ഓപ്പോയുടെ മറ്റൊരു മിഡ് ബഡ്ജറ്റ് ഫോൺ കൂടി എത്തി; എതിരാളികൾ പോലും ഭയപ്പെടുന്ന ഓപ്പോ എ3 പ്രോ 5ജി
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഓപ്പോ എ 3 പ്രോ 5ജി പുറത്തിറക്കി. ചൈനയിൽ ആണ് ഓപ്പോ ഈ ഫോൺ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും ഉടൻ തന്നെ ഈ ഫോൺ ഓപ്പോ ഇന്ത്യയിലും എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ഒരു മിഡ് ബഡ്ജറ്റ് ഫോൺ എന്ന നിലയ്ക്കാണ് ഓപ്പോ തങ്ങളുടെ എ 3 പ്രോ 5ജി പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും സാധാരണക്കാരായ ഉപയോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള ഫീച്ചറുകൾ ഈ ഫോണിൽ ഓപ്പോ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഓപ്പോ പുറത്തിറക്കിയ എ 2 പ്രോ എന്ന ഫോണിന്റെ പിൻഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ ഓപ്പോ അവതരിപ്പിച്ചിരിക്കുന്നത്. 12ജിബി വരെ റാമും 512ജിബി വരെ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

360 ഡിഗ്രി ആൻ്റി ഫാൾ ബോഡി, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണം എന്നിവയെല്ലാം ഓപ്പോ എ 3 പ്രോ 5ജിയുടെ എടുത്തു പറയേണ്ട സവിശേഷതകളാണ്. 6.7 ഇഞ്ച് (2412×1080 പിക്സലുകൾ) എച്ച്ഡി പ്ലസ് AMOLED കർവ്ഡ് സ്ക്രീൻ ആണ് ഈ ഫോണിനായി ഓപ്പോ നൽകിയിരിക്കുന്നത്. ഈ സ്ക്രീനിന് 120 Hz പുതുക്കൽ നിരക്ക്, 240 Hz ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവ അവകാശപ്പെടാൻ സാധിക്കുന്നതാണ്.
മാത്രമല്ല 2160 Hz ഉയർന്ന ഫ്രീക്വൻസി PWM ഡിമ്മിംഗ് 950 nits വരെ പീക്ക് തെളിച്ചം എന്നിവയും ഈ സ്ക്രീനിന്റെ പ്രത്യേകതകളാണ്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 6nm പ്രൊസസർ ആണ് ഓപ്പോ എ 3 പ്രോ 5ജിയ്ക്ക് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുക.

ഫോണിന്റെ ക്യാമറ സിസ്റ്റമാണ് മറ്റൊരു പ്രധാന മേഖല ഡുവൽ ക്യാമറയാണ് ഈ ഫോണിന് വേണ്ടി ഓപ്പോ തയ്യാറാക്കിയിരിക്കുന്നത്. 64 എംപിയാണ് ഈ ഫോണിന്റെ പ്രൈമറി ക്യാമറ. രണ്ട് എംപിയുടെ ഡെപ്ത് സെൻസറും ഓപ്പോ നൽകിയിരിക്കുന്നു. ഈ ക്യാമറകൾക്കൊപ്പം ഒരു എൽഇഡി ഫ്ലാഷ്ലൈറ്റും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 8 എംപിയുടേത് ആണ്.
67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 mAh ബാറ്ററിയും ഈ ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോണിന്റെ ഡസ്റ്റ്, വാട്ടർ പ്രതിരോധത്തിന്റെ റേറ്റിങ് ഐപി 69, ഐപി 68, ഐപി 66 എന്നിങ്ങനെയാണ്. ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. പ്രധാനമായും മൂന്ന് നിറങ്ങളിലാണ് ഓപ്പോ തങ്ങളുടെ എ 3 പ്രോ 5ജിയെ പുറത്തിറക്കിയിരിക്കുന്നത്.
അസ്യൂർ (ഗ്ലാസ്), മൗണ്ടൻ ബ്ലൂ (ലെതർ), യുജിൻ പിങ്ക് (ലെതർ) എന്നിവയാണ് ഈ നിറങ്ങൾ. ഈ ഫോണിന്റെ മൂന്ന് വേരിയന്റുകൾ ആണ് ഓപ്പോ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ അടിസ്ഥാന വേരിയന്റിന് 1,999 യുവാൻ ആണ് വില (ഏകദേശം 23,490) ഇതിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജും ആണ് അവകാശപ്പെടാനുള്ളത്. രണ്ടാമത്തെ വേരിയന്റിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് അവകാശപ്പെടാനുള്ളത്.
2199 യുവാൻ ആണ് ഈ വേരിയന്റിന്റെ വില അതായത് ഏകദേശം 25,820 രൂപ. ടോപ് എൻഡ് വേരിയന്റിന് 2499 യുവാൻ (ഏകദേശം 29,345 രൂപ) ആണ് വില വരുന്നത്. ഈ വേരിയന്റിന് 12 ജിബി റാമും 512 ജിബി സ്റ്റോറേജും അവകാശപ്പെടാൻ സാധിക്കുന്നതാണ്. കഴിഞ്ഞ ദിവസം ചൈനീസ് വിപണിയിൽ അവതരിപ്പിച്ച ഈ ഫോൺ ഏപ്രിൽ 19 മുതൽ ചൈനയിൽ വിൽപനയ്ക്ക് എത്തുമെന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








