ചൈനീസ് ഫോണുകളെ വിറപ്പിക്കുന്ന ഇന്ത്യൻ ബ്രാൻഡ്; എഐ ക്യാമറയുമായി ലാവ 02 മാർച്ച് 22ന് എത്തും
ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ വിലസുന്ന ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഇവയ്ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച വെയ്ക്കുന്ന ഇന്ത്യൻ ബ്രാൻഡാണ് ലാവ. പ്രധാനമായും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ആണ് ലാവ പുറത്തിറക്കുന്നത്. ചിലപ്പോഴെല്ലാം മിഡ് ബഡ്ജറ്റ് സെഗ്മെന്റിലും ലാവ തങ്ങളുടെ ഫോൺ പുറത്തിറക്കാറുണ്ട്.
ഇക്കൂട്ടത്തിലേക് പുതിയ ഒരു സ്മാർട്ട് ഫോൺ കൂടി എത്തുകയാണ്. ലാവയുടെ ഏറ്റവും പുതിയ 02 എന്ന ഫോണാണ് ഉടൻ തന്നെ ലോഞ്ച് ചെയ്യാൻ തയ്യാറായിരിക്കുന്നത്. മാർച്ച് 22ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജ് വഴിയാണ് ലാവ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലാവ മുൻപ് അവതരിപ്പിച്ച ഫോണുകൾക്ക് സമാനമായി ഇതും ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ ആയിരിക്കും എന്നാണ് സൂചന.

ഫോണിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു ടീസറും ലാവ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിട്ടുണ്ട്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ വഴി ആയിരിക്കും പ്രധാനമായും ലാവ 02വിന്റെ വിൽപന ഇന്ത്യയിൽ നടക്കുക. ഇതിന്റെ ഭാഗമായി ലാവ 02നായി ഒരു പ്രത്യേക പേജും ആമസോണിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. Unisoc T616 SoC ആയിരിക്കും ലാവ 02വിന് കരുത്ത് നൽകുക. 8 ജിബി വരെ റാമും ഈ ഫോണിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഫോണിന്റെ ഏറ്റവും വലിയ സവിശേഷത 50 എംപി ഡ്യുവൽ പിൻ ക്യാമറ യൂണിറ്റ് ആയിരിക്കും. മാർച്ച് 22 ഉച്ചയ്ക്ക് 12 മണിയ്ക്ക് ആയിരിക്കും ഈ ഫോൺ പുറത്തിറക്കുക. ഇതിന്റെ ലോഞ്ച് ചടങ്ങുകൾ തത്സമയമായി തന്നെ ലാവയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. കമ്പനി പുറത്ത് വിട്ട ചിത്രങ്ങൾ അനുസരിച്ച് ഫോണിന്റെ ഇടതുവശത്ത് പവർ, വോളിയം ബട്ടണുകൾ കാണാൻ സാധിക്കുന്നതാണ്.

ഡിസ്പ്ലേയ്ക്ക് മുകളിലെ പഞ്ച് ഹോളിലാണ് ഫോണിന്റെ സെൽഫി ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. ലാവ യുവ 3 പ്രോയിൽ പിൻ ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നതിന് സമാനമായി ചതുരാകൃതിയിൽ തന്നെയാണ് ലാവ 02വിനായും കമ്പനി ക്യാമറ നൽകിയിരിക്കുന്നത്. അതേ സമയം ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമായിരിക്കും എന്ന് പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ Unisoc T616 SoC ആയിരിക്കും ഈ ഫോണിന്റെ പ്രോസസർ.
8 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നതാണ്. AnTuTu ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ ലാവ 02 2,50,000 പോയിൻ്റുകൾ നേടിയിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഫോണിന്റെ ക്യാമറാ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 50 എംപി പ്രൈമറി ക്യാമറ കാണാൻ സാധിക്കുന്നതാണ്. ഈ ക്യാമറയ്ക്ക് എഐ പിന്തുണയും ഉണ്ടായിരിക്കും എന്നും ലാവ അവകാശപ്പെടുന്നു.
ഇതിന് പുറമെ മറ്റൊരു ക്യാമറയും ലാവ 02വിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ഈ ക്യാമറയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ ലാവ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 8 എംപി ആയിരിക്കും. ഫോൺ 18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കും എന്നും ലാവ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിന്റെ ബാറ്ററി 5000 എംഎഎച്ച് ആയിരിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
90Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് സ്‌ക്രീനും ഈ ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നിലവിൽ മജസ്റ്റിക് പർപ്പിൾ ഷേഡ് നിറത്തിലുള്ള ഫോണിന്റെ ചിത്രമാണ് ആമസോൺ വഴി പുറത്ത് വിട്ടിരിക്കുന്നത്. ഈ ഫോണിന് വേറെയും കളർ വേരിയന്റുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി വെറും രണ്ട് ദിവസം മാത്രമാണ് ഈ ഫോൺ പുറത്തിറങ്ങാനായി ഉള്ളത്. ലാവ 02നെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ അറിയാനായി ഗിസ്ബോട്ട് മലയാളം പിന്തുടരുക.


Click it and Unblock the Notifications








