സാംസങ് ഗാലക്സി എസ് 24 സീരീസിൽ എത്തുന്നത് എഐ ഫോണുകൾ; സവിശേഷതകൾ പറഞ്ഞാൽ തീരില്ല
സാംസങ്ങിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി എസ് 24 സീരീസ് ഫോണുകൾ. അടുത്ത വർഷം ആദ്യം തന്നെ ഈ ഫോണുകൾ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമറ ഫീച്ചറുകളിൽ വിപ്ലവം സൃഷ്ടിച്ച ഗാലക്സി എസ് 23 സീരീസിന്റെ പിൻഗാമി ആയിട്ടാണ് ഈ ഫോണുകളെ സാംസങ് അവതരിപ്പിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സാംസങ് എസ് 23 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്തത്. ആയതിനാൽ തന്നെ അടുത്ത വർഷം ആദ്യം തന്നെ പുതിയ ഫോണുകൾ പുറത്തിറക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ ഫോണുകളുടെ ലോഞ്ച് ചിലപ്പോൾ 2024 ജനുവരി മാസത്തിൽ തന്നെ ഉണ്ടായേക്കാം എന്ന തരത്തിൽ പല ലീക്കഡ് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. മാത്രമല്ല ഈ ഫോണിനെക്കുറിച്ച് നിരവധി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

MOST READ: ഐഫോൺ 15 വാങ്ങാൻ എയർടെൽ സഹായിക്കും, ഡിസ്കൗണ്ട് 12000 രൂപ! ഓഫർ ഇതാ
ഗാലക്സി എസ് 24 സീരീസ് ഫോണുകൾ എഐ ഫോണുകൾ ആയിരിക്കും എന്നതാണ് പുതിയതായി പുറത്ത് വരുന്ന ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീരീസിലെ എല്ലാ ഫോണുകളും എഐ ഫോണുകൾ ആയിരിക്കും എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഗാലക്‌സി എസ് 24, ഗാലക്‌സി എസ് 24 പ്ലസ്, ഗാലക്‌സി എസ് 24 അൾട്രാ എന്നീ ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടാകാൻ സാധ്യത.
സാംസങ് എഐ ഫോണുകൾക്കായി വ്യാപാരമുദ്ര അപേക്ഷകൾ ഫയൽ ചെയ്തതിന് പിന്നാലെയാണ് ഇത്തരം വാർത്തകൾ പ്രചരിക്കാൻ ആരംഭിച്ചത്. മാത്രമല്ല പുതിയ സീരീസിലെ ടോപ് എൻഡ് മോഡലായ ഗാലക്സി എസ് 24 അൾട്രയ്ക്ക് കർവ്ഡ് ഡിസ്പ്ലേ ആയിരിക്കും സാംസങ് നൽകാൻ സാധ്യത എന്നും പ്രമുഖ ടിപ്സ്റ്റർ അവകാശപ്പെട്ടു. ഗാലക്സി ക്ലബ് എന്ന മാധ്യമമാണ് സാംസങ് എഐ ഫോണുകൾക്കായി വ്യാപാരമുദ്ര അപേക്ഷകൾ ഫയൽ ചെയ്തു എന്ന വാർത്ത പുറത്ത് വിട്ടത്.

എആർ ഗ്ലാസുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഓഗ്‌മെന്റഡ് റിയാലിറ്റി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ടിവികൾ, സ്മാർട്ട് ഫോണുകൾ എന്നിവ നിർമ്മിക്കാനും സാംസങ് തയ്യാറാകുന്നു എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എആർ ഗ്ലാസുകൾ, സ്മാർട്ട് റിങ്ങുകൾ എന്നിവയ്ക്കായ് നേരത്തെ തന്നെ സാംസങ് ട്രേഡ്‌മാർക്ക് അപേക്ഷകൾ ഫയൽ ചെയ്തിരുന്നു. അതേ സമയം സൂപ്പർറോഡർ എന്ന ടിപ്സ്റ്ററാണ് ഗാലക്സി എസ് 24 അൾട്രയുടെ ഡിസ്പ്ലേ കർവ്ഡ് ആയിരിക്കും എന്ന് പ്രവചിച്ചിരിക്കുന്നത്.
ഡിസ്പ്ലേയുടെ വശങ്ങളിലെ ബെസലിൽ 0.3-0.4 മില്ലി മീറ്റർ ചെറിയ വളവ് ഉണ്ടായിരിക്കും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. എന്നാൽ മുകളിലും താഴെയും ഉള്ള ബെസലിന്റെ വലുപ്പങ്ങൾ സമാനമായിരിക്കും എന്നും ഇദ്ദേഹം പ്രവചിക്കുന്നു. Snapdragon 8 Gen 3 SoC-ൽ ആയിരിക്കും പുതിയ ഫോണുകൾ പ്രവർത്തിക്കുക എന്നും ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല പുതിയ ഐഫോണുകൾക്ക് സമാനമായി ടൈറ്റാനിയം ഫ്രെയിമിൽ ആയിരിക്കും ഇവ പുറത്തിറങ്ങുക എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
ഫോണുകളുടെ ബാറ്ററി ലൈഫ് വർധിപ്പിക്കാനായി ഇവി ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. അതേ സമയം മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംഭവിച്ചാൽ സാംസങ് പുറത്തിറക്കുന്ന ആദ്യത്തെ എഐ ഫോണുകൾ ആയിരിക്കും ഗാലക്സി എസ് 24 സീരീസ് ഫോണുകൾ. എന്നാൽ ആരാധകർക്ക് ആകാംഷ ഫോണുകളുടെ ക്യാമറ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിനായിരിക്കും. കാരണം എസ് 23 അൾട്രയുടെ ക്യാമറ വലിയ വിപ്ലവം സൃഷ്ടിച്ച ഒന്നായിരുന്നു.
ക്യാമറയുടെ സൂമിങ് കപ്പാസിറ്റി എല്ലാത്തരം ഉപയോക്താക്കളെയും അതിശയിപ്പിച്ച ഒന്നായിരുന്നു. ഇതിൽ അപ്ഡ്രേഡ് നടത്തുമ്പോൾ എന്തുതരം മാറ്റമാണ് ഉണ്ടാകുക എന്ന ആകാംഷയിലാണ് സാംസങ് ആരാധകർ. അതേ സമയം മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ ചില ചോർച്ചാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്നവയാണ്. സാംസങ് ഇതുവരെ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല എന്ന് വായനക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


Click it and Unblock the Notifications








