ജിയോ ഉപയോക്താക്കൾക്ക് കോളടിച്ചല്ലോ...; ഉടൻ തന്നെ എഐ സേവനങ്ങൾ എത്തിക്കുമെന്ന് ആകാശ് അംബാനി
ജിയോ ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. പുതിയ എഐ സേവനം അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ. പ്രമുഖ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റിയ്ക്ക് എതിരാളി എന്ന തരത്തിൽ ഭാരത്ജിപിറ്റി എന്ന പേരിൽ പുതിയ എഐ ചാറ്റ്ബോട്ട് നിർമ്മിക്കാനാണ് ജിയോ പദ്ധതിയിട്ടിരിക്കുന്നത്.
റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ചായിരിക്കും ജിയോ തങ്ങളുടെ പുതിയ എഐ സർവ്വീസ് അവതരിപ്പിക്കുക. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക ടെക്‌ഫെസ്റ്റിവെലിൽ നടത്തിയ പ്രസംഗത്തിലാണ് ആകാശ് അംബാനി ഇക്കാര്യം വെളിപ്പെടുത്തിയത്. പിടിഐ എന്ന വാർത്താ ഏജൻസിയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവധ കാര്യങ്ങൾക്കായി ജിയോയും മുംബൈ ഐഐടിയും 2014 മുതൽ സഹകരിക്കുന്നുണ്ട്.

നിരവധി അത്യാധുനിക സൗകര്യങ്ങൾ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന ജിയോ 2.0ന്റെ വിവധ ലക്ഷ്യങ്ങളും ഈ വേളയിൽ ആകാശ് അംബാനി വിശദീകരിച്ചു. നിരവധി മേഖലകളിൽ എഐ സേവനം പരിജയപ്പെടുത്താൻ ആണ് ജിയോ ശ്രമിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത്ജിപിറ്റിയ്ക്ക് പുറമെ ടെലിവിഷനുകൾക്കായി സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാനും ജിയോ ശ്രമിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ ഇത് ജനങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെലികോം മേഖലയ്ക്ക് പുറമെ ടെക്നോളജിയുടെ മറ്റ് മേഖലകളിൽ കൂടി ആധിപത്യം പുലർത്താനാണ് ജിയോ 2.0 ശ്രമിക്കുന്നത്. നിലവിൽ ഇന്ത്യൻ ടെലികോം മേഖലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് റിലയൻസ് ജിയോ. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ജിയോയ്ക്ക് ആണ്. എയർടെൽ ആണ് രണ്ടാം സ്ഥാനത്ത്. വോഡാഫോണും ഐഡിയയും ചേർന്ന വിഐ മൂന്നാം സ്ഥാനത്തും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബിഎസ്എൻഎൽ നാലാം സ്ഥാനത്തുമാണ്.

MOST READ: ഒരു ഫോണിൽ രണ്ട് സെൽഫി ക്യാമറ, അതും 60 എംപി; നോവ 12 സീരീസ് പുറത്തിറക്കി ഹുവായ്
നേരത്തെ മുതൽ തന്നെ വിവിധ ബ്രോഡ്ബാന്റ് സർവ്വീസുകൾ ജിയോ അവതരിപ്പിച്ചിരുന്നെങ്കിലും അടുത്തിടെയാണ് ജിയോ തങ്ങളുടെ എയർഫൈബർ സേവനങ്ങൾ അവതരിപ്പിച്ചത്. 2023ലെ വിനായക ചതുർത്ഥി ദിവസം രാജ്യത്തെ 8 നഗരങ്ങളിൽ ഈ സർവ്വീസ് എത്തിച്ചാണ് ജിയോ തങ്ങളുടെ എയർഫൈബർ സേവനം ഉത്ഘാടനം ചെയ്തത്. നിലവിൽ കേരളത്തിൽ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും പല നഗരങ്ങളിലും ജിയോയുടെ എയർ ഫൈബർ സേവനം ലഭിക്കുന്നുണ്ട്.
1000 എംബിപിഎസ് ഇന്റർനെറ്റ് വേഗതയാണ് ജിയോയുടെ എയർഫൈബർ സേവനം വാഗ്ദാനം ചെയ്യുന്നത്. ജിയോയ്ക്ക് പുറമെ എയർടെലും ഇത്തരത്തിൽ എയർഫൈബർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം എഐ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഒന്നാം നമ്പർ ടെലികോം കമ്പനിയാക്കി ജിയോയെ മാറ്റാനും ആകാശ് അംബാനി പദ്ധതിയിടുന്നുണ്ട്. വിവധ മേഖലകളിലായി എഐ സേവനങ്ങൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. അടുത്ത ദശകത്തിൽ ഇന്ത്യയെ ഏറ്റവും വലിയ ഇന്നൊവേഷൻ സെന്റർ ആക്കിമാറ്റുമെന്നും അംബാനി പ്രഖ്യാപിച്ചു.
അടുത്ത പത്ത് വർഷം കഴിയുമ്പോൾ ഇന്ത്യ 6 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലെത്തുമെന്നും ഇദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. വരുന്ന നാളുകളിൽ എഐ എന്നത് ഉപയോക്താക്കൾക്ക് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു സാങ്കേതിക വിദ്യയായ് മാറുമെന്നും ജിയോ അവതരിപ്പിക്കുന്ന എഐ സേവനങ്ങൾ വെറും നിർമ്മിത ബുദ്ധി മാത്രം ആയിരിക്കില്ലെന്നും ഇതിൽ എല്ലാം ഉൾക്കൊള്ളും എന്നുമായിരുന്നു ആകാശ് അംബാനി വിശദീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായി മാറാൻ ജിയോയ്ക്ക് സാധിച്ചെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു
2022 നവംബർ മാസത്തോടെ ആയിരുന്നു ഓപ്പൺ എഐയുടെ ചാറ്റ്ജിപിറ്റി ജനപ്രിയമായി മാറിയത്. അവതരിപ്പിച്ച് വളരെ ചുരുങ്ങിയ മാസം കൊണ്ട് തന്നെ വൻ ജനശ്രദ്ധ ആകർഷിക്കാൻ ചാറ്റ്ജിപിറ്റിയ്ക്ക് സാധിച്ചു. ഇതിന് പകരമായി ഗൂഗിൾ ബാർഡ് അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച പിന്തുണ ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചില്ല. ഇതിനെ തുടർന്ന് കൂടുതൽ എഐ സേവനങ്ങളുമായി ഗൂഗിൾ അടുത്തിടെ ജെമിനി എന്ന എഐ സേവനം അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications








