പോക്കറ്റ് കാലിയാക്കാത്ത ഒരു എഐ ക്യാമറാ ഫോൺ; മോട്ടോ എഡ്ജ് 50 പ്രോയുടെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു
മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ മോട്ടോ എഡ്ജ് 50 പ്രോയുടെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു. കമ്പനിയുടെ സോഷ്യൽ മീഡിയാ ഹാൻഡിൽ വഴിയാണ് പുതിയ ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് സ്ഥിരീകരിച്ചത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടുമായി സഹകരിച്ചാണ് മോട്ടറോള തങ്ങളുടെ പുതിയ ഫോണിനെ ഇന്ത്യയിൽ എത്തിക്കുന്നത്.
ഇതിന്റെ ഭാഗമായി മോട്ടോ എഡ്ജ് 50 പ്രോയ്ക്കായി ഒരു പ്രത്യേക പേജും ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫോണിന്റെ ഔദ്യോഗിക ചിത്രങ്ങളും ചില ഫീച്ചറുകളും കമ്പനി ഇതിനോടകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. അതേ സമയം ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തിയതി ഏതാണെന്ന് മോട്ടറോള പുറത്ത് വിട്ടിട്ടില്ല. എന്നാൽ പ്രമുഖ ടിപ്സ്റ്ററായ അഭിഷേക് യാദവ് അവകാശപ്പെടുന്നത് ഏപ്രിൽ മൂന്നിന് ഈ ഫോൺ ഇന്ത്യയിൽ എത്തും എന്നാണ്.

50 എംപി എഐ പവർഡ് പ്രോ-ഗ്രേഡ് ക്യാമറ ഈ ഫോണിൽ ഉണ്ടായിരിക്കും എന്ന് ഫ്ലിപ്പ്കാർട്ടിന്റെ പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തന്നെ ആയിരിക്കും മോട്ടോ എഡ്ജ് 50 പ്രോയുടെ ഏറ്റവും വലിയ സവിശേഷത. ഈ ക്യാമറയ്ക്ക് ഫോട്ടോ എൻഹാൻസ്മെന്റ്, അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ സവിശേഷത എന്നീ ഫീച്ചറുകളിൽ എഐ പിന്തുണ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് പാൻ്റോൺ ക്യൂറേറ്റഡ് കളർ ഓപ്ഷനുകളിലായിരിക്കും ഈ ഫോൺ പുറത്തിറങ്ങുക എന്നും ഫ്ലിപ്പ്കാർട്ട് പറയുന്നുണ്ട്.
അതേ സമയം ഫോണിന്റെ മറ്റ് ഫീച്ചറുകളെക്കുളിച്ചുള്ള ചില ചോർച്ചാ റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ടിപ്സ്റ്റർ അഭിഷേക് യാദവ് തന്നെയാണ് തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് വഴി ഈ ഫീച്ചറുകൾ പുറത്ത് വിട്ടിരിക്കുന്നത്. 144 Hz റിഫ്രഷ് റേറ്റ്, 2000 nits പീക്ക് തെളിച്ചം എന്നിവ അവകാശപ്പെടാൻ സാധിക്കുന്ന 6.7 ഇഞ്ച് 1.5K പോൾഇഡ് കർവ്ഡ് ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഈ ഫോൺ പുറത്തിറങ്ങുക എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

Qualcomm Snapdragon 8 Gen 3 ചിപ്‌സെറ്റായിരിക്കും ഈ ഫോണിന് കരുത്ത് പകരാൻ സാധ്യത. ആൻഡ്രോയിഡ് 14ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക എന്നും അഭിഷേക് യാദവ് കൂട്ടിച്ചേർക്കുന്നു. പ്രധാന ക്യാമറയ്ക്ക് ഐഒഎസ് പിന്തുണയും അവകാശപ്പെടാൻ സാധിക്കുന്നതായിരിക്കും. ഇത് ഒരു 50 എംപി ക്യാമറ ആയിരിക്കും. ഇത് കൂടാതെ 13 എംപിയുടെ ഒരു അൾട്രാവൈഡ് പിൻ ക്യാമറയും ഈ ഫോണിൽ ഇടം പിടിയ്ക്കാൻ സാധ്യത ഉണ്ടെന്ന് ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഫോണിന്റെ സെൽഫി ക്യാമറയെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. 125W ചാർജിങ്ങിന്റെയും 50W വയർലെസ് ചാർജിങ്ങിന്റെയും പിന്തുണയുള്ള 4,500 mAh ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്യും എന്നാണ് പറയപ്പെടുന്നത്. ഏപ്രിൽ 3ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിിൽ ആയിരിക്കും മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ മോട്ടോ എഡ്ജ് 50 പ്രോ പുറത്തിറക്കാൻ സാധ്യത എന്ന് ഇദ്ദേഹം വാദിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
എന്നാൽ ഫ്ലിപ്പ്കാർട്ടിന് പുറമെ മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റായ Motorola.in വഴിയും ഓൺലൈൻ ആയി ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. അതേ സമയം മോട്ടറോള പുറത്ത് വിട്ട ചിത്രങ്ങൾ പരിശോധിക്കുമ്പോൾ ഫോണിന്റെ വലത് വശത്ത് വോളിയം ബട്ടണും പവർ ബട്ടണും കാണാൻ സാധിക്കുന്നതാണ്. ട്രിപ്പിൾ റിയർ ക്യാമറയും ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
ഫോണിന്റെ വിലയെക്കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെങ്കിലും ഇതിന്റെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ഇതൊരു മിഡ് ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇത്രയും വിവരങ്ങളാണ് മോട്ടോ എഡ്ജ് 50 പ്രോയെ കുറിച്ച് അറിയാൻ സാധിച്ചിരിക്കുന്നത്. ലോഞ്ച് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മറ്റ് വിവരങ്ങൾ ഉടൻ തന്നെ മോട്ടറോള ഔദ്യോഗികമായി പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








