എസ് 24 അൾട്രയ്ക്ക് പുറമെ മറ്റൊരു അൾട്രാ ഫോൺ കൂടി ഈ വർഷം സാംസങ് പുറത്തിറക്കും; ഫോൾഡബിൾ അൾട്രാ ഫോൺ
സാംസങ്ങ് ഫോണുകളുടെ പ്രശസ്തി വർധിപ്പിക്കാൻ സഹായിച്ച മോഡലുകളാണ് അൾട്രാ ഫോണുകൾ. പ്രത്യേകിച്ച് സാംസങ് ഗാലക്സി എസ് 23 അൾട്ര, എസ് 24 അൾട്ര എന്നീ ഫോണുകൾ. പ്രീമിയം സെഗ്മെന്റിൽ എത്തിയ ഈ ഫോണുകൾ ആപ്പിളിന്റെ ഐഫോണുകൾക്ക് വരെ വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
മികച്ച ക്യാമറാ ഫീച്ചറുകൾ ആണ് ആൾട്രാ ഫോണുകളെ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഡിഎസ്എൽആർ ക്യാമറകൾക്ക് പോലും അവകാശപ്പെടാൻ സാധിക്കാത്ത തരത്തിലുള്ള സൂമിങ് കഴിവുകളും ഈ ഫോണുകൾക്കായി സാംസങ് നൽകിയിരിക്കുന്നു. പൊതുവെ എസ് സീരീസ് ഫോണുകളിലാണ് സാംസങ് അൾട്രാ മോഡലുകൾ പുറത്തിറക്കുന്നത്. ഈ സീരീസിൽ അവസാനമായി ഇറങ്ങിയ ഫോൺ ഗാലക്സി എസ് 24 അൾട്രയാണ്. ഈ വർഷം ജനുവരി മാസത്തിൽ ആയിരുന്നു സാംസങ് ഈ ഫോൺ അവതരിപ്പിച്ചത്.

അടുത്തതായി ഇറങ്ങാനുള്ള അൾട്ര മോഡൽ എന്നത് ഗാലക്സി എസ് 25 അൾട്രയാണ്. അടുത്ത വർഷമാണ് ഈ ഫോൺ സാംസങ് പുറത്തിറക്കു. എന്നാൽ ഇതിന് മുമ്പ് ഈ വർഷം തന്നെ മറ്റൊരു അൾട്രാ ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ് എന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ്ങിന്റെ ഫോൾഡബിൾ സീരീസായ ഇസെഡ് സീരീസിലും പുതിയ അൾട്രാ ഫോണുകൾ പുറത്തിറക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.
കഴിഞ്ഞ വർഷമാണ് സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 5, ഫ്ലിപ് 5 എന്നിങ്ങനെ രണ്ട് ഫോൾഡിങ് ഫോണുകൾ പുറത്തിറക്കിയത്. ഈ ഫോണുകളുടെ പിൻഗാമികളായി ഗാലക്സി ഇസെഡ് ഫോൾഡ് 6, ഫ്ലിപ് 6 എന്നിങ്ങനെ രണ്ട് ഫോണുകൾ ഈ വർഷം അവതരിപ്പിക്കുന്നതായിരിക്കും. ഈ ഫോണുകൾക്ക് ഒപ്പം ആയിരിക്കും പുതിയ അൾട്രാ ഫോണിനെ സാംസങ് അവതരിപ്പിക്കുക. എസ് 24 അൾട്രയ്ക്ക് നൽകിയ അതേ ക്യാമറ തന്നെയായിരിക്കും ഈ ഫോണിനും നൽകാൻ സാധ്യത.

200 മെഗാപിക്‌സൽ പ്രൈമറി സെൻസർ ആയിരുന്നു എസ് 24 അൾട്രയ്ക്കായി സാംസങ് നൽകിയിരുന്നത്. സീരീസിലെ ടോപ് എൻഡ് മോഡൽ എന്ന നിലയ്ക്ക് ആയിരിക്കും അൾട്രാ ഫോണിനെ സാംസങ് എത്തിക്കുക. ഗാലക്സി ഇസെഡ് ഫോൾഡ് 6 അൾട്ര എന്ന പേരിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങാൻ സാധ്യത. 9 ടു 5 ഗൂഗിൾ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
അതേ സമയം ഈ ഫോൺ ഒരു പക്ഷെ ദക്ഷിണ കൊറിയയിൽ മാത്രമെ സാംസങ് പുറത്തിറക്കു എന്നും സൂചന ലഭിക്കുന്നുണ്ട്. SM-F958N എന്ന മോഡൽ നമ്പർ ആണ് ഗാലക്സി ഇസെഡ് ഫോൾഡ് 6 അൾട്രയ്ക്ക് സാംസങ് നൽകിയിരിക്കുന്നത്. ഇത് ദക്ഷിണ കൊറിയൻ വേരിയന്റുകൾക്ക് നൽകുന്ന നമ്പറുകൾക്ക് സമാനാമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ അടക്കമുള്ള വിപണികളിൽ ഈ ഫോൺ എത്തുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.
അതേ സമയം ഈ സീരീസിൽ ഒരു ഫാൻ എഡിഷൻ എന്നപോലെ ഗാലക്സി എസെഡ് ഫോൾഡ് 6 എഫ്ഇ എന്ന പേരിൽ വില കുറഞ്ഞ ഒരു ഫോൾഡബിൾ ഫോൺ സാംസങ് പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട് എന്ന് നേരത്തെ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിലും ഇതുവരെ വ്യക്തത ഒന്നും ലഭിച്ചിട്ടില്ല. ഫോൾഡ് 6 സീരീസ് ജൂലൈ മാസത്തിൽ ഇറങ്ങുമ്പോൾ ഇതിന്റെ എഫ്ഇ വേർഷൻ വർഷാവസാനം ഇറങ്ങും എന്നായിരുന്നു ഈ റിപ്പോർട്ട് സൂചിപ്പിച്ചിരുന്നത്.
ഗാലക്സി എസെഡ് ഫോൾഡ് 6 ഫോണുകൾക്ക് ഒപ്പം തന്നെ സാംസങ് തങ്ങളുടെ സ്മാർട്ട് റിങ്ങും പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മിക്കവാറും ഈ വർഷം ജൂലൈയിൽ നടക്കുന്ന സാംസങ് ഗാലക്സി അൺപായ്ക്ക് ഇവന്റിൽ ആയിരിക്കും ഇവ പുറത്തിറക്കാനുള്ള സാധ്യത. ഈ വർഷം സാംസങ് നടത്തുന്ന പ്രധാനപ്പെട്ട രണ്ടാമത്തെ അൺപായ്ക്ക് ഇവന്റ് ആയിരിക്കും ഇത്. ആദ്യ അൺപായ്ക്ക് ഇവന്റ് ജനുവരി മാസത്തിൽ സാംസങ് നടത്തിയിരുന്നു.


Click it and Unblock the Notifications








