കുറഞ്ഞ വിലയിൽ ഒരു മികച്ച ഗെയിമിങ് ഫോൺ ഒരുങ്ങുന്നു; റിയൽമി ജിടി നിയോ 6 എസ്ഇ ഉടൻ അവതരിക്കും
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമി ഈ മാസം അവതരിപ്പാക്കാൻ തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആണ് റിയൽമി ജിടി നിയോ 6 എസ്ഇ. ഫോൺ ഈ മാസം 11ന് ചൈനയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മിഡ് ബഡ്ജറ്റ് സെഗ്മെന്റിൽ ആയിരിക്കും ഈ ഫോൺ എത്തുന്നത്.
ഈ ഫോൺ ചൈനയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലും ഈ ഫോൺ എത്തിക്കാൻ റിയൽമി ശ്രമം നടത്തിയേക്കും. റിയൽമിയ്ക്ക് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആയതിനാൽ തന്നെ ഉടൻ തന്നെ ഈ ഫോൺ ഇവർ ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം റിയൽമി ജിടി നിയോ 6 എസ്ഇയുടെ ചില ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത് പ്രകാരം ഈ ഫോണിന് 1.5K BOE 1.5K 8T LTPO OLED സ്‌ക്രീൻ ഉണ്ടാകും എന്നാണ് സൂചന. ഈ സ്ക്രീനിന് ആകട്ടെ 6000 നിറ്റ്‌സ് പീക്ക് തെളിച്ചവും 0.5-120 Hz അഡാപ്റ്റീവ് റീഫ്രഷ് റെയ്റ്റും അവകാശപ്പെടാൻ സാധിക്കുന്നതായിരിക്കും. ഇത്രയും ഉയർന്ന തെളിച്ചം വളരെ ചുരുക്കം ഫോണുകളിൽ മാത്രമാണ് നമ്മുക്ക് കാണാൻ സാധിക്കു. കോർണിംഗ് ഗൊറില്ല വിക്ടസ് 2 പ്രൊട്ടക്ഷനും ഈ സ്ക്രീനിനായി റിയൽമി നൽകിയിട്ടുണ്ടാകും.
ഫോണിന്റെ ചില ചിത്രങ്ങളും റിയൽമി ഇതിനോടകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഐക്യൂ 12 പ്രോ, റെഡ്മി കെ 70 പ്രോ എന്നീ ഫോണുകളുമായി സാദൃശ്യമുള്ള ഡിസൈൻ ആണ് റിയൽമി ജിടി നിയോ 6 എസ്ഇയ്ക്കായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. എന്നിരുന്നിലും അൾട്ര നാരോ കർവ് ഈ ഫോണിന് കൂറച്ചുകൂടി വ്യത്യസ്തനാക്കുന്നുണ്ട്. ഫോണിനായി ഗ്രീൻഫീൽഡ് AI ഐ പ്രൊട്ടക്ഷൻ + AI ഗെയിമിംഗ് ഐ പ്രൊട്ടക്ഷനും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

മികച്ച ഒരു ഗെയിമിങ് ഫോൺ ആയിരിക്കും റിയൽമി ജിടി നിയോ 6 എസ്ഇ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഉപയോക്താക്കളുടെ ഗെയിമിങ് ആസ്വാദനം ഉയർത്താനായി ഗെയിം സൂപ്പർ എച്ച്‌ഡിആർ, ഗീക്ക് പെർഫോമൻസ് പാനൽ 2.0, ഗെയിം സ്‌പെസിഫിക് മെമ്മറി പ്രോ, ജിടി മോഡ് 5.0, ഗെയിം പോപ്പ്-അപ്പ് വിൻഡോ, ഫുൾ-ബാൻഡ് ഇ-സ്‌പോർട്‌സ് ആൻ്റിന മാട്രിക്‌സ് എന്നീ ഫീച്ചറുകളും പുതിയ ഫോണിനായി റിയൽമി ഒരുക്കിയിട്ടുണ്ട്.
വലിയ സൈസുള്ള ഗെയിമുകൾ ദീർഘനേരം ആസ്വദിച്ചാലും ഫോണിന്റെ പെർഫോമൻസിൽ കുറവ് ഉണ്ടാകില്ല എന്നാണ് റിയൽമി അവകാശപ്പെടുന്നത്. 16 ജിബി വരെ LPDDR5X റാം ഉള്ള സ്‌നാപ്ഡ്രാഗൺ 7+ Gen 1 SoCചിപ്സെറ്റ് ആയിരിക്കും റിയൽമി ജിടി നിയോ 6 എസ്ഇയ്ക്ക് കരുത്ത് നൽകുക. ഫോൺ അമിതമായി ചൂടാകാതിരിക്കാനായി പ്രത്യേക കൂളിങ് സിസ്റ്റവും നിർമ്മാതാക്കൾ ഈ ഫോണിൽ നൽകിയിട്ടുണ്ട്.
ഒഐഎസ് പിന്തുണയുള്ള 50 എംപി ക്യാമറ ആയിരിക്കും ഈ ഫോണിലെ പ്രൈമറി ക്യാമറ. മറ്റ് ക്യാമറകളെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. ലോഞ്ച് ചെയ്യാനിരിക്കെ വരും ദിവസങ്ങളിൽ ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഇന്ത്യയിൽ ഉടൻ തന്നെ വിൽപനയ്ക്ക് എത്തുന്ന റിയൽമിയുടെ ഏറ്റവും പുതിയ ഫോണുകളിൽ ഒന്നാണ് റിയൽമി 12 എക്സ് 5ജി.
ഇതിനോടകം തന്നെ ഈ ഫോണിന്റെ പ്രത്യേക വിൽപന ഇന്ത്യയിൽ നടന്നിരുന്നു. ഏപ്രിൽ 5ന് ആയിരുന്നു ഈ വിൽപന നടന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച പ്രത്യേക വിൽപന രണ്ട് മണിക്കൂർ വരെ മാത്രമാണ് നീണ്ടുനിന്നത്. ഫോണിന്റെ യഥാർത്ഥ വിൽപന ആരംഭിക്കുന്നത് ഏപ്രിൽ 10ന് ആണ്. 13,499 രൂപ മുതലാണ് റിയൽമി 12 എക്സ് 5ജിയുടെ വില ആരംഭിക്കുന്നത്. ഫോണിന്റെ 6 ജിബി റാം വേരിയന്റിന് ആണ് ഈ വില.


Click it and Unblock the Notifications








