ഏറ്റവും മികച്ച മിഡ് ബഡ്ജറ്റ് ഫോൺ ഇനി കുറഞ്ഞ ബഡ്ജറ്റിലും വാങ്ങാം; ഗാലക്സി എ34 5ജിയുടെ വില കുറച്ച് സാംസങ്
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിൽ ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റഴിക്കുന്ന സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് സാംസങ്. ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ‍്ജറ്റ്, പ്രീമിയം ബഡ്ജറ്റ് എന്നിങ്ങനെ മൂന്ന് സെഗ്മെന്റിലും മികച്ച ഫോണുകൾ പുറത്തിറക്കാൻ സാധിക്കുന്നു എന്നതാണ് ഈ നേട്ടം സ്വന്തമാക്കാൻ സാംസങ്ങിനെ സഹായിച്ചത്.
ഇത്തരത്തിൽ സാംസങ് പുറത്തിറക്കിയ ഒരു മികച്ച മിഡ് ബഡ്ജറ്റ് ഫോണാണ് സാംസങ് ഗാലക്സി എ 34 5ജി. കഴിഞ്ഞ വർഷം ആയിരുന്നു സാംസങ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. 30,999 രൂപ ആയിരുന്നു ഈ ഫോണിന്റെ ലോഞ്ച് വില. എന്നാൽ ഇപ്പോൾ ഇതാ ഈ ഫോണിന്റെ വിലയിൽ കുറവ് വരുത്തിയിരിക്കുകയാണ് സാംസങ്. ലോഞ്ച് വിലയിൽ നിന്ന് 6,550 രൂപയാണ് സാംസങ് കുറവ് വരുത്തിയിരിക്കുന്നത്.

ഇതോടെ 30,999 രൂപ വില വരുന്ന സാംസങ് ഗാലക്സി എ 34 5ജി ഇപ്പോൾ 24,499 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഫോണിന്റെ 8 ജിബി റാം 128 സ്റ്റോറേജ് വേരിയന്റിന് ആണ് ഈ വില വരുന്നത്. ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയിലും സാംസങ് മാറ്റം വരുത്തിയിട്ടുണ്ട്. 32,999 രൂപയ്ക്കായിരുന്നു ഈ വേരിയന്റ് സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
എന്നാൽ ഇപ്പോൾ ഈ വിലയിൽ നിന്ന് 6,500 രൂപ കുറച്ച് 26,499 രൂപയ്ക്ക് ഈ വേരിയന്റ് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. സിൽവർ, ബ്ലാക്ക്, ലൈറ്റ് ഗ്രീൻ, ലൈറ്റ് വയലറ്റ് എന്നീ നിറങ്ങളിൽ ആണ് സാംസങ് തങ്ങളുടെ ഗാലക്‌സി എ 34 5ജി പുറത്തിറക്കിയിരിക്കുന്നത്. അതേ സമയം ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് sAMOLED ഡിസ്പ്ലേയുമായി ആണ് സാംസങ് ഗാലക്സി എ 34 5ജി എത്തിയിരിക്കുന്നത്. ഈ സ്ക്രീനിന് 120Hz റീഫ്രഷ് റെയ്റ്റും 1,000nits പീക്ക് തെളിച്ചവും സാംസങ്ങ് നൽകിയിരിക്കുന്നു. MediaTek Dimensity 1080 SoC ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഫോൺ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള OneUI 5.1-ൽ ആണ് ഗാലക്‌സി എ 34 5ജി പ്രവർത്തിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ഒഐഎസ് പിന്തുണയുള്ള 48 എംപി ലെൻസാണ് ഇതിന്റെ പ്രൈമറി ക്യാമറ. 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ് എന്നിവയാണ് മറ്റ് ക്യാമറകൾ. 13 എംപിയുടെ ഫ്രണ്ട് ക്യാമറയും ഈ ഫോണിന് നൽകിയിട്ടുണ്ട്.
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് ഈ ഫോണിൽ സാംസങ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഫോണിന്റെ വാട്ടർ, ഡെസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് ആകട്ടെ ഐപി 67 ആണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയാണ് മറ്റ് സവിശേഷതകൾ. കഴിഞ്ഞ വർഷം ഇറങ്ങിയ ഫോൺ ആണെങ്കിൽ കൂടിയും മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഫോൺ ആണ് സാംസങ് ഗാലക്സി എ 34 5ജി.
അതേ സമയം അടുത്തിടെയാണ് സാംസങ് ഈ ഫോണിന്റെ പിൻഗാമിയെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഗാലക്സി എ 35 5ജിയിൽ നിരവധി അപ്ഗ്രേഡ് ഫീച്ചറുകൾ ആണ് സാംസങ് നൽകിയിരിക്കുന്നത്. 120 Hz സൂപ്പർ AMOLED ഡിസ്‌പ്ലേ, 1000 nits പീക്ക് ബ്രൈറ്റ്‌നെസ്, എക്‌സിനോസ് 1380 ചിപ്‌സെറ്റ്, 50 എംപി പ്രൈമറി ക്യാമറ എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകൾ. 30,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്.


Click it and Unblock the Notifications








