പച്ചക്കറി കച്ചവടക്കാരൻ ഓൺലൈനിൽ തട്ടിപ്പ് ആരംഭിച്ചു; ആറ് മാസത്തിൽ സമ്പാദിച്ചത് 21 കോടി
നാട്ടിൽ പച്ചക്കറി വിറ്റുനടന്ന 27കാരനായ യുവാവ് ഓൺലൈൻ തട്ടിപ്പിലൂടെ നേടിയെടുത്തത് 21 കോടിയോളം രൂപ. ഗുരുഗ്രാമിൽ നിന്നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനിൽ ആളുകൾക്ക് വർക്ക് ഫ്രം ഹോം വാഗ്ദാനം ചെയ്താണ് ഇയാൾ ഈ തട്ടിപ്പുകൾ നടത്തിയിരിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഗുരുഗ്രാം സെക്ടർ 9-ൽ താമസിക്കുന്ന റിഷഭ് എന്ന യുവാവാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരിക്കുന്നത്. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനോടകം തന്നെ 37ഓളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ആകെ മൊത്തം 850-തിൽ അധികം തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ബാങ്ക് വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

MOST READ: സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കായി ചില 'എമർജൻസി' അറിവുകൾ
തുടർന്നാണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇയാൾ ആദ്യം ഫരീദാബാദിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന ആളായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പിന്നീട് രാജ്യത്ത് കോവിഡ് ബാധിച്ച സാഹചര്യത്തിൽ ഇയാളുടെ വ്യാപാരം കുറഞ്ഞു. പിന്നാലെ ഇയാൾ പച്ചക്കറി കച്ചവടം ഉപേക്ഷിക്കുകയായിരുന്നു. നിരവധി ജോലികൾ തേടിയെങ്കിലും ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇയാൾ ഓൺലൈൻ തട്ടിപ്പ് ആരംഭിച്ചതെന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒരു പഴയ സുഹൃത്ത് വഴിയാണ് റിഷഭ് ഓൺലൈൻ തട്ടിപ്പ് രംഗത്ത് എത്തുന്നതെന്നും വെറും ആറ് മാസം കൊണ്ട് തന്നെ ഇയാൾ തട്ടിപ്പിലൂടെ 21 കോടിയോളം രൂപ സമ്പാദിച്ചെന്നും ഉത്തരാഖണ്ഡ് പോലീസ് ഓഫീസർ അങ്കുഷ് മിശ്ര പറയുന്നു. 'marriotwork.com' എന്ന പേരിൽ ഒരു പുതിയ വെബ്സൈറ്റ് നിർമ്മിച്ചാണ് ഇയാൾ തട്ടിപ്പ് മുഴുവൻ നടത്തിയത്. വർക്ക് ഫ്രം ഹോം അന്വേഷിക്കുന്നവർ ഈ വെബ്സൈറ്റിൽ വിവരങ്ങൾ ചേർക്കാനും ഇയാൾ ആവിശ്യപ്പെട്ടു.

തട്ടിപ്പിന് ഇരയായ പലരും ഉത്താരഖണ്ഡിൽ നിന്നുള്ളവരാണ്. ഇവിടത്തെ ഒരു വ്യവസായി ആണ് അവസാനമായി റിഷഭിന്റെ തട്ടിപ്പിന് ഇരയായത്. ഇയാൾക്ക് വാട്സ്ആപ്പ് വഴിയാണ് റിഷഭിന്റെ വർക്ക് ഫ്രം ഹോം വെബ്സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പിന്നീട് കൂടുതൽ പരിശോധിച്ചപ്പോൾ ഈ വെബ്സൈറ്റ് ജെനുവിൻ ആണെന്ന് ഇയാൾ തെറ്റിദ്ധരിക്കുകയായിരുന്നു. പിന്നീട് റിഷഭുമായി നടത്തിയ സംഭാഷണത്തിൽ ഇയാൾ കൂടുതലായി വിശ്വാസം അർപ്പിച്ചു.
പിന്നീട് ചില ജോലികൾ ഇയാൾക്ക് നൽകുകയും ഇതിന്റെ ശമ്പളം എന്ന നിലയ്ക്ക് ഇയാൾക്ക് 10,000 രൂപ ട്രാൻസ്ഫർ ചെയ്തും നൽകി. ഇത്തരത്തിൽ കുറച്ചു ജോലികൾക്ക് കൃത്യമായി ഇവർ ശമ്പളം നൽകി. എന്നാൽ പിന്നീട് കൂടുതൽ സമ്പാദിക്കാനായി കുറച്ചു പണം നിക്ഷേപിക്കണം എന്ന് റിഷഭ് ഇയാളോട് ആവിശ്യപ്പെട്ടു. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ റിഷഭിനോട് ഇയാൾ ചോദിച്ചപ്പോൾ കൃത്യമായി ഉത്തരം നൽകാൻ റിഷഭിന് സാധിച്ചില്ല.
ഇതോടെ ഇയാൾക്ക് റിഷഭിന് നേരെ സംശയം ഉയരുകയായിരുന്നു. എന്നിരുന്നാലും റിഷഭിന്റെ വാക്കുകൾ വിശ്വസിച്ച് ഇയാൾ 20 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നു. ഇതിൽ നിന്ന് ഒരു വരുമാനവും ലഭിച്ചിരുന്നില്ലെന്നും കൂടുതൽ വരുമാനം ലഭിക്കുവാൻ കൂടുതൽ പണം നിക്ഷേപിക്കാനായി റിഷഭ് പ്രേരിപ്പിച്ചുകൊണ്ടിരുന്നു എന്നും തട്ടിപ്പ് ഇരയായ വ്യവസായി പറഞ്ഞു. നിലവിൽ റിഷഭ് ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും സന്ദേശങ്ങൾക്ക് മറുപടി നൽകുന്നെല്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.
ഈ തട്ടിപ്പുകൾക്ക് പുറമെ പണം ക്രിപ്‌റ്റോകറൻസിയാക്കി ചൈനയിലേക്ക് കൈമാറുന്ന വലിയ ഒരു തട്ടിപ്പ് സംഘത്തിന്റെ കണ്ണിയായി റിഷഭ് പ്രവർത്തിച്ചിരുന്നു എന്നും പോലീസ് പറഞ്ഞു. അതേ സമയം ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് ഇപ്പോൾ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്. സിം സ്വാപ്പിങ്, ഇ ചലാൻ തട്ടിപ്പ്, ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ്, ഫോണിലേക്ക് ഒടിപി അയച്ചു നടത്തുന്ന തട്ടിപ്പുകൾ എന്നിങ്ങനെ വിവധ തരത്തിൽ തട്ടിപ്പുകൾ നടക്കുന്നുണ്ട്.


Click it and Unblock the Notifications








