കാഴ്ചയില്ലാത്തവർക്കും ഇനി കണ്ണ് കാണാം; ന്യൂറാലിങ്ക് പണി തുടങ്ങിയെന്ന് ഇലോൺ മസ്ക്
ന്യൂറാലിങ്കിന്റെ പുതിയ ലക്ഷ്യം പങ്കുവെച്ച് സ്ഥാപകനായ ഇലോൺ മസ്ക്. കാഴ്ച ഇല്ലാത്തവർക്ക് കാഴ്ച നൽകാൻ സാധിക്കുന്ന ഒരു ചിപ്സെറ്റ് കണ്ടുപിടിയ്ക്കാനാണ് കമ്പനി അടുത്തതായി ശ്രമിക്കുന്നത് എന്നാണ് മസ്ക് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ശരീര ഭാഗങ്ങൾ തളർന്നവരുടെ തലച്ചോറിൽ ചിപ്പ് നൽകി കമ്പ്യൂട്ടർ ഉപകരണങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യ ഇവർ വികസിപ്പിച്ചിരുന്നു.
ഇതിന്റെ ഫലമായി ശരീരം തളർന്ന ഒരാൾ കമ്പ്യൂട്ടർ നിയന്ത്രിച്ച് ചെസ് കളിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എക്സ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ഈ വീഡിയോ വൈറലായിരുന്നു. ടെലിപതി എന്നാണ് ഈ ചിപ്സെറ്റിന് ന്യൂറാലിങ്ക് നൽകിയിരിക്കുന്ന പേര്. നിലവിൽ ഈ പദ്ധതി ഒരു പരുധിവരെ വിജയം കണ്ടു എന്ന് വേണം പറയാൻ. എന്നിരുന്നാലും ഇനിയും നിരവധി പഠനങ്ങൾ ഇതിനായി പൂർത്തിയാക്കാനുണ്ട്.

MOST READ: വളരെ എളുപ്പത്തിൽ സ്വന്തമാക്കാം ബ്ലൂ ആധാർ കാർഡ്; ഗുണങ്ങളും നിരവധിയുണ്ട്
ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്ക് രംഗത്ത് വന്നിരിക്കുന്നത്. ഒരു ഉപയോക്താക്കവ് എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിന് കമന്റ് എന്ന നിലയിലാണ് മസ്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാഴ്ച ഇല്ലാത്തവരെ സഹായിക്കാൻ ന്യൂറാലിങ്ക് ഇടപെടണം എന്ന തരത്തിലുള്ള പോസ്റ്റ് ആയിരുന്നു ഒരു ഉപയോക്താവ് പങ്കുവെച്ചത്. ഈ പോസ്റ്റിന് ആയിരുന്നു മസ്ക് കമന്റിട്ടത്. ന്യൂറാലിങ്കിന്റെ അടുത്ത ഉല്പന്നം അന്ധരായവര്‍ക്ക് കാഴ്ച നല്‍കുന്നതായിരിക്കും എന്നായിരുന്നു മസ്കിന്റെ മറുപടി.
ബ്ലൈന്റ് സെറ്റ് എന്നായിരിക്കും ഈ ചിപ്പിന് ന്യൂറോലിങ്ക് നൽകുന്ന പേര്. അതേ സമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോ ഇതിനോടകം തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ചിന്തകളിലൂടെ കംപ്യൂട്ടര്‍ നിയന്ത്രിക്കാൻ സഹായിക്കാൻ ന്യൂറാലിങ്കിന്റെ ടെലിപതി എന്ന ബ്രെയിൻ ചിപ്പിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആയിരുന്നു ഈ ബ്രെയിൻ ചിപ്പ് ആളുകളിൽ പരീക്ഷിക്കാൻ ന്യൂറാലിങ്കിന് അനുമതി ലഭിച്ചത്.

ഇതിന്റെ ഭാഗമായി വൈകല്യം സംഭവിച്ച നിരവധി ആളുകളെ ന്യൂറാലിങ്ക് സമീപിച്ചിരുന്നു. തുടർന്ന് ജനുവരി മാസത്തിലാണ് ന്യൂറാലിങ്ക് ആദ്യ സർജറി ചെയ്തത്. ഇയാൾക്ക് ചിന്തകളിലൂടെ കംപ്യൂട്ടര്‍ മൗസ് നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ട് എന്ന് മസ്ക് ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. നോളണ്ട് ആര്‍ബോ എന്നാണ് ചിപ്പ് സ്വീകരിച്ച വ്യക്തിയുടെ പേര്. ഇയാൾ കമ്പ്യൂട്ടറിൽ ഗെയിം കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ട് ഇരിക്കുന്നത്.
ഈ വീഡിയോയിൽ മൗസ് പോയിന്റ് ചലിക്കുന്നത് അടക്കം കാണാൻ സാധിക്കുന്നതാണ്. ന്യൂറോലിങ്കിന്റെ ടെലിപതിയാണ് തനിക്ക് ജീവിതം തിരിച്ച് നൽകിയെന്ന് അർബോ പറയുന്നുണ്ട്. എട്ട് വർഷം മുമ്പ് നടന്ന ഒരു അപകടത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. നട്ടെല്ലിന് ഏറ്റ പരിക്കാണ് ശരീരം തളരാൻ ഉണ്ടായ കാരണം.
ജനുവരിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ദിവസം കൊണ്ട് തന്നെ ആശുപത്രി വിട്ടെന്നും വളരെ എളുപ്പത്തിൽ തന്നെ ഈ ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിച്ചെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ ഈ സാങ്കേതിക വിദ്യയ്ക്ക് ഇനിയും പരിക്ഷണം ആവിശ്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ടെലിപതി പല രോഗികളുടെ തലച്ചോറിൽ ചേർത്ത് വെച്ചിരിക്കുന്നത്. വരുന്ന നാളുകളിൽ ഈ മേഖലയിൽ വലിയ വളർച്ച പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications







