14,000 രൂപയ്ക്ക് 50എംപി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി; മോട്ടോ ജി പ്ലേ വരുന്നു
2022 ഡിസംബറിൽ മോട്ടറോള അവതരിപ്പിച്ച സ്മാർട്ട് ഫോൺ ആയിരുന്നു മോട്ടോ ജി പ്ലേ. പ്രധാനമായും ഗെയിം ആസ്വാദകരെ ലക്ഷ്യമിട്ടാണ് മോട്ടറോള ഈ ഫോൺ പുറത്തിറക്കിയത്. ഉപയോക്താക്കളുടെ പക്കൽ നിന്ന് മികച്ച അഭിപ്രായമായിരിക്കും ഈ ഫോണിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഈ ഫോണിന്റെ പുതിയ അപ്ഡേറ്റഡ് വേർഷൻ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് മോട്ടറോള.
മോട്ടോ ജി പ്ലേ (2024) എന്നായിരിക്കും ഈ ഫോണിന്റെ പേര്. മുൻഗാമിയിൽ നിന്ന് ഡിസൈനിൽ അടക്കം മാറ്റം വരുത്തിയായിരിക്കും പുതിയ ഫോൺ പുറത്തിറക്കുന്നത്. മിഡ് ബഡ്ജറ്റിൽ ആയിരിക്കും ഈ ഫോൺ എത്തുക. എന്നിരുന്നാലും ഈ ഫോണിന് 50 എംപി മെയിൻ സെൻസറായി വരുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. 5000 mAh ബാറ്ററി എന്നിവ ഉണ്ടാകും എന്നാണ് ലീക്കഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാത്രമല്ല 90Hz പുതുക്കൽ നിരക്കുള്ള 6.5 ഇഞ്ച് ഡിസ്പ്ലേയും ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. പ്രമുഖ ടിപ്സ്റ്ററായ സ്റ്റീവ് ഹെമ്മർസ്റ്റോഫർ ആണ് ഈ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അടുത്ത മാസത്തോടെ ഈ ഫോൺ ആഗോളതലത്തിൽ പുറത്തിറങ്ങും എന്നാണ് ഇദ്ദേഹം പ്രവചിച്ചിരിക്കുന്നത്. 169 യുഎസ് ഡോളർ ആരിക്കും മോട്ടോ ജി പ്ലേ (2024)ന്റെ വില. അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 14,000 രൂപ.
ഡിസൈൻ പരിശോധിക്കുമ്പോൾ ഡിസ്പ്ലേയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന പഞ്ച് ഹോളിൽ ആയിരിക്കും ഈ ഫോണിന്റെ ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുക. ട്രിപ്പിൾ റിയർ ക്യാമറയോടൊപ്പം എൽഇഡി ഫ്ലാഷ് ലൈറ്റും മോട്ടറോള സജ്ജീകരിച്ചിരിക്കുന്നു. ഫോണിന്റെ ഇടതുവശത്ത് ആയിരിക്കും വോളിയം ബട്ടണുകൾ നൽകിയിരിക്കുക. ഈ ബട്ടൺ ഒരു ഫിംഗർപ്രിന്റ് സ്കാനറായും പ്രവർത്തിക്കുന്നതായിരിക്കും. ഫോണിന്റെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ നേരത്തെ സൂചിപ്പിച്ചതുപോലെ 6.5 ഇഞ്ച് ആയിരിക്കും ഡിസ്പ്ലേ.

ഇതൊരു ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേ ആയിരിക്കും. ആൻഡ്രോയിഡ് 13-ൽ ആയിരിക്കും മോട്ടോ ജി പ്ലേ (2024) പ്രവർത്തിക്കുക. 4 ജിബി റാം 64 ജിബി സ്റ്റോറേേജ് വേരിയന്റിൽ ആയിരിക്കും മോട്ടറോള ഈ ഫോൺ പുറത്തിറക്കുന്നത്. 12nm മീഡിയടെക് ഹീലിയോ G37 ചിപ്സെറ്റ് ഈ ഫോണിൽ നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ ഫോണിന് അവകാശപ്പെടാൻ ഉണ്ടായിരിക്കുക.
ഇതിന്റെ മെയിൻ സെൻസർ 50 എംപി ആയിരിക്കും. മറ്റ് രണ്ട് ക്യാമറകളെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അതേ സമയം സെൽഫികൾക്കും വീഡിയോകോളുകൾക്കും ഉപയോഗിക്കുന്ന ഫ്രണ്ട് ക്യാമറയാകട്ടെ 8 എംപി ആയിരിക്കും. പഴയ മോട്ടോ ജി പ്ലേ ഫോണിന് നൽകിയ അതേ 5000 mAh ബാറ്ററി തന്നെയായിരിക്കും പുതിയ ഫോണിനും മോട്ടറോള നൽകുക. 12,500 രൂപയ്ക്ക് ആയിരുന്നു മോട്ടറോള തങ്ങളുടെ പഴയ മോട്ടോ ജി പ്ലേ അവതരിപ്പിച്ചത്.
അതേ സമയം 2024ൽ മോട്ടറോളയുടെ നിരവധി ഫോണുകൾ ഇന്ത്യയിലടക്കം നിരവധി രാജ്യത്ത് എത്തിക്കും എന്നാണ് ലെനോവോ മൊബൈൽ ബിസിനസ് ഗ്രൂപ്പിന്റെ ജനറൽ മാനേജർ ചെൻ ജിൻ വെളിപ്പെടുത്തിയിരിക്കുന്നത്. 2024ൽ പുതിയ ഒരു റേസർ മോഡൽ മോട്ടറോള പുറത്തിറക്കും എന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ഈ വർഷം തന്നെ എക്സ് സീരീസിലും ഒരു പുതിയ ഫോൺ പുറത്തിറക്കാൻ മോട്ടറോള പദ്ധതിയിട്ടിട്ടുണ്ട്.
2024-ൽ മോട്ടറോള ജി സീരീസിൽ പുതിയ ഫോൺ പുറത്തിറക്കാനും കമ്പനി തയ്യാറായേക്കാം. അതേ സമയം കഴിഞ്ഞ വർഷം ഏറെ ജനപ്രീതി ഉണ്ടാക്കിയെടുത്ത ഫോണുകൾ ആയിരുന്നു ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ. മോട്ടറോളയും തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വളയുന്ന ബെൻഡബിൾ സ്ക്രീനുള്ള ഫോണുകൾ നിർമ്മിക്കാനും മോട്ടറോള ഗവേഷണം നടത്തുണ്ട് എന്ന തരത്തിലും വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications








