പുതുവർഷത്തിലെ പോരിന് പോക്കോയും തയ്യാർ; തീപാറുന്ന ഫീച്ചറുകളുമായി പോക്കോ എക്സ് 6 സീരീസ് ഉടൻ ഇന്ത്യയിലെത്തും
ഇന്ത്യയിൽ ധാരാളം ഉപയോക്താക്കൾ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ചൈനീസ് കമ്പനിയായ പോക്കോ. ഇതിനോടകം തന്നെ പോക്കോയുടെ നിരവധി ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണ്. ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു ഫോൺ കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് പോക്കോ. തങ്ങളുടെ പുതിയ ഫോണായ പോക്കോ എക്സ് 6 സീരീസ് ഉടൻ ഇന്ത്യയിൽ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പോക്കോ ഇന്ത്യ പുറത്ത് വിട്ട പുതിയ ട്വീറ്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പോക്കോ എക്സ് 6, എക്സ് 6 പ്രോ എന്നീ രണ്ട് ഫോണുകൾ ഈ സീരീസിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോണിന്റെ മുൻഗാമി ആയിരുന്ന പോക്കോ എക്സ് 5 സീരീസിനും ഇത്തരത്തിൽ സ്റ്റാന്റേർഡ് മോഡലും പ്രോ മോഡലും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ നിന്ന് മികച്ച അഭിപ്രായം ലഭിച്ച പോക്കോയുടെ ഫോണുകൾ ആയിരുന്നു എക്സ് 5 ഫോണുകൾ.

MOST READ: ഒരു ഫോണിൽ രണ്ട് സെൽഫി ക്യാമറ, അതും 60 എംപി; നോവ 12 സീരീസ് പുറത്തിറക്കി ഹുവായ്
പ്രമുഖ ചൈനീസ് ടെക് ഭീമന്മാരായ ഷവോമിയുടെ ഉപ ബ്രാൻഡാണ് പോക്കോ. രാജ്യത്ത് MediaTek Dimensity 8300 Ultra SoC ഫീച്ചർ ചെയ്യുന്ന ആദ്യത്തെ സ്മാർട്ട് ഫോണായിരിക്കും പോക്കോ എക്സ് 6 സീരീസ് ഫോണുകൾ എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം റെഡ്മിയുടെ കെ 70 ഇയുടെ റീബ്രാൻഡ് പതിപ്പ് ആയിരിക്കും പോക്കോ എക്സ് 6 പ്രോ എന്നും കിംവദന്തികൾ ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
പുതിയ ഫോണുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് എക്സ് വഴി പോക്കോ അറിയിച്ചെങ്കിലും ഫോൺ പുറത്തിറക്കുന്ന തിയതി ഏതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ജനുവരിയിൽ തന്നെ ലോഞ്ച് നടന്നേക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം സാംസങ് ഗാലക്സി എസ് 24 സീരീസ്, വിവോ എക്സ് 100 സീരീസ്, വൺപ്ലസ് 12 തുടങ്ങി മുൻനിര ഫോണുകൾ ജനുവരിയിൽ പുറത്തിറങ്ങും എന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ സൂചനയുമായി നേരത്തെ തന്നെ പോക്കോ ഇന്ത്യയുടെ മേധാവി ഹിമാൻഷു ടണ്ടൻ രംഗത്ത് വന്നിരുന്നു. മാത്രമല്ല ഫോണിന്റെ ലോഞ്ചിന്റെ ഭാഗമായി പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് ഒരു പ്രത്യേക പേജും തങ്ങളുടെ സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ റെഡ്മി കെ 70 ഇയുടെ റീബ്രാൻഡ് ആയിരിക്കുമോ പുതിയ പോക്കോ എക്സ് 6പ്രോ എന്ന കാര്യവും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
നിലവിൽ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്ന റെഡ്മി കെ 70ന് 1,999 ചൈനീസ് യുവാൻ ആണ് വില. അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 23,000 രൂപ. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. ഈ ഫോണിന്റെ പ്രത്യേകതകൾ പരിശോധിക്കുമ്പോൾ 6.67-ഇഞ്ച് OLED സ്ക്രീൻ ആണ് റെഡ്മി ഇതിന് നൽകിയിരിക്കുന്നത്. ഈ സ്ക്രീനിന് 120Hz പുതുക്കൽ നിരക്കും അവകാശപ്പെടാനുണ്ട്.
ഫോണിന്റെ ക്യാമറകൾ പരിശോധിക്കുമ്പോൾ 64 എംപിയാണ് പ്രൈമറി ക്യാമറ. ഇത് കൂടാതെ മറ്റ് രണ്ട് ക്യാമറകളും ഫോണിന്റെ പിൻവശത്തായി ഇടം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫോണിന്റെ സെൽഫി ക്യാമറ 16 എംപിയാണ്. 90W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് ഈ ഫോണിനായി റെഡ്മി തയ്യാറാക്കിയിരിക്കുന്നത്. മികച്ച ഒരു ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം.
അതേ സമയം ഡിസംബർ 23നാണ് പോക്കോ തങ്ങളുടെ മറ്റൊരു ഫോണായ പോക്കോ എം6 ഇന്ത്യയിൽ അവതരിപ്പിച്ചത്. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ സെഗ്മെന്റിൽ വരുന്ന ഈ ഫോണിന്റെ വില ആരംഭിക്കുന്നത് 10,499 രൂപ മുതലാണ്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ വരുന്ന ഈ ഫോണിന്റെ മറ്റ് വേരിയന്റുകളുടെ വില 11,499 രൂപ, 13,499 രൂപ എന്നിങ്ങനെയാണ്.


Click it and Unblock the Notifications








