സാംസങ്ങിന്റെ കച്ചവടം പൂട്ടിക്കുമോ? ആദ്യ എഐ ഫോൺ പുറത്തിറക്കാൻ മോട്ടറോള, കുറഞ്ഞ വില പ്രതീക്ഷിക്കാം
വളരെപ്പെട്ടെന്ന് ആയിരുന്നു മൊബൈൽ ഫോണുകളിൽ നിന്ന് സ്മാർട്ട് ഫോണുകളിലേക്ക് ഉള്ള വളച്ച. ഇന്ന് ഇപ്പോൾ എല്ലാത്തരം ഉപയോക്താക്കളുടെ പക്കലും സ്മാർട്ട് ഫോണുകൾ ഉണ്ട്. എന്നാൽ ഇപ്പോൾ ഇതാ സ്മാർട്ട് ഫോണുകളും പതിയെ മാറി തുടങ്ങുകയാണ്. ഇനി ജനപ്രിയമാകുന്നത് എഐ ഫോണുകൾ ആണ്.
എഐ അത്രയും അധികം ജനങ്ങളെ സ്വാധീനിച്ചിരിക്കുകയാണ്. ഗൂഗിൾ ആണ് ആദ്യമായി എഐ ഫോണുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഗൂഗിൾ പുറത്തിറക്കിയ പിക്സൽ 8 സീരീസ് ഫോണുകളിൽ ആണ് ഗൂഗിൾ എഐ ഫീച്ചറുകൾ നൽകിയിത്. ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരുന്നു ഈ സീരീസിൽ ഉണ്ടായിരുന്നത്. ഇതിന് ശേഷം ഈ വർഷം ആദ്യം സാംസങ്ങും തങ്ങളുടെ ആദ്യ എഐ ഫോണുകൾ പുറത്തിറക്കി.

സാംസങ് ഗാലക്സി എസ് 24 സീരീസ് ഫോണുകൾക്ക് ആണ് സാംസങ് ആദ്യമായി എഐ ഫീച്ചറുകൾ നൽകിയത്. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആണ് ഈ സീരീസിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ മാർച്ച് മാസം മുതൽ സാംസങ്ങിന്റെ ഗാലക്സി എസ് 23 സീരീസ് ഫോണുകൾക്കും ചില ടാബുകൾക്കും എഐ ഫീച്ചർ ലഭിക്കും എന്നും സാംസങ് അറിയിച്ചു.
ഗാലക്സി ടാബ് 9 സീരീസിലെ ഉപകരണങ്ങൾക്കാണ് സാംസങ് എഐ ഫീച്ചറുകൾ നൽകുക. ഇതിന് പുറമെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്സി ഇസെഡ് ഫോൾഡ് 5, ഫ്ലിപ്പ് 5 എന്നീ ഫോണുകൾക്കും സാംസങ് എഐ ഫീച്ചറുകൾ നൽകുന്നതായിരിക്കും. അതേ സമയം ചൈനയിലെ തിരഞ്ഞെടുത്ത മോഡലുകളിൽ എഐ ഫീച്ചറുകൾ അവതരിപ്പിക്കും എന്ന് വൺപ്ലസും ഓപ്പോയും നേരത്തെ അറിയിച്ചിരുന്നു. ഇത്തരത്തിൽ ഓരോ ദിവസവും എഐ ഫീച്ചറുകൾ ഫോണിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

അതിനിടെ തങ്ങളുടെ ആദ്യ എഐ ഫോൺ പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ മോട്ടറോള രംഗത്ത് വന്നു. മോട്ടറോള എക്സ് 50 അൾട്രയിൽ ആയിരിക്കും കമ്പനി എഐ ഫീച്ചറുകൾ നൽകുക. ഫോർമുല 1 കാറുകളുടെ വേഗതയോട് ഉപമിച്ചാണ് മോട്ടറോള ഈ ഫോണിന്റെ ടീസർ പുറത്ത് വിട്ടത്. ഫോർമുല വണ്ണുമായുള്ള സഹകരണവും മോട്ടറോള പുതിയ ഫോണിൽ ഉറപ്പാക്കിയിട്ടുണ്ട്. ആദ്യം ചൈനയിൽ ലോഞ്ച് ചെയ്ത് ശേഷമായിരിക്കും ഈ ഫോൺ ആഗോളതലത്തിൽ എത്തുക.
നിരവധി എഐ ഫീച്ചറുകൾ ഈ ഫോണിന് അവകാശപ്പെടാനുണ്ട് എന്ന് ടീസറിൽ മോട്ടറോള പറയുന്നു. ഈ വർഷം തന്നെ ഈ ഫോൺ പുറത്തിറങ്ങും എന്നാണ് സൂചന. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഏപ്രിൽ മാസത്തിലായിരിക്കും ഈ ഫോണിന്റെ ലോഞ്ച് എന്നാണ്. ഈ മാസം ആണ് ഫോർമുല 1 റേസ് നടക്കുക. ലെതറെറ്റ് ബാക്ക് നിറത്തിലുള്ള ഒരു ഫോണിന്റെ ചിത്രത്തോടെയാണ് മോട്ടറോള തങ്ങളുടെ എക്സ് 50 അൾട്രയുടെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്.
അതേ സമയം ഈ ഫോണിനെക്കുറിച്ചുള്ള ചില ചോർച്ചാ റിപ്പോർട്ടുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇത് പരിശോധിക്കുമ്പോൾ സ്നാപ്ഡ്രാഗൺ 8 ജെൻ 3 അല്ലെങ്കിൽ മീഡിയാടെക് ഡൈമൻസിറ്റി 9300 SoC ആയിരിക്കും ഈ ഫോണിന്റെ ചിപ്സെറ്റ് എന്നാണ് സൂചിപ്പിക്കുന്നത്. 125W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4500 എംഎഎച്ച് ബാറ്ററിയും ഈ ഫോണിൽ ഉണ്ടായിരിക്കും എന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേ സമയം മോട്ടറോള എഡ്ജ് 50 സീരീസ് എന്ന റീബ്രാൻഡ് പതിപ്പിൽ ആയിരിക്കാം ഈ ഫോൺ ഇന്ത്യയിൽ എത്തുക എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ ഏറെ പ്രചാരം ലഭിച്ച മോട്ടറോളയുടെ എഡ്ജ് സീരീസ് ആയിരുന്നു 40 സീരീസ് ഫോണുകൾ. ഈ ഫോണുകളുടെ പിൻഗാമി ആയി പുതിയ ഫോണുകളെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് മോട്ടറോള പദ്ധതി ഇടുന്നത്. ഈ ഫോണുകൾ സാംസങ്ങിന്റെ എഐ ഫോണുകൾക്ക് ഭീഷണി ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








