അടുത്ത ആഴ്ചയാണ് ലോഞ്ച്, വില ഇപ്പോഴെ ചോർന്നു; മികച്ച ക്യാമറകളുമായി വൺപ്ലസ് 12 എത്തുന്നു
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് പുതിയ വർഷത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഫോണാണ് വൺപ്ലസ് 12 സീരീസ് ഫോണുകൾ. വൺപ്ലസ് 12, വൺപ്ലസ് 12 ആർ എന്നീ ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. ഈ ജനുവരി 23ന് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
അടുത്തിടെ ചൈനയിൽ അവതരിപ്പിച്ച അതേ മോഡൽ ഫോണുകൾ തന്നെയായിരിക്കും കമ്പനി ഇന്ത്യയിലും അവതരിപ്പിക്കുക. ചൈനയിൽ നിന്ന് മികച്ച അഭിപ്രായം ആയിരുന്നു ഈ ഫോണുകൾക്ക് ലഭിച്ചത്. വൺപ്ലസ് 11 സീരീസിന്റെ പിൻഗാമികൾ എന്ന നിലയ്ക്ക് ആയിരിക്കും പുതിയ ഫോണുകളെ കമ്പനി അവതരിപ്പിക്കുന്നത്. വൺപ്ലസ് 11നെ അപേക്ഷിച്ച് പുതിയ ഫോണുകൾക്ക് വില കൂടുതൽ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

MOST READ: ഇനി ദിവസങ്ങൾ മാത്രം, ഐഫോണിന് അടക്കം വൻ ഡിസ്കൗണ്ടുമായി ആമസോണിന്റെ റിപ്പബ്ലിക്ക് ഡേ സെയിൽ
പുതിയ ഫോണിന്റെ വിലയെക്കുറിച്ചുള്ള ചില ചോർച്ചാ റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പ്രകാരം വൺപ്ലസ് 12 ആറിന്റെ വില 499 യുഎസ് ഡോളർ ആയിരിക്കും അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 35,000 രൂപ. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മറ്റൊരു പതിപ്പും ഈ മോഡലിൽ വൺപ്ലസ് പുറത്തിറക്കുന്നുണ്ട്.
599 യുഎസ് ഡോളർ (ഏകദേശം 42,000 രൂപ) ആണ് ഇതിന്റെ വില. വൺപ്ലസ് 12ന്റെ വില പരിശോധിക്കുമ്പോൾ 799 യുഎസ് ഡോളർ (ഏകദേശം 66,400 രൂപ) ആണ് ഇതിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് സ്വന്തമാക്കാൻ മുടക്കേണ്ടത്. 16 ജിബി റാം 512 ജിബി സ്റ്റോറേജിൽ മറ്റൊരു വേരിയന്റും വൺപ്ലസ് 12ന് ഉണ്ടായേക്കും ഇതിന്റെ വില പ്രതീക്ഷിക്കുന്നത് 899 യുഎസ് ഡോളർ (ഏകദേശം 74,000 രൂപ) ആണ്.

56,999 രൂപയായിരുന്നു വൺപ്ലസ് 11ന്റെ ഇന്ത്യയിലെ ലോഞ്ച് വില. 10,000 രൂപയോളം വർധനവാണ് പുതിയ ഫോണിന് പ്രതീക്ഷിക്കുന്നത്. അതേ സമയം വൺപ്ലസ് 12ന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമായിരിക്കും എന്ന് പരിശോധിക്കാം. Snapdragon 8 Gen 3യുടെ കരുത്ത് വൺപ്ലസ് 12ന് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഫോണിന്റെ പെർഫോമൻസിനെ നല്ല രീതീയിൽ ബൂസ്റ്റ് ചെയ്യും എന്നാണ് കരുതുന്നത്. പല ഫീച്ചറുകളിലും എഐ സവിശേഷതകൾ കൊണ്ടുവരാനും വൺപ്ലസ് ശ്രമിച്ചേക്കാം.
6.82 ഇഞ്ച് വലുപ്പമുള്ള ക്യൂഎച്ച്ഡി പ്ലസ് LTPO AMOLED ഡിസ്പ്ലേയാണ് ഈ ഫോണിനായി വൺപ്ലസ് തയ്യാറാക്കിയിരിക്കുന്നത്. 120Hz വരെ റീഫ്രഷ് റെയ്റ്റും ഈ ഡിസ്പ്ലേയ്ക്ക് ആവകാശപ്പെടാൻ ഉണ്ടായിരിക്കുന്നതാണ്. 4,500 നിറ്റ്സ് ആണ് ഈ സ്ക്രീനിന്റെ ഏറ്റവും ഉയർന്ന തെളിച്ചം. ഇത്രയും ഉയർന്ന തെളിച്ചം വാഗ്ദാനം ചെയ്യുന്ന വളരെ കുറച്ച് ഫോണുകൾ മാത്രമാണ് ഇന്ന് വിപണിയിൽ ഉള്ളത്. തുറസായ സ്ഥലത്ത് ഫോൺ മികച്ച രീതീയിൽ ഉപയോഗിക്കാൻ ഇത് സഹായിക്കും.
ഡോൾബി വിഷൻ, 10-ബിറ്റ് കളർ ഡെപ്ത്, പ്രോ XDR എന്നിവയും ഈ ഡിസ്പ്ലേയുടെ ഫീച്ചറുകളാണ്. ഡിസ്പ്ലേ മേറ്റിൽ നിന്ന് എ പ്ലസ് സർട്ടിഫിക്കറ്റും ഈ ഡിസ്പ്ലേയ്ക്ക് ലഭിച്ചിട്ടുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിനായി വൺപ്ലസ് ഒരുക്കിയിരിക്കുന്നത്. OIS പിന്തുണയുള്ള 50 എംപിയാണ് ഇതിന്റെ പ്രധാമിക ക്യാമറ. 3x ഒപ്റ്റിക്കൽ സൂം ഉള്ള 64 എംപി പെരിസ്കോപ്പ് ക്യാമറയും ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നു.
ഫോണിന്റെ അൾട്രാ വൈഡ് ക്യാമറ 48 എംപിയാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വൺപ്ലസ് നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറയാകട്ടെ 32 എംപിയാണ്. വയർലെസ് ആയി 50W വയർഡ് ആയി 100W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,400 mAh ബാറ്ററിയും വൺപ്ലസ് 12നായി കമ്പനി നൽകിയിരിക്കുന്നു. 26 മിനിറ്റിനുള്ളിൽ തന്നെ ചാർജ് 0 ശതമാനത്തിൽ നിന്ന് 100 ശതമാനമായി കയറും എന്നും വൺപ്ലസ് അവകാശപ്പെടുന്നു.


Click it and Unblock the Notifications








