വൺപ്ലസ് നോർഡ് സിഇ4 എത്തി; ഇനി മത്സരം കനക്കും, 25000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച ഫോണേത്?
ഇന്നലെയാണ് വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ വൺപ്ലസ് നോർഡ് സിഇ 4 ഇന്ത്യയിൽ അവതരിപ്പിച്ചത്. 24,999 രൂപ പ്രാരംഭവിലയിൽ ആണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില വരുന്നത്. മികച്ച ഫീച്ചറുകളും ഈ ഫോണിനായി വൺപ്ലസ് ഒരുക്കിയിരിക്കുന്നു.
അതേ സമയം നത്തിങ്ങിന്റെ ഫോൺ 2എ, റിയൽമിയുടെ 12 പ്രോ എന്നീ ഫോണുകൾ ആയിരിക്കും പ്രധാനമായും വൺപ്ലസ് നോർഡ് സിഇ 4നോട് മത്സരിക്കുക. ഈ വിഭാഗത്തിൽ കനത്ത മത്സരം നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മൂന്ന് ഫോണുകളിൽ ഏത് ഫോൺ ആണ് ഏറ്റവും മികച്ചത് എന്ന് എങ്ങനെ കണ്ടുപിടിയ്ക്കും. ഇതിനായി ഗിസ്ബോട്ട് മലയാളം നിങ്ങളെ സഹായിക്കുന്നതാണ്. 25,000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച ഫോൺ ഏതെന്ന് പരിശോധിക്കാം.

മൂന്ന് ഫോണുകളുടെയും ഡിസ്പ്ലേ വലുപ്പം 6.7 ഇഞ്ചാണ്. ഇവയെല്ലാം തന്നെ ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി സ്ക്രീൻ ആണ്. എന്നാൽ മൂന്ന് ഫോണുകൾക്കും മൂന്ന് വ്യത്യസ്ത പ്രോസസർ ആണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. Qualcomm Snapdragon 7 Gen 3 SoC ആണ് വൺപ്ലസ് നോർഡ് സിഇ 4ന് കരുത്ത് നൽകുന്നത്. ആയതിനാൽ തന്നെ പെർഫോമൻസിന്റെ കാര്യത്തിൽ ഈ ഫോൺ ആയിരിക്കും മുൻപന്തിയിൽ നിൽക്കുന്നത്.
നത്തിങ് ഫോൺ 2എയ്ക്ക് Qualcomm Snapdragon 6 Gen 1 SoC പ്രോസസറും റിയൽമി 12 പ്രോയ്ക്ക് MediaTek Dimensity 7200 Pro SoC പ്രോസസറും ആണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. വൺപ്ലസ് നോർഡ് സിഇ 4 ആയി താരതമ്യം ചെയ്യുമ്പോൾ ഈ ഫോണുകളുടെ പെർഫോമൻസ് അൽപം താഴ്ന്നാണ് നിൽക്കുന്നത്. അതേ സമയം മൂന്ന് ഫോണുകളും ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്‌സിൽ ആണ് പ്രവർത്തിക്കുന്നത്.

ബാറ്ററിയുടെ കാര്യത്തിലും മൂന്ന് ഫോണുകൾ ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ മികച്ച ബാറ്ററികൾ തങ്ങളുടെ ഫോണുകൾക്ക് നൽകിയിരിക്കുന്നു. അതേ സമയം ക്യാമറാ ഫീച്ചറുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് റിയൽമി 12 പ്രോയാണ്. ഒഐഎസ് പിന്തുണയുള്ള 50 എംപി സോണി ഐഎംഎക്സ് 882 ആണ് പ്രൈമറി സെൻസർ ആയി റിയൽമി 12 പ്രോയിൽ നൽകിയിരിക്കുന്നത്. 8 എംപി സോണി IMX355 അൾട്രാവൈഡ് ഷൂട്ടറും ഈ ഫോണിൽ നൽകിയിരിക്കുന്നു.
ഇതിന് പുറമെ 32 എംപി സോണി IMX709 പോർട്രെയിറ്റ്-ടെലിഫോട്ടോ ലെൻസും റിയൽമി 12 പ്രോയുടെ പ്രത്യേകതയാണ്. 16 എംപിയാണ് ഫോണിന്റെ സെൽഫി ക്യാമറ. വൺപ്ലസ് നോർഡ് സിഇ 4യിൽ ആകട്ടെ 50 എംപി ഡ്യുവൽ ക്യാമറ സിസ്റ്റമാണ് വൺപ്ലസ് നൽകിയിരിക്കുന്നത്. ഒഐഎസ് പിന്തുണയുള്ള 50 എംപി Sony LYT-600 സെൻസറാണ് പ്രൈമറി ക്യാമറയായി വൺപ്ലസ് നൽകിയിരിക്കുന്നത്. 8 എംപി Sony IMX355 അൾട്രാവൈഡ് ലെൻസും ഈ ഫോണിലുണ്ട്.
16 എംപിയാണ് വൺപ്ലസ് നോർഡ് സിഇ 4ന്റെ സെൽഫി ഷൂട്ടർ. അതേ സമയം നത്തിങ് ഫോൺ 2എയുടെ ക്യാമറകൾ ശരാശരി പ്രകടനം മാത്രമാണ് കാഴ്ച വെയ്ക്കുന്നത് എന്നാണ് ഉപയോക്താക്കൾ പരാതിപ്പെടുന്നത്. ഇതിൽ ഏത് ഫോൺ നിങ്ങൾ സ്വന്തമാക്കണം എന്നത് നിങ്ങളുടെ ഉപയോഗം അനുസരിച്ചാണ് തിരഞ്ഞെടുക്കേണ്ടതാണ്. മികച്ച പെർഫോമൻസാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ വൺപ്ലസ് നോർഡ് സിഇ 4 ആയിരിക്കും നിങ്ങൾക്ക് ഏറ്റവും അനുയോജ്യം.
ഭേദപ്പെട്ട ക്യാമറ ഫീച്ചറുകളും മികച്ച ബാറ്ററി ലൈഫും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. മികവുറ്റ ഡിസൈൻ, ഡിസ്പ്ലേ ഫീച്ചറുകൾ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ നത്തിങ് ഫോൺ 2എ ആയിരിക്കും നിങ്ങൾക്ക് ഏറ്റവും അനുയോജ്യം. ചാർജിംഗ് അഡാപ്റ്റർ ഈ ഫോണിനൊപ്പം പായ്ക്ക് ചെയ്യുന്നുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ക്യാമറാ ഫീച്ചറുകൾക്കാണ് നിങ്ങൾ പ്രാധാന്യം നൽകുന്നത് എങ്കിൽ റിയൽമി 12 പ്രോ ആയിരിക്കും നിങ്ങൾക്ക് യോജിച്ച ഫോൺ.


Click it and Unblock the Notifications








