ് ലാവ ഈ പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ വിൽപനയ്ക്ക് എത്തിച്ചതിന് പിന്നാലെ ആകർഷകമായ ഓഫറുകളും ലാവ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 8,499 രൂപയ്ക്കാണ് ലാവ 02 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വിൽപന ആരംഭിച്ചതിനോട് അനുബന്ധിച്ച് ഇപ്പോൾ ഈ ഫോൺ 7,999 രൂപയ്ക്ക് ലഭിക്കും

അതായത് 1500 രൂപയുടെ ഡിസ്കൗണ്ട്. പരിമിതമായ കാലത്തേയ്ക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കു എന്ന് ലാവ അറിയിച്ചിട്ടുണ്ട്. ആമസോണിന് പുറമെ ലാവയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും സ്റ്റോറുകളിൽ നിന്നും ഉപയോക്താക്കൾക്ക് ഈ ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പ്രധാനമായും മൂന്ന് നിറങ്ങളിലാണ് ലാവ ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. റോയൽ ഗോൾഡ്, മജസ്റ്റിക് പർപ്പിൾ, ഇംപീരിയൽ ഗ്രീൻ എന്നിവയാണ് ഈ നിറങ്ങൾ.
ലാവ 02വിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 90 Hz റീഫ്രഷ് റെയ്റ്റുള്ള 6.5 ഇഞ്ച് (1600 x 720 പിക്സൽ) എച്ച്ഡി പ്ലസ് ഡിസ്പ്ലേയുമായിട്ടാണ് ലാവ 02 എത്തുന്നത്. Unisoc T616 ഒക്ടാ-കോർ പ്രോസസർ ആണ് നിർമ്മാതാക്കൾ ഈ ഫോണിനായി നൽകിയിരിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്റ്റോറേജ് കൂടുതലായി ആവിശ്യമുള്ളവർക്ക് മൈക്രോ എസ്ഡി കാർഡും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. Android 13 OS-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്തിട്ടുണ്ട്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 50 എംപി ഡുവൽ ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നതായി കാണാം.
2 എംപിയുടെ ഡെപ്ത് സെൻസർ ആണ് സെക്കന്ററി ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് ലാവ തങ്ങളുടെ പുതിയ ഫോണിൽ നൽകിയിരിക്കുന്നത്. ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു വശത്തായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, ഫേസ് അൺലോക്ക് എന്നിവയും ലാവ നൽകിയിട്ടുണ്ട്. 4ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ലാവ 02വിൽ കാണാൻ സാധിക്കുന്നതാണ്.
പവർ അഡാപ്റ്റർ, യുഎസ്ബി കേബിൾ, സിം ട്രേ എജക്ടർ ടൂൾ, ഫോൺ കെയ്‌സ് എന്നിവ അടങ്ങുന്ന പായ്ക്കേജിലാണ് ലാവ 02 എത്തുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോൺ വിപണിയിൽ ശക്തമായ മത്സരം കാഴ്ച വെയ്ക്കാൻ ലാവ 02ന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 10,000 രൂപയ്ക്ക് താഴെ വില വരുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോൺ സെഗ്മെന്റ് ഭരിക്കുന്നത് ചൈനീസ് ബ്രാൻഡുകളാണ്. ഇവയ്ക്ക് വെല്ലുവിളിയുമായാണ് ലാവ 02 എത്തുന്നത്.


Click it and Unblock the Notifications








