ഇന്നാ പിടിച്ചോ അടുത്ത ഓഫർ; ഗാലക്സി ടാബ് എസ്9 എഫ്ഇ സീരീസിന് 8000 രൂപ ഡിസ്കൗണ്ടുമായി സാംസങ്
സ്മാർട്ട് ഫോണുകൾക്ക് ശേഷം ഗാഡ്ജറ്റ് പ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാഡ്ജറ്റുകളിൽ ഒന്നാണ് ടാബ്ലെറ്റുകൾ. നിരവധി ടെക് കമ്പനികൾ ഗാഡ്ജറ്റുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകൾ ആപ്പിളും സാംസങ്ങുമാണ്. ഇതിനോടകം തന്നെ നിരവധി ടാബ്ലെറ്റുകൾ ഇരു കമ്പനികളും പുറത്ത് ഇറക്കിയിട്ടുണ്ട്. മികച്ച ഓഫറുകളും ഇവയ്ക്കായി കമ്പനികൾ പ്രഖ്യാപിക്കാറുണ്ട്.
ഇത്തരത്തിൽ ഒരു ഓഫർ ഇതാ ഇപ്പോൾ സാംസങ് പ്രഖ്യാപിച്ചിരിക്കുകയാണ്. സാംസങ്ങിന്റെ ജനപ്രിയ ടാബ്ലെറ്റായ സാംസങ് ഗാലക്സി ടാബ് എസ് 9 എഫ്ഇ സീരീസിനാണ് കമ്പനി ഇപ്പോൾ മികച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി ടാബ് എസ് 9 എഫ്ഇ, ഗാലക്സി ടാബ് എസ് 9 എഫ്ഇ പ്ലസ് എന്നിങ്ങനെ രണ്ട് ടാബുകൾ ആണ് ഈ സീരീസിൽ ഉള്ളത്. 8000 രൂപയുടെ ഡിസ്കൗണ്ട് ആണ് ഇവയ്ക്ക് ഇപ്പോൾ സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ രണ്ട് ടാബ്ലെറ്റുകളിലും സ്റ്റൈലസ് പെനിന്റെ പിന്തുണ ഉണ്ടായിരിക്കുന്നതാണ്. ഇതിൽ ഗാലക്സി ടാബ് എസ് 9 എഫ്ഇയുടെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റ് 36,999 രൂപയ്ക്ക് ആണ് സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഇത് സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 34,999 രൂപയ്ക്ക് ആണ്. കൂടാതെ 4000 രൂപയുടെ തൽത്സമയ ഡിസ്കൗണ്ടും ഇവയ്ക്കായി സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതോടെ ഈ ടാബിന്റെ വില 30,999 രൂപയായി കുറയുന്നതാണ്. ഇതിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ലോഞ്ച് വില ആകട്ടെ 47,999 രൂപയാണ് എന്നാൽ ഈ വേരിയന്റ് ഇപ്പോൾ 45,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച തൽത്സമയ ഡിസ്കൗണ്ട് ഈ വേരിയന്റിനും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടെ ഇതിന്റെ വില 41,999 രൂപയായും കുറയുന്നതാണ്. 5ജി പതിപ്പിനും സമാനമായ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.

അതേ സമയം ഗാലക്സി ടാബ് എസ് 9 എഫ്ഇ പ്ലസിന്റെ ഡിസ്കൗണ്ട് പരിശോധിക്കുമ്പോൾ 54,999 രൂപയാണ് ഇതിന്റെ അടിസ്ഥാന വേരിയന്റിന്റെ വില. ഇതിന് 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിവയാണ് അവകാശപ്പെടാനുള്ളത്. എന്നാൽ ഇപ്പോൾ ഈ ടാബ് ലിസ്റ്റ് ചെയ്തിരിക്കുന്നത് 51,999 രൂപയ്ക്ക് ആണ്. കൂടാതെ ബാങ്ക് ഓഫറുകൾ വഴി 5000 രൂപയുടെ അധിക ഡിസ്കൗണ്ടും നമ്മുക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്.
ഇതോടെ ഗാലക്സി ടാബ് എസ് 9 എഫ്ഇ പ്ലസിന്റെ വില 46,999 രൂപയായി ചുരുങ്ങുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ടാബ് വാങ്ങുമ്പോൾ ആണ് ഈ ബാങ്ക് ഓഫർ ലഭ്യമാകുക. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമെ പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിലും ഈ ഓഫറുകൾ ലഭ്യമാണ്. എന്നാൽ പരിമിതമായ കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കു എന്ന് സാംസങ് അറിയിച്ചിട്ടുണ്ട്.
രണ്ട് ടാബുകളിലും Exynos 1380 SoC പ്രൊസസർ ആണ് സാംസങ് നൽകിയിരിക്കുന്നത്. മികച്ച പെർഫോമൻസ് തന്നെ ഈ ഉപകരണങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഗാലക്സി ടാബ് എസ് 9 എഫ്ഇ പ്ലസിന് 12.4 ഇഞ്ച് WQXGA (2,560 x 1,600 പിക്സലുകൾ) LCD സ്‌ക്രീൻ ആണ് സാംസങ് നൽകിയിരിക്കുന്നത്. മികച്ച കാഴ്ചാ അനുഭവം തന്നെ ഇത് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേ സമയം ഗാലക്സി ടാബ് എസ് 9 എഫ്ഇയ്ക്ക് ആകട്ടെ 90 Hz പുതുക്കൽ നിരക്കുള്ള 10.9 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയാണ് അവകാശപ്പെടാനുള്ളത്. രണ്ട് ടാബ്ലെറ്റിനും 12 എംപിയുടെ ഫ്രണ്ട് ക്യാമറ സാംസങ് നൽകിയിട്ടുണ്ട്. വീഡിയോ കോളുകളും സെൽഫി ചിത്രങ്ങളും മനോഹരമായി ആസ്വദിക്കാൻ ഈ ക്യാമറകൾ സഹായിക്കുന്നതാണ്. ഇവയുടെ ഡസ്റ്റ്, വെള്ളം എന്നിവയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ റേറ്റിങ് ഐപി 68 ആണെന്നും സാംസങ് അവകാശപ്പെടുന്നു.


Click it and Unblock the Notifications








