പോക്കോയും എയർടെലും കൈകോർക്കുന്നു; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ ഉടനെത്തും
പോക്കോ സി 51 എന്ന മോഡലിന് ശേഷം ഇന്ത്യയിൽ മറ്റൊരു സ്മാർട്ട് ഫോൺ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ പോക്കോ. പ്രമുഖ ടെലികോം കമ്പനിയായ എയർടെലുമായി സഹകരിച്ച് ചിലവ് കുറഞ്ഞ ഒരു 5ജി സ്മാർട്ട് ഫോൺ നിർമ്മിക്കാനാണ് പോക്കോ പദ്ധതിയിടുന്നത്.
പോക്കോ ഇന്ത്യയുടെ മേധാവി ഹിമാൻഷു ടണ്ടൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് വഴിയായിരുന്നു പോക്കോയും എയർടെലും തമ്മിലുള്ള പങ്കാളിത്തം ഇദ്ദേഹം പ്രഖ്യാപിച്ചത്. ചിലവ് കുറഞ്ഞ ഒരു മികച്ച 5ജി ഉപകരണം തയ്യാറാക്കാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത് എന്നും ഇദ്ദേഹം പറയുന്നു. നിലവിൽ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ മിഡ് ബഡ്ജറ്റ് സെഗ്മിന്റിലെ ഒരു ശക്തമായ ബ്രാൻഡാണ് പോക്കോ.

ഇതിനോടകം തന്നെ നിരവധി സ്മാർട്ട് ഫോണുകൾ പോക്കോ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇവയിൽ പല ഫോണുകൾക്കും മികച്ച അഭിപ്രായമാണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ കേമന്മാരാണെന്ന് നമ്മുക്ക് അറിയാം. ഇക്കൂട്ടത്തിൽ പോക്കോയ്ക്ക് ഒരു പ്രത്യേക സ്ഥാനവും ഉണ്ട്. ഈ സ്ഥാനം ഒരു പടി കൂടി ഉയർത്താൻ ആണ് പുതിയ പ്രഖ്യാപനത്തിലൂടെ പോക്കോ ശ്രമിക്കുന്നത്.
പോക്കോ എക്സ് എയർടെൽ വരുന്നു എന്ന തലക്കെട്ടിൽ ആയിരുന്നു കമ്പനി മേധാവിയായ ഹിമാൻഷു ടണ്ടൻ ട്വീറ്റ് പങ്കുവെച്ചത്. 5ജി റെവല്യൂഷൻ എന്ന ഹാഷ്ടാഗും ഈ ട്വീറ്റിന് ഒപ്പം ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതേ സമയം നിലവിൽ ഉള്ള പോക്കോ ഫോണിന്റെ എയർടെൽ പതിപ്പായിരിക്കും പുറത്തിറങ്ങാനിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന. ട്വീറ്റിന് അടിയിൽ ഉപയോക്താക്കൾ നൽകിയ കമന്റിന് നൽകിയ റിപ്ലെയിൽ ആയിരുന്നു ഈ സൂചന ഇദ്ദേഹം നൽകിയത്.

MOST READ: പത്ത് പൈസ മുടക്കാതെ സൗജന്യമായി ഇന്റർനെറ്റ് ഡാറ്റ നേടിയെടുത്താലോ? ഇതാ ഒരു സൂത്രപ്പണി
പുതിയ ഫോൺ പോക്കോ നിയോ സീരീസിൽ ആയിരിക്കുമോ എഫ് 6 സീരീസിൽ ആയിരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ പുതിയ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇദ്ദേഹം പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ 5ജി ഉപകരണത്തിൽ ഒന്നായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന ഈ ഉത്പന്നം എന്ന് ഇദ്ദേഹം പറഞ്ഞു.
നിലവിൽ ഇൻഫിനിക്സ്, ഐടെൽ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് 5ജി സ്മാർട്ട് ഫോണുകൾ എത്തിക്കുന്നതിൽ മുന്നിൽ. 10,000 രൂപയിൽ താഴെ നിരവധി 5ജി സ്മാർട്ട് ഫോണുകൾ ഇവർ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സാംസങ്, മോട്ടറോള, റെഡ്മി തുടങ്ങിയ കമ്പനികളും വിലക്കുറവിൽ 5ജി ഫോണുകൾ എത്തിക്കുന്നുണ്ട്. ഈ സെഗ്മെന്റിൽ കനത്ത മത്സരം ലക്ഷ്യം വെച്ചാണ് പോക്കോ എയർടെലുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു പക്ഷെ എയർടെൽ സിം മാത്രമെ ഈ ഫോണിൽ പിന്തുണയ്ക്കാനുള്ള സാധ്യത ഉള്ളു എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതേ സമയം ഈ മാസം പോക്കോ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള സ്മാർട്ട് ഫോൺ ആണ് പോക്കോ എക്സ് 6 നിയോ. കമ്പനി നേരത്തെ പുറത്തിറക്കിയ എക്സ് 6, എക്സ് 6 പ്രോ എന്നീ ഫോണുകളുടെ പിൻഗാമി എന്ന നിലയ്ക്ക് ആയിരിക്കും ഈ ഫോണിനെ കമ്പനി ഇന്ത്യയിൽ എത്തിക്കുക.
നേരത്തെ തന്നെ ഈ ഫോൺ പോക്കോ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ അവതരിപ്പിക്കാനും ഒരുങ്ങുന്നത്. റെഡ്മി നോട്ട് 13 ആർ പ്രോയുടെ റീബ്രാൻഡ് പതിപ്പായിരിക്കും ഈ ഫോൺ എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഡ്യൂവൽ ക്യാമറ, പഞ്ച് ഹോൾ സെൽഫി ക്യാമറ എന്നീ ഫീച്ചറുകൾ ഈ ഫോണിൽ ഉണ്ടായിരിക്കുന്നതാണ്. 16,000 രൂപയിൽ താഴെ ആയിരിക്കും ഈ ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








