ആരാധകർക്ക് വൻ സർപ്രൈസ് ഒരുക്കി വൺപ്ലസ്; ജനുവരിയിൽ ഒന്നിന് പകരം രണ്ട് ഫോണുകൾ എത്തിക്കും
2024 സ്മാർട്ട് ഫോൺ വിപണിയിൽ മികച്ച വർഷം ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വർഷത്തിന്റെ ആദ്യ മാസം തന്നെ സാംസങ് ഗാലക്സി എസ് 24 അൾട്ര ഉൾപ്പെടെ നിരവധി സ്മാർട്ട് ഫോണുകൾ അവതരിക്കുന്നതായിരിക്കും. വിവോ, റെഡ്മി, വൺപ്ലസ് തുടങ്ങി മുൻനിര ഫോൺ നിർമ്മാതാക്കളെല്ലാം ജനുവരി മാസം തന്നെ തങ്ങളുടെ പുതിയ ഫോൺ അവതരിപ്പിക്കുന്നുണ്ട്.
ഗാലക്സി എസ് 24 സീരീസ് ഫോണുകളാണ് സാംസങ് അവതരിപ്പിക്കുന്നത്. എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരിക്കുക. എക്സ്100 സീരീസ് ഫോണുകളാണ് വിവോ അവതരിപ്പിക്കുക. വിവോ എക്സ്100, വിവോ എക്സ്100 പ്രോ എന്നീ ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. പ്രീമിയം ഫോണുകളുടെ ക്യാറ്റഗറിയിൽ ആയിരിക്കും ഈ ഫോണുകൾ എത്തുന്നത്. നിലവിൽ ഈ ഫോണുകൾ ചൈനയിൽ ലഭ്യമാണ്.

നോട്ട് 13പ്രോ പ്ലസുമായി ഷവോമിയും ജനുവരിയിൽ വരവറിയിക്കും. ജനുവരി 4ന് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഷവോമി ഇന്ത്യ അറിയിച്ചിരിക്കുന്നത്. എസ്യൂസിന്റെ ആർഒജി ഫോൺ 8 ആണ് അടുത്ത വർഷം ആദ്യമെത്തുന്ന മറ്റൊരു ഫോൺ. ഗെയിമർമാരെ ലക്ഷ്യമിട്ടാണ് എസ്യൂസ് ഈ ഫോൺ തയ്യാറാക്കിയിരിക്കുന്നത്. വൺപ്ലസും വർഷാരംഭത്തെ പോരാട്ടത്തിൽ അണി നിരക്കുന്നുണ്ട്. ജനുവരി 23ന് വൺപ്ലസ് 12 അവതരിപ്പിച്ചുകൊണ്ട് ആയിരിക്കും കമ്പനി പോരാട്ടത്തിന് ഇറങ്ങുന്നത്.
അതേ സമയം മറ്റൊരു ഫോൺ കൂടി വൺപ്ലസ് ജനുവരി മാസത്ത് പുറത്തിറക്കും എന്നും സൂചനയുണ്ട്. വൺപ്ലസ് എയ്സ് 3 എന്ന മോഡൽ ആയിരിക്കും കമ്പനി അവതരിപ്പിക്കുക. ചൈനയിൽ മാത്രമായിരിക്കും ഇപ്പോൾ ഈ ഫോൺ അവതരിപ്പിക്കുക. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറക്കിയ വൺപ്ലസ് എയ്സ് 2വിന്റെ പിൻഗാമി എന്ന നിലയ്ക്കാണ് കമ്പനി പുതിയ ഫോണിനെ അവതരിപ്പിക്കുന്നത്. പുതിയ ഫോണിന്റെ ചില സവിശേഷതകളും പുറത്ത് വന്നിട്ടുണ്ട്.

ചൈനയിലെ ഒരു പ്രമുഖ ടിപ്സ്റ്ററാണ് ഫോണിന്റെ ലോഞ്ച് കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഫോണിന്റെ ചില സവിശേഷതകളും ഇദ്ദേഹം പങ്കുവെച്ചിട്ടിണ്ട് ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 1.5 കെ റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് BOE X1 ഓറിയന്റൽ OLED LTPO ഡിസ്പ്ലേയാണ് വൺപ്ലസ് എയ്സ് 3യിൽ ഇടം പിടിച്ചിരിക്കുന്നത്. ഇവ 2,160Hz ഡിമ്മിംഗ് നിരക്കും 4,500 nits തെളിച്ചവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫോണിന്റെ ക്യാമറ കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള 50 എംപി സെൻസർ ആണ് പ്രൈമറി ലെൻസായി വരുന്നത്. മറ്റ് കാമറകൾ ഉണ്ടാകുമോ എന്ന് വ്യക്തതയില്ല. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 16 എംപി ആയരിക്കാനും സാധ്യതയുണ്ട്. നീല, ചാര, സ്വർണ്ണ നിറങ്ങളിൽ ആയിരിക്കും ഫോൺ പുറത്തിറങ്ങാൻ സാധ്യതയെന്നും ടിപ്സ്റ്റർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഗ്ലാസ് ബോഡിയും മെറ്റാലിക് മിഡ് ഫ്രൈയിമിലും ആണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ഫോണിന്റെ ബാറ്ററി വിഭാഗം പരിശോധിക്കുമ്പോൾ കരുത്തുറ്റ ബാറ്റിയാണ് വൺപ്ലസ് ഈ ഫോണിനായി തയ്യാറാക്കിയിരിക്കുന്നത്. 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500mAh ബാറ്ററി ആയിരിക്കും ഈ ഫോണിൽ ഇടം പിടിയ്ക്കുക. അതേ സമയം ഇക്കാര്യങ്ങൾ ഒന്നും വൺപ്ലസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ടിപ്സ്റ്റർ പുറത്ത് വിട്ട വിവരങ്ങൾ മാത്രമാണ് ഇവ.
എന്നാൽ വൺപ്ലസ് 12 ഈ ജനുവരി 23ന് ആഗോള തലത്തിൽ അവതരിപ്പിക്കുമെന്ന് വൺപ്ലസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നേരത്തെ ചൈനയിൽ അവതരിപ്പിച്ച അതേ പതിപ്പ് തന്നെ ആയിരിക്കും വൺപ്ലസ് ആഗോള തലത്തിൽ എത്തിക്കുക. ഫോണിന്റെ സവിശേഷതകൾ വൺപ്ലസ് തന്നെ പുറത്ത് വിട്ടിട്ടുണ്ട്. നിരവധി ഫോണുകൾ ജനുവരിയിൽ എത്തുന്നതിനാൽ വിപണിയിൽ കടുത്ത മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








