വിരൽത്തുമ്പിൽ അല്ല, വിരലിൽ തന്നെയാണ് ടെക്നോളജി; സാംസങ്ങിന്റെ സ്മാർട്ട് റിങ് ഈ വർഷം തന്നെയെത്തും
സാംസങ് തങ്ങളുടെ സ്മാർട്ട് റിങ് പുറത്തിറക്കും എന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വാർത്തകൾ പുറത്ത് വരുന്നു. എന്നാൽ എന്നാണ് ഇവ പുറത്തിറക്കുന്നതെന്നോ ഇവയുടെ പ്രത്യേകതകൾ എന്തെല്ലാമായിരിക്കും എന്നോ ഇതുവരെ വിശദമായി അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. ഈ മാസം നടന്ന അൺപാക്കിങ് ഇവന്റിൽ സ്മാർട്ട് റിങ് ചർച്ചയായെങ്കിലും കൂടുതൽ അപ്ഡേറ്റുകൾ പുറത്ത് വിട്ടിരുന്നില്ല.
എന്നാൽ ഈ ചടങ്ങിൽ സാംസങ് തങ്ങളുടെ സ്മാർട്ട് റിങ് കാണികൾക്കായി പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ റിങ്ങിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഈ വർഷം തന്നെ സാംസങ് തങ്ങളുടെ ആദ്യ സ്മാർട്ട് റിങ് വിപണിയിൽ എത്തിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്ന് നിറങ്ങളിൽ ആയിട്ടായിരിക്കും ഇവ വിപണിയിൽ എത്തിക്കുക. ഈ വർഷത്തിന്റെ അവസാനം ആയിരിക്കും സാംസങ് സ്മാർട്ട് റിങ്ങുകൾ എത്തുക.

സാം മൊബൈൽസ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ടെക് അനലിസ്റ്റായ എവി ഗ്രീൻഗാർട്ടിന് സാംസങ് ഗാലക്‌സി റിങ്ങിന്റെ പ്രോട്ടോടൈപ്പിൽ ഒരു ഹാൻഡ്‌ഓൺ അനുഭവം ലഭിച്ചിരുന്നു. എന്നതിന്റെ അടിസ്ഥാനത്തിലാണ് സാം മൊബൈൽസ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വളരെ ഭാരം കുറഞ്ഞ ഡിസൈനിലാണ് ഈ സ്മാർട്ട് റിങ് നിർമ്മിച്ചിരിക്കുന്നത് എന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. എവി ഗ്രീൻഗാർട്ടിന്റെ ത്രെഡ് പോസ്റ്റിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്.
സ്മാർട്ട് വാച്ചുകൾ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ എല്ലാം ഈ സ്മാർട്ട് റിങ്ങുകളും വാഗ്ദാനം ചെയ്യുന്നതായിരിക്കും. പ്രധാനമായും ഫിറ്റ്നസ് കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്കായിരിക്കും ഈ സ്മാർട്ട് റിങ് കൂടുതലായി ഉപകരിക്കുക. പ്രമുഖ കമ്പനികളുടെ സ്മാർട്ട് റിങ്ങുകൾ വലിയ തോതിൽ പുറത്തിറങ്ങിയാൽ വിപണിയിൽ നിന്ന് സ്മാർട്ട് വാച്ചുകൾ അപ്രത്യക്ഷമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ജനുവരി 17ന് നടന്ന അൺപാക്കിങ് ഇവന്റിൽ സാംസങ് തങ്ങളുടെ സ്മാർട്ട് റിങ് പ്രദർശിപ്പിച്ചിരുന്നു.

ഉപയോക്താക്കളുടെ ആരോഗ്യ കാര്യങ്ങൾ ട്രാക്ക് ചെയ്യാനും ശാരീരിക പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും നിരവധി സെൻസറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് സാംസങ് വെളിപ്പെടുത്തി. ഈ സെൻസറുകളിൽ ചിലത് അൺപാക്കിങ് ഇവന്റിൽ പ്രദർശിപ്പിച്ച ടീസറിലും കാണാൻ സാധിച്ചിരുന്നു. പ്രധാനമായും എഐ സർവ്വീസുകൾ പരിചയപ്പെടുത്താനും ഗാലക്സി എസ് 24 സീരീസ് ഫോണുകൾ അവതരിപ്പിക്കാനും ആയിരുന്നു സാംസങ് ഈ അൺപാക്കിങ് ഇവന്റ് സംഘടിപ്പിച്ചത്. ഗാലക്സി എസ്24, എസ്24 പ്ലസ്, എസ്24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ചടങ്ങിൽ അവതരിപ്പിച്ചത്.
അതേ സമയം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് സ്മാർട്ട് റിങ്ങിന്റെ ഫീച്ചറുകൾ പല ചോർച്ചാ റിപ്പോർട്ടുകൾ വഴിയും പുറത്ത് വന്നിട്ടുണ്ട്. റിങ്ങിൽ 24x7 ഹൃദയമിടിപ്പ് മോണിറ്റർ, ഒരു SpO2 (ബ്ലഡ് ഓക്സിജൻ) സെൻസർ, സ്ലീപ്പ് മോണിറ്ററിംഗ് ട്രാക്കർ, മറ്റ് ഫിറ്റ്‌നസ് ട്രാക്കിംഗ് ഫീച്ചറുകൾ എന്നിവയെല്ലാം സാംസങ് ഉൾപ്പെടുത്തും എന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിങ്ങിൽ രക്തസമ്മർദ്ദം നിരീക്ഷിക്കുന്ന ഫീച്ചറും ഏട്രിയൽ ഫൈബ്രിലേഷൻ ഫീച്ചറും പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ ഇവയെല്ലാം ചില ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്നവയാണ് ഇക്കാര്യത്തിൽ സാംസങ് ഔദ്യോഗികമായി അറിയിപ്പ് ഒന്നും പുറത്ത് വിട്ടിട്ടില്ല. അതേ സമയം സാംസങ് ഗാലക്സി ഫോണുകൾ, ഗാലക്സി വാച്ച്, ഗാലക്സി റിങ് എന്നിങ്ങനെ ആപ്പിളിന് സമാനമായി പുതിയ ഒരു ഇക്കോ സിസ്റ്റവും ഉപയോക്താക്കളിൽ ഉണ്ടാക്കാനായി സാംസങ് ശ്രമിക്കുന്നുണ്ട്. ഗാലക്സി സ്മാർട്ട് റിങ് പുറത്തിറങ്ങുന്നതോടെ ഈ ദൗത്യത്തോട് കൂടുതൽ അടുക്കുകയായിരിക്കും സാംസങ്.
സാംസങ്ങിന്റെ സ്മാർട്ട് റിങ്ങിന്റെ വിലയെക്കുറിച്ചുള്ള സൂചനകൾ എന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ഈ സ്മാർട്ട് റിങ്ങിന്റെ പ്രധാന എതിരാളിയാകാൻ സാധ്യതയുള്ള ഔറ സ്മാർട്ട് റിങ്ങിന് യുഎസ് മാർക്കറ്റിൽ 299 ഡോളർ ആണ് വില. അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 25,000 രൂപ. ഈ ഉത്പന്നം ഇതുവരെ ഇന്ത്യയിൽ ലഭ്യമല്ല. എന്നാൽ കഴിഞ്ഞ വർഷം നോയിസ് തങ്ങളുടെ ലൂണ റിങ് ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ചിരുന്നു. 19,999 രൂപയാണ് ഇതിന്റെ വില.


Click it and Unblock the Notifications








