ലോഞ്ചിന് മുമ്പ് തന്നെ പ്രീ-സെയിൽ ലിസ്റ്റിൽ; ലോകം കീഴടക്കാൻ സാംസങ്ങിന്റെ എഐ ഫീച്ചറുകളുള്ള എസ്24 അൾട്ര
സാംസങ് ആരാധകർ മാത്രമല്ല ടെക് പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി എസ് 24 സീരീസ് ഫോണുകൾ. ഈ സീരീസിലെ ഗാലക്സി എസ് 24 അൾട്രയ്ക്ക് വേണ്ടിയാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്. ക്യാമറ ഫീച്ചറുകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച ഗാലക്സി എസ് 23 അൾട്രയുടെ പിൻഗാമിയാണ് ഈ ഫോൺ.
ഗാലക്സി എസ് 23 അൾട്രയിൽ നിന്ന് നിരവധി അപ്ഡേറ്റുകൾ ആയിരിക്കും എസ് 24 അൾട്രയ്ക്കായി സാംസങ് തയ്യാറാക്കുക. ഈ സീരീസ് ഫോണുകൾ സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോണുകൾ ആയിരിക്കും എന്നും വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്. ഈ ഫോണുകൾ ജനുവരി 17ന് സാംസങ്ങ് ആഗോള തലത്തിൽ അവതരിപ്പിക്കും എന്നാണ് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എസ് 23 സീരീസ് ഫോണുകൾ സാംസങ് അവതരിപ്പിച്ചത് 2023 ഫെബ്രുവരി മാസം ആയിരിന്നു.

ആപ്പിളിന്റെ ഐഫോണുകൾക്ക് അടക്കം കനത്ത വെല്ലുവിളി സൃഷ്ടിക്കാൻ എസ് 23 അൾട്രയ്ക്ക് സാധിച്ചിരുന്നു. ആയതിനാൽ തന്നെ പുതിയ ഫോണുകളെ ഏറെ പ്രതീക്ഷയോടെയാണ് ഉപയോക്താക്കൾ നോക്കി കാണുന്നത്. അതേ സമയം ഈ ഫോണുകളുടെ പ്രീ സെയിൽ സംബന്ധിച്ച ചില റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ലോഞ്ച് തിയതി ഏറെക്കുറെ ഉറപ്പായെങ്കിലും പ്രീ സെയിൽ തിയതി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വരുന്നത് ഇത് ആദ്യമായാണ്.
പ്രമുഖ വ്യാപാര സ്ഥാപനമായ വാൾമാർട്ടാണ് ഇതിനെക്കുറിച്ചുള്ള സൂചന പങ്കുവെച്ചിരിക്കുന്നത്. വാൾമാർട്ടിന്റെ ഓൺലൈൻ വെബ്സൈറ്റിൽ ആണ് ഇതിന്റെ വിവരങ്ങൾ പങ്കുവെച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സീരീസിലെ എസ് 24 പ്ലസ് മോഡലിന്റെ വിവരങ്ങളാണ് വെബ്സൈറ്റ് പങ്കുവെച്ചത്. ബ്രസീലിലെ സാംസങ് റീട്ടെയിലർമാരും പ്രമുഖ ടിപ്സ്റ്ററുമാരും ഫോണിന്റെ ലോഞ്ചിനെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്ത് വിട്ടിട്ടിട്ടുണ്ട്. എന്നാൽ ഈ കാര്യങ്ങളിൽ ഒന്നും സാംസങ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സാംസങ് ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ മൂന്ന് ഫോണുകൾ ആയിരിക്കും എസ് 24 സീരീസിൽ സാംസങ് അവതരിപ്പിക്കുക. ഈ സീരീസിലെ സ്റ്റാന്റേർഡ് മോഡലിന് തങ്ങളുടെ പിൻഗാമിയെക്കാൾ വില കുറവായിരിക്കും എന്നും സൂചനകൾ ഉണ്ട്. എന്നാൽ ടോപ് എൻഡ് മോഡലുകൾക്ക് ഉയർന്ന വില തന്നെ പ്രതീക്ഷിക്കാം. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ അടുത്തായിരിക്കും ഇതിന്റെ വില എന്നാണ് പ്രവചിക്കപ്പെടുന്നത്.
അതേസമയം ക്യാമറയിൽ തന്നെ എഐ സവിശേഷതകൾ നൽകിയായിരിക്കും ഗാലക്സി എസ് 24 അൾട്ര പുറത്തിറങ്ങുന്നത്. ഗൂഗിളിന്റെ പിക്സൽ 8ൽ ഉണ്ടായിരുന്ന മാജിക് ടൂളിന് സമാനമായ ടൂൾ ഈ ഫോണിലും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. വീഡിയോകൾ എടുക്കുമ്പോൾ തന്നെ ഫ്രെയ്മിൽ നിന്ന് ആവിശ്യമില്ലാത്ത വസ്തുകൾ മായ്ച്ച് കളയാൻ ഈ എഐ ടൂൾ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും. സെക്കൻഡിൽ 4 കെ 120 ഫ്രെയിമുകളിൽ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന ക്യാമറയായിരിക്കും എസ് 24 അൾട്രയുടേത്.
നിലവിലെ എസ് 23 അൾട്ര 8കെ, 4കെ വീഡിയോകളെയാണ് പിന്തുണയ്ക്കുന്നത്. ഇതിനിടെ ഗാലക്സി എസ് 24 അൾട്ര പ്രീ ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേകം ബോണസ് ലഭിക്കുമെന്ന് ദക്ഷിണ കൊറിയൻ ബ്ലോഗ് നേവറിന്റെ ഒരു ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്. ഗാലക്സി വാച്ച് അല്ലെങ്കിൽ ഗാലക്സി ബഡ്സ് ഫാൻ എഡിഷൻ തുടങ്ങിയ ഉത്പന്നങ്ങൾ ആയിരിക്കും ചിലപ്പോൾ പുതിയ ഫോണിനൊപ്പം സൗജന്യമായി ലഭിക്കുന്നത്.
ഗാലക്സി എസ് 24 പ്ലസിന്റെ 12 ജിബി റാമിന്റെ പതിപ്പാണ് വാൾമാർട്ടിന്റെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫോണിന്റെ ചില സവിശേഷതകളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. 6.7 ഇഞ്ച് ഡിസ്പ്ലേയാണ് എസ് 24 പ്ലസിനായി സാംസങ് നൽകിയിരിക്കുന്നത്. എസ് 23 പ്ലസിന് അത് 6.6 ഇഞ്ച് ആയിരുന്നു. മാത്രമല്ല 4,900mAh ബാറ്ററിയും ഈ ഫോണിന് ഉണ്ടെന്ന് വാൾമാർട്ടിന്റെ വെബ്സൈറ്റ് സൂചിപ്പിക്കുന്നു. എന്നാൽ ഇതിന്റെ ഔദ്യോഗിക വിവരങ്ങൾക്കായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്.


Click it and Unblock the Notifications








