സർക്കാരിന്റെ എഐ ക്യാമറയൊക്കെ എന്ത്; എസ്24 അൾട്രയുടെ എഐ ക്യാമറയല്ലേ കേമൻ, സവിശേഷതകൾ അറിയണോ?
സാംസങ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണാണ് ഗാലക്സി എസ്24 അൾട്ര. ക്യാമറ ഫീച്ചറുകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച ഗാലക്സി എസ് 23 അൾട്രയുടെ പിൻഗാമി ആയതിനാൽ ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാകുകയാണ്. അടുത്ത വർഷം ജനുവരിയിൽ ഫോൺ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാംസങ്ങിന്റെ ആദ്യ എഐ ഫോൺ ആയിരിക്കും ഗാലക്സി എസ് 24 അൾട്ര എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെത് എന്ന് അവകാശപ്പെടുന്ന ചില എഐ ഫീച്ചറുകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. പ്രമുഖ ടിപ്സ്റ്റർ ആയ ബെനിറ്റ് ബ്രൂഹ്നർ ആണ് ഈ ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദീകരിച്ചിരിക്കുന്നത്. ഫോണിന്റെ ക്യാമറയിലാണ് കൂടുതലായി എഐ ഫീച്ചറുകൾ സാംസങ് നൽകിയിരിക്കുന്നത്.

സൂമിങ് കപ്പാസിറ്റിയിലാണ് ഗാലക്സി എസ് 23 അൾട്ര വിപ്ലവം സൃഷ്ടിച്ചത് എങ്കിൽ ക്യാമറയുടെ എല്ലാ മേഖലയിലും വ്യക്തമായ ആധിപത്യം ഉറപ്പിക്കാൻ ആയിരിക്കും ഗാലക്സി എസ് 24 അൾട്ര എത്തുക. ബെനിറ്റ് ബ്രൂഹ്നർ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഫോണിന് ഉണ്ടായിരിക്കുന്ന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഫോണിൽ വീഡിയോ പകർത്തുമ്പോൾ ഉപയോക്താക്കൾക്ക് ആവിശ്യമില്ലാത്ത പശ്ചാത്തല വസ്തുക്കൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന തരത്തിൽ ഒരു ഫീച്ചർ ഉണ്ടായിരിക്കും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
നേരത്തെ ഗൂഗിൾ അവതരിപ്പിച്ച പിക്സൽ 8ലും ഇതിന് സമാനമായ ഫീച്ചർ നൽകിയിരുന്നു. മാജിക് ടൂൾ എന്ന പേരിൽ ആയിരുന്നു ഈ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിരുന്നത്. ഇതിന് സമാനമാണ് ഗാലക്സി എസ് 24ലെ പുതിയ ഫീച്ചറും. വീഡിയോ പ്രോസസിങ്ങിനും ഗാലക്സി എസ് 24 അൾട്രയിൽ എഐ ഫീച്ചർ ഉണ്ടായിരിക്കുന്നതായിരിക്കും എന്നും ഇദ്ദേഹം പറയുന്നു. ഇതുവഴി കുറഞ്ഞ ലൈറ്റുള്ള പശ്ചാത്തലത്തിലും മികച്ച തെളിച്ചമുള്ള ചിത്രങ്ങൾ പകർത്താൻ സാധിക്കുന്നതായിരിക്കും.

മാത്രമല്ല എസ് 24 സീരീസിലെ എല്ലാ ഫോണുകൾക്കും പ്രത്യേകമായ എഐ ചാറ്റ്ബോട്ട് നൽകാനും സാംസങ് പദ്ധതിയിടുന്നുണ്ട്. ഗാലക്സി എസ് 24, ഗാലക്സി എസ് 24 പ്ലസ്, ഗാലക്സി എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ഈ സീരീസിൽ സാസംങ് പുറത്തിറക്കുന്നത്. ഈ എഐ ചാറ്റ്ബോട്ടിന്റെ സഹായത്താൽ ഉപയോക്താക്കൾക്ക് വരുന്ന കോളുകളിൽ നിന്ന് പ്രധാനപ്പെട്ട വിവരങ്ങൾ പെട്ടെന്ന് വേർതിരിച്ചെടുക്കാൻ സാധിക്കുന്നതായിരിക്കും.
നിങ്ങൾക്ക് ഫോൺകോൾ എത്തുമ്പോൾ ഇത് എടുക്കാൻ സാധിക്കുന്നില്ലെങ്കിൽ കോൾ തന്നെ ടെക്സ്റ്റ് ഫോർമാറ്റിൽ എടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചർ, സാംസങ് നോട്ടുകളിലെ ഓട്ടോമാറ്റിക് ഫോർമാറ്റിംഗ് ശേഷി, എഐ ജനറേറ്റഡ് വാൾപേപ്പറുകൾ തുടങ്ങി നിരവധി ഫീച്ചറുകളെയും ഗാലക്സി എസ് 24 അൾട്ര പിന്തുണയ്ക്കുമെന്നും വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 200 മെഗാപിക്സൽ പ്രൈമറി ലെൻസ് ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. ഇതിന് എഐ ഒപ്റ്റിമൈസേഷനുകൾ ഉൾക്കൊള്ളിക്കുമെന്ന് മറ്റൊരു ടിപ്സ്റ്റർ അവകാശപ്പെട്ടിരുന്നു.
ഐസ് യൂണിവേഴ്സ് എന്ന ടിപ്സ്റ്ററാണ് ഇക്കാര്യം അവകാശപ്പെട്ടിരിക്കുന്നത്. ഈ സവിശേഷത ഉപയോഗിച്ച് പന്ത്രണ്ടോളം തരം ഒബ്ജറ്റുകളെ ക്യാമറ തിരിച്ചറിയുമെന്നും മികച്ച നിലവാരത്തിൽ ഇവയുടെ ചിത്രങ്ങളെടുക്കാൻ സഹായിക്കുമെന്നും ഇദ്ദേഹം പറയുന്നു. അതേ സമയം ടിപ്സ്റ്റർ അഹമ്മദ് ക്വൈഡർ വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ് 24 അൾട്രയിലെ ഫോട്ടോകൾ ഡിഫോൾട്ടായി 24 എംപി ആയിരിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. എസ് 23 അൾട്രയിൽ ഇത് 12 എംപി ആയിരുന്നു.
2024 ജനുവരി 17ന് പുതിയ സീരീസ് ഫോണുകൾ സാംസങ് അവതരിപ്പിക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ 200 എംപി ആയിരിക്കും ഫോണിന്റെ പ്രൈമറി ക്യാമറ. ഇതിന് പുറമെ 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും 5x ടെലിഫോട്ടോ ലെൻസുള്ള 50 എംപി ലെൻസും 10x ടെലിഫോട്ടോ ലെൻസുള്ള 10 എംപി സെൻസറും ഫോണിൽ ഇടം പിടിക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








