ലാവയുടെ യുവ 3പ്രോ എത്തി; 8,999 രൂപയ്ക്ക് 50 എംപി ക്യാമറയും ദിവസങ്ങളോളം നിൽക്കുന്ന ബാറ്ററി ലൈഫും
ഇന്ത്യൻ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ലാവ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ലാവ യുവ 3 പ്രോ അവതരിപ്പിച്ചു. ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ എന്ന നിലയിൽ മൂന്ന് കളർ വേരിയന്റുകളിലാണ് പുതിയ ഫോണിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വില കുറവ് ആണെങ്കിലും മികച്ച ഫീച്ചറുകൾ തന്നെ കമ്പനി ഈ ഫോണിനായി ഒരുക്കിയിട്ടുണ്ട്.
10,000 രൂപയിൽ താഴെ 50 എംപി മെയിൻ ക്യാമറയുമായി എത്തുന്ന ചുരുക്കം ചില ഫോണുകളുടെ ഗണത്തിൽ ലാവ യുവ 3 പ്രോയെ ചേർക്കാൻ സാധിക്കുന്നതാണ്. Lava Yuva 3 Pro ഒരു Unisoc T616 SoC പ്രൊസസറും ഫോണിന് കരുത്ത് വർധിപ്പിക്കുന്നു. കമ്പനി പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 8,999 രൂപയാണ് ഈ ഫോണിന്റെ വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഈ ഫോണിൽ ഉണ്ടായിരിക്കുന്നതാണ്.

ഡെസേർട്ട് ഗോൾഡ്, ഫോറസ്റ്റ് വിരിഡിയൻ, മെഡോ പർപ്പിൾ എന്നീ കളറുകളിലാണ് ഈ ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. ലാവയുടെ റീട്ടെയിൽ നെറ്റ്‌വർക്കിലും ലാവ ഇ-സ്റ്റോറിലും ഇന്ന് മുതൽ ഈ ഫോണുകൾ ലഭ്യമാകും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ലാവ യുവ 3 പ്രോയുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഡുവൽ നാനോ സിം സവിശേഷതകളോടെ എത്തുന്ന ലാവ യുവ 3 പ്രോ ആൻഡ്രോയിഡ് 13-ലാണ് പ്രവർത്തിക്കുന്നത്.
എന്നാൽ ആൻഡ്രോയിഡ് 14ലേയ്ക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യവും രണ്ട് വർഷത്തെ സുരക്ഷ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസ്പ്ലേ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിനായി ലാവ ഒരുക്കിയിരിക്കുന്നത്. 269ppi പിക്സൽ ഡെൻസിറ്റിയും 90Hz റീഫ്രഷ് റെയ്റ്റും ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. ഫോണിന്റെ മുകളിൽ മധ്യഭാഗത്തായി ഒരു പഞ്ച് ഹോളും കമ്പനി നൽകിയിരിക്കുന്നു.

MOST READ: വാഹനത്തിന്റെ മൈലേജ് വർധിപ്പിക്കണോ? ഇന്ധനം ലാഭിക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ഇവിടെയാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. 8 ജിബി റാമിനൊപ്പം 8 ജിബി വെർച്വൽ റാമും കമ്പനി നൽകിയിട്ടുണ്ട്. ഇതോടെ റാം 16 ജിബിയായി വർധിപ്പിക്കാൻ സാധിക്കും. സ്റ്റോറേജ് ആകട്ടെ 128 ജിബിയാണ് ഫോണിൽ ഉള്ളത്. എന്നാൽ ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഈ സ്റ്റോറേജ് 512 ജിബി വരെ ഉയർത്താൻ സാധിക്കുന്നതായിരിക്കും എന്നും ലാവ അറിയിച്ചിട്ടുണ്ട്.
ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ എഐ പിന്തുണയുള്ള 50 എംപി ലെൻസാണ് മെയിൻ ക്യാമറ. എച്ച്ഡിആർ, പോർട്രെയ്റ്റ്, പനോരമ, ബർസ്റ്റ്, സ്ലോ മോഷൻ, നൈറ്റ്, ടൈം-ലാപ്സ് എന്നീ ഫീച്ചറുകളെല്ലാം ഈ ക്യാമറയിൽ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഈ ക്യാമറയ്ക്കൊപ്പം ഒരു എൽഇഡി ഫ്ലാഷ് ലൈറ്റും പിൻവശത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 8 എംപിയാണ് സ്ക്രീൻ ഫ്ലാഷ് സൗകര്യവും ഫ്രണ്ട് ക്യാമറയ്ക്കായി ലാവ ഒരുക്കിയിട്ടുണ്ട്.
5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു കരുത്ത്. ഈ ബാറ്ററി 18W ചാർജിങ്ങ് പിന്തുണയ്ക്കുന്നത് ആയിരിക്കും ഒറ്റ ഫുൾ ചാർജിൽ തന്നെ 500 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയം നൽകും എന്നാണ് ലാവ അവകാശപ്പെടുന്നത്. ഇതിന് പുറമെ 38 മണിക്കൂർ ടോക്കിങ് സമയവും കമ്പനി അവകാശപ്പെടുന്നുണ്ട്. ഫുൾചാർജിലെ വീഡിയോ പ്ലേബാക്കിന്റെ ദൈർഖ്യം 468 മിനിറ്റ് വരെയാണ്. 200 ഗ്രാം ആണ് ഈ ഹാൻഡ്സെറ്റിന്റെ ഭാരം.
ഫോണിലെ കണക്ടിവിറ്റി കാര്യങ്ങൾ പരിശോധിക്കുമ്പോൾ 4G VoLTE, ബ്ലൂടൂത്ത് 5, ജിപിആർഎസ്, ഒടിജി, Wi-Fi 802.11, 3.5mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്- സി പോർട്ട് എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. സെക്യൂരിറ്റി ഫീച്ചറുകളുടെ ഭാഗമായി സൈഡിലായി ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് ഫീച്ചറും നൽകിയിരിക്കുന്നു. ഇതിന് പുറമെ ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയും ലാവ യുവ 3 പ്രോയിൽ ഇടംപിടിച്ചിരിക്കുന്നു.


Click it and Unblock the Notifications








