മിഡ് ബഡ്ജറ്റ് സെഗ്മെന്റിലെ പ്രീമിയം ഫോൺ; മോട്ടറോള എഡ്ജ് 50 പ്രോ 5ജിയുടെ വിൽപന ഇന്ന് ആരംഭിക്കും
മോട്ടറോളയുടെ ഏറ്റവും പുതിയ ഫോണായ മോട്ടറോള എഡ്ജ് 50 പ്രോ 5ജിയുടെ വിൽപന ഇന്ത്യയിൽ ഇന്ന് (ഏപ്രിൽ 9) ആരംഭിക്കും. ഉച്ചയ്ക്ക് കൃത്യം 12 മണിയോടെ ആയിരിക്കും ഈ ഫോണിന്റെ വിൽപന ആരംഭിക്കുക. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി ആയിരിക്കും പ്രധാനമായും ഈ ഫോൺ വിൽപനയ്ക്ക് എത്തുന്നത്.
ഇതിന് പുറമെ മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും സ്റ്റോറുകൾ വഴിയും ഈ ഫോൺ ഇന്ന് മുതൽ ആളുകൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പ്രീമിയം മിഡ് റേഞ്ച് വിഭാഗത്തിലാണ് മോട്ടറോള എഡ്ജ് 50 പ്രോ 5ജി ഫോൺ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വിവോയുടെ വി 30 5ജി, റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജി എന്നീ ഫോണുകൾ ആയിരിക്കും മോട്ടറോള എഡ്ജ് 50 പ്രോ 5ജിയുടെ പ്രധാന എതിരാളികൾ.

50 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉൾപ്പെടെ മികച്ച ഫീച്ചറുകൾ തന്നെ ഈ ഫോണിനായി മോട്ടറോള തയ്യാറാക്കിയിരിക്കുന്നു. 31,999 രൂപ മുതലാണ് മോട്ടറോള എഡ്ജ് 50 പ്രോ 5ജിയുടെ വില ആരംഭിക്കുന്നത്. ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് ആണ് ഈ വില നൽകേണ്ടത്. ഇതിന് പുറമെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും മോട്ടറോള ഈ ഫോൺ അവതരിപ്പിച്ചിട്ടുണ്ട്.
35,999 രൂപയാണ് ഈ വേരിയന്റിന്റെ വില. എന്നാൽ വിൽപന ആംരഭിക്കുന്നതിന്റെ ഭാഗമായി ചില ഓഫറുകളും മോട്ടറോള പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിച്ചാണ് ഈ ഫോൺ സ്വന്തമാക്കുന്നത് എങ്കിൽ 2,250 രൂപയുടെ ഡിസ്കൗണ്ട് ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും മോട്ടറോള പുതിയ ഫോണിനായി വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്സ് ലാവെൻഡർ, ബ്ലാക്ക് ബ്യൂട്ടി, മൂൺലൈറ്റ് പേൾ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളാണ് ഫോൺ പുറത്തിറങ്ങുന്നത്.

ഇതിൽ ലാവെൻഡർ, ബ്ലാക്ക് മോഡലുകൾ ഒരു വീഗൻ ലെതർ ബാക്ക് പാനൽ ആണ് മോട്ടറോള നൽകിയിരിക്കുന്നത്. മൂൺലൈറ്റ് പേൾ വേരിയൻ്റിന് ആകട്ടെ ഒരു ടിപിയു ഫിനിഷും നൽകിയിട്ടുണ്ട്. ഫോണിന്റെ വാട്ടർ, ഡെസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് IP68 ആണ്. അതേ സമയം മോട്ടറോള എഡ്ജ് 50 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ എന്തെല്ലാം ആണെന്ന് വിശദമായി പരിശോധിക്കാം.
12 ജിബി വരെ LPDDR4X റാമും 256 ജിബി വരെ UFS 2.2 സ്റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 7 Gen 3 SoC ചിപ്സെറ്റാണ് മോട്ടറോള എഡ്ജ് 50 പ്രോയ്ക്ക് കരുത്ത് നൽകുന്നത്. 4500 mAh ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്തിട്ടുണ്ട്. ഇതിൽ 125W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ്, 10W വയർലെസ് പവർ ഷെയറിങ് പിന്തുണയും മോട്ടറോള ഉറപ്പാക്കിയിട്ടുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐയിൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ പതിവ് സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിനായി മോട്ടറോള വാഗ്ദാനം ചെയ്യുന്നുണ്ട്. 6.7 ഇഞ്ച് 1.5 കെ പി-ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനായി ഒരുക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലേയ്ക്ക് 2,000 നിറ്റ്‌സ് പീക്ക് തെളിച്ചം, 144Hz പുതുക്കൽ നിരക്ക്, 360Hz ടച്ച് സാമ്പിൾ നിരക്ക് എന്നിവ അവകാശപ്പെടാനുണ്ട്.
HDR10+ പിന്തുണയും ഈ ഡിസ്പ്ലേയുടെ സവിശേഷതയാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ ഫോണിന് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ഒഐഎസ് പിന്തുണയുള്ള 50 എംപി ലെൻസാണ് ഇതിന്റെ പ്രൈമറി ക്യാമറ. 13 എംപി അൾട്രാവൈഡ് മാക്രോ വിഷൻ ക്യാമറ, 10 എംപിയുടെ ടെലിഫോട്ടോ ഷൂട്ടർ എന്നിവയാണ് മറ്റ് ക്യാമറകൾ. ഫോണിന്റെ ഫ്രണ്ട് ക്യാമറയാകട്ടെ 50 എംപിയാണ്.


Click it and Unblock the Notifications








