ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
എപ്രിൽ മാസം ആദ്യം വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇരിക്കുന്ന ഫോൺ ആണ് വൺപ്ലസ് നോർഡ് സിഇ 4. എപ്രിൽ ഒന്നിന് തന്നെ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫോൺ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ ഫോണിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
പ്രമുഖ ടിപ്സ്റ്ററായ അഭിഷേക് യാദവ് ആണ് എക്സ് (ട്വിറ്റർ) അക്കൗണ്ട് വഴി ഈ വിവരങ്ങൾ പുറത്ത് വിട്ടത്. ഫോണിന്റെ വിലയ്ക്ക് പുറമെ ചില ഫീച്ചറുകളും ഇദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. വൺപ്ലസ് നോർഡ് സിഇ 4യുടെ വില പരിശോധിക്കുമ്പോൾ 24,999 രൂപ മുതൽ ഈ ഫോണിന്റെ വില ആരംഭിക്കുക എന്നാണ് അഭിഷേക് യാദവ് അവകാശപ്പെടുന്നത്. ഫോണിന്റെ അടിസ്ഥാന വേരിയന്റിനാണ് ഈ വില.

8 ജിബി റാം 128 ജിബി സ്റ്റോറേജ് ആയിരിക്കും ഈ അടിസ്ഥാന വേരിയന്റിന് അവകാശപ്പെടാനുണ്ടാകുക. ഇതിന് പുറമെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിൽ മറ്റൊരു പതിപ്പും വൺപ്ലസ് നോർഡ് സിഇ 4ന് ഉണ്ടായിരിക്കുന്നതാണ്. 26,999 രൂപ ആയിരിക്കും ഈ പതിപ്പിന്റെ വില എന്നും ഇദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ ഈ വിലകൾ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്ന കാര്യം വായനക്കാർ ശ്രദ്ധിക്കേണ്ടതാണ്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് സിഇ 3 എന്ന ഫോണിന്റെ പിൻഗാമി എന്ന നിലയ്ക്കാണ് വൺപ്ലസ് പുതിയ ഫോണിനെ വിപണിയിൽ എത്തിക്കുന്നത്. വൺപ്ലസ് നോർഡ് സിഇ 3യുടെ വില ആരംഭിച്ചത് 26,999 രൂപ മുതൽ ആയിരുന്നു. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിനായിരുന്നു ഈ വില. ഇതിന് പുറമെ 12 ജിബി റാം 128 ജിബി സ്റ്റോറേജിന്റെ മറ്റൊരു വേരിയന്റും വൺപ്ലസ് അവതരിപ്പിച്ചിരുന്നു.

28,999 രൂപ ആയിരുന്നു ഈ പതിപ്പിന്റെ വില. വൺപ്ലസ് നോർഡ് സിഇ 3യിൽ നിന്നും നിരവധി അപ്ഡേറ്റുകളുമായിട്ട് ആയിരിക്കും നോർഡ് സിഇ 4 പുറത്തിറങ്ങുക. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്. ഈ സ്ക്രീനിന് 120 Hz പുതുക്കൽ നിരക്കും 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും അവകാശപ്പെടാൻ സാധിക്കുന്നതായിരിക്കും.
ഏറ്റവും പുതിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്പ്സെറ്റ് ആയിരിക്കും വൺപ്ലസ് നോർഡ് സിഇ 4ന് കരുത്ത് നൽകുക. 8 ജിബി വരെ LPDDR4x റാം ആണ് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഉപയോഗിക്കാത്ത സ്റ്റോറേജിൽ നിന്ന് 8 ജിബി വരെ വെർച്വൽ റാമായി ഉപയോഗിക്കാനുള്ള സൗകര്യവും ഈ ഫോണിൽ ഉണ്ടായിരിക്കുന്നതാണ്. 100W SUPERVOOC ഫാസ്റ്റ് ചാർജിങ്ങിനെയും ഈ ഫോൺ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്.
വെറും 29 മിനിറ്റുള്ളിൽ തന്നെ പൂജ്യം ശതമാനത്തിൽ നിന്ന് 100 ശതമാനമായി ചാർജ് കയറാൻ ഈ സാങ്കേതിക വിദ്യ സഹായിക്കുന്നതായിരിക്കും. ഫോണിൽ പായ്ക്ക് ചെയ്യാൻ സാധ്യതയുള്ള ബാറ്ററിയുടെ ശേഷി 5,500 mAh ആയിരിക്കും എന്നും ചില ലീക്കഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് ആണ് മറ്റൊരു ആകർഷണം. ഡ്യൂവൽ ക്യാമറ സിസ്റ്റമാണ് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
ഇതിലെ പ്രൈമറി ക്യാമറയായി സോണിയുടെ LYT-600 സെൻസർ ആണ് പ്രതീക്ഷിക്കുന്നത്. ഇതിന് 50 എംപി ശേഷി ഉണ്ടാകും എന്നും കരുതുന്നു. മാത്രമല്ല ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ്റെ പിന്തുണയും ഈ ലെൻസിന് അവകാശപ്പെടാൻ സാധിച്ചേക്കും. 8 എംപി ആയിരിക്കും ഫോണിന്റെ സെക്കന്ററി ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വൺപ്ലസ് നോർഡ് സിഇ 4ൽ സ്ഥാനം പിടിച്ചിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപിയുടേത് ആയിരിക്കും.


Click it and Unblock the Notifications








