റെഡ്മി നോട്ട് 13 സീരീസ് ജനുവരി ആദ്യമെത്തും; മിഡ് ബഡ്ജറ്റിൽ എസ് 23 അൾട്രയുടെ 200എംപി ക്യാമറ സ്വന്തമാക്കാം
റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായ റെഡ്മി നോട്ട് 13, നോട്ട് 13 പ്രോ, നോട്ട് 13 പ്രോ പ്ലസ് എന്നീ ഫോണുകൾ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും. കമ്പനി പുറത്ത് വിട്ട പുതിയ ട്വീറ്റ് പ്രകാരം ഈ ഫോണുകൾ ജനുവരി 4ന് എത്തും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.
ബുധനാഴ്ചയാണ് ഈ ട്വീറ്റ് റെഡ്മിയുടെ മാതൃകമ്പനിയായ ഷവോമി പുറത്ത് വിട്ടത്. ഇന്ത്യയിൽ നിരവധി ഉപയോക്താക്കൾ ഉള്ള കമ്പനികളാണ് ഷവോമി. ഈ വർഷത്തിലെ മൂന്നാം പാദത്തിലെ കണക്ക് അനുസരിച്ച് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ സ്മാർട്ട് ഫോണുകളിൽ രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നത് ഷവോമിയ്ക്കാണ് സാംസങ്ങാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കുറഞ്ഞ വിലയിൽ അത്യാവശ്യം സൗകര്യമുള്ള മിഡ് ബഡ്ജറ്റ് ഫോണുകൾ പുറത്തിറക്കിയതിനാലാണ് ഈ നേട്ടം കൈവരിക്കാൻ ഷവോമിക്ക് സാധിച്ചത്.

MOST READ: എഐ ഫീച്ചറുള്ള മെറ്റയുടെ സ്മാർട്ട് ഗ്ലാസ്; ഇനിയാർക്കും യെന്തിരനിലെ ചിട്ടി റോബോട്ട് ആകാം
ഇന്ത്യയിൽ ബഹുഭൂരിക്ഷം ഉപയോക്താക്കളും സാധാരണക്കാരാണ് ഇവരുടെ ബഡ്ജറ്റിന് അനുസരിച്ച ഫോണുകളാണ് ഷവോമിയും റെഡ്മിയും പുറത്തിറക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന നോട്ട് 13 സീരീസിലും വലിയ പ്രതീക്ഷയാണ് കമ്പനിയ്ക്ക് ഉള്ളത്. ഈ വർഷം ആദ്യം റെഡ്മി നോട്ട് 13 ഫോണുകൾ കമ്പനി ചൈനയിൽ അവതരിപ്പിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ചൈനയിലെ ഉപയോക്താക്കളുടെ പക്കൽ നിന്ന് ഈ ഫോണുകൾക്ക് ലഭിക്കുന്നത്. ഇന്ത്യയിലും ഇതേ പ്രതികരണം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
അടുത്തിടെ ഷവോമി ഇന്ത്യ റെഡ്മി നോട്ട് 13 പ്ലസിന്റെ ടീസർ പുറത്ത് വിട്ടിരുന്നു. ഫോണിന്റെ ചില സവിശേഷതകളും ഈ ടീസറിൽ ഷവോമി പുറത്തുവിട്ടിട്ടുണ്ട്. ലോഞ്ചിന് വേണ്ടി മാത്രം ഒരു പ്രത്യേക പേജും ഷവോമി ഇന്ത്യയുടെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2014ൽ ആണ് ഷവോമി നോട്ട് സീരീസ് ഫോണുകൾ പുറത്തിറക്കിയത്. ഇതിനോടകം തന്നെ ആഗോള തലത്തിൽ 33.8 കോടി റെഡ്മി നോട്ട് സീരീസ് ഫോണുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

MOST READ: എസ്ബിഐ വ്യാജൻ രംഗത്ത്; കണ്ണൂരുകാരന്റെ 25,000രൂപ പോയി, വ്യാജന്മാരെ തിരിച്ചറിയാം
ഷവോമി ചൈനയിൽ അവതരിപ്പിച്ച അതേ പതിപ്പ് തന്നെയായിരിക്കും ഇന്ത്യയിലും അവതരിപ്പിക്കുക. അതേ സമയം പുതിയ റെഡ്മി നോട്ട് 13 സീരീസ് ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. MediaTek Dimensity 7200 Ultra SoC പ്രൊസസർ ആണ് റെഡ്മി നോട്ട് 13 പ്രോ പ്ലസിന് കമ്പനി നൽകിയിരിക്കുന്നത്. എച്ച്ഡിആർ 10 പ്ലസ്, ഡോൾബി വിഷൻ എന്നിവയുള്ള 120Hz റീഫ്രഷ് റെയ്റ്റോട് കൂടിയ ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്.
200 എംപി ട്രിപ്പിൾ റിയർ ക്യാമറയാണ് നോട്ട് 13 പ്രോ പ്ലസിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ഇതിന് പുറമെ 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്റയും കമ്പനി ഈ ഫോണിനായി ഒരുക്കിയിരിക്കുന്നു. ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 23,000 രൂപ മുതൽ ആയിരിക്കും വില ആരംഭിക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തതായി റെഡ്മി നോട്ട് 13 പ്രോയുടെ ഫീച്ചറുകൾ പരിശോധിക്കാം.
സ്‌നാപ്ഡ്രാഗൺ 7s Gen 2 SoC പ്രോസസർ ആണ് നോട്ട് 13 പ്രോയ്ക്കായി ഷവോമി നൽകിയിരിക്കുന്നത്. ഡോൾബി വിഷൻ പിന്തുണയുള്ള 120Hz OLED ഡിസ്‌പ്ലേയും ഈ ഫോണിന്റെ സവിശേഷതയാണ്. ഈ ഫോണിനും 200 എംപി ട്രിപ്പിൾ റിയർ ക്യാമറയാണ് കമ്പനി നൽകിയിരിക്കുന്നത്. 5,100 mAh ബാറ്ററിയും ഈ ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയാണ് നോട്ട് 13 പ്രോയ്ക്ക് ഉള്ളത്.
17,000 രൂപ മുതലായിരിക്കും ഈ ഫോണിന്റെ വില ആരംഭിക്കുക എന്നാണ് പ്രതീക്ഷ. അതേ സമയം നോട്ട് 13യുടെ സ്റ്റാന്റേർഡ് മോഡലിന്റെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ MediaTek Dimensity 6080 SoC പ്രൊസസർ ആണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. 108 എംപി ഡ്യുവൽ റിയർ ക്യാമറയും കമ്പനി ഇതിനായി ഒരുക്കിയിട്ടുണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് ഇതിൽ ഇടം പിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications








