എഐ ഫീച്ചറുകൾ കണ്ട് ഗാലക്സി എസ്24 ഫോണുകൾ വാങ്ങിയാൽ പണികിട്ടും; കാശ് കൈയ്യിൽ നിന്ന് പോകും
കഴിഞ്ഞ ദിവസങ്ങളിൽ ടെക് ലോകത്ത് കേട്ട ഏറ്റവും വലിയ വാർത്ത ആയിരുന്നു സാംസങ്ങിന്റെ ഗാലക്സി എസ് 24 സീരീസ് ഫോണുകളുടെ ലോഞ്ച്. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആണ് ഈ സീരീസിൽ സാംസങ് പുറത്തിറക്കിയിരിക്കുന്നത്.
ഇതിൽ ടോപ് എൻഡ് മോഡലായ എസ് 24 അൾട്ര ഈ വർഷത്തെ തന്നെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായിരിക്കും. കാരണം അത്രയും മികച്ച ഫീച്ചറുകളാണ് ഈ ഫോണിനായി സാംസങ് തയ്യാറാക്കിയിരിക്കുന്നത്. സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോണുകളും ഈ ഫോണുകളാണ്. നിരവധി ഫീച്ചറുകളിൽ സാംസങ് എഐ പിന്തുണ നൽകിയിരിക്കുന്നു. ക്യാമറ ഫീച്ചറുകളിൽ ഏറെ വിപ്ലവമുണ്ടാക്കിയ എസ് 23 അൾട്രയുടെ പിൻഗാമിയാണ് എസ് 24 അൾട്ര.

എസ് 23 അൾട്രയേക്കാൾ നിരവധി അപ്ഡേറ്റും എസ് 24 അൾട്രയ്ക്ക് സാംസങ് നൽകിയിട്ടുണ്ട്. ജനുവരി 31 മുതൽ ഈ ഫോണുകൾ വിപണിയിൽ എത്തും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. ഫോണിന്റെ എഐ ഫീച്ചറുകൾ തന്നെയാണ് ഏറ്റവും മികച്ച് നിൽക്കുന്നതായി ലോഞ്ച് വേളയിൽ സാംസങ് അറിയിച്ചിരിക്കുന്നത്. എന്നാൽ എഐ ഫീച്ചറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് കമ്പനി പുറത്ത് വിടുന്നത്. ഈ ഫീച്ചറുകൾ സൗജന്യമായി ലഭിക്കില്ല എന്നാണ് കമ്പനി പറയുന്നത്.
സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2025ന്റെ അവസാനം വരെ മാത്രമെ സാംസങ് ഗാലക്സി എസ് 24 സീരീസ് ഫോണുകളിൽ എഐ സർവ്വീസുകൾ സൗജന്യമായി ലഭിക്കു എന്നാണ് വെബ്സൈറ്റിൽ കുറിച്ചിരിക്കുന്നത്. ഇതിന് ശേഷം ഈ എഐ സർവ്വീസുകൾ ആസ്വദിക്കണം എങ്കിൽ ഉപയോക്താക്കൾ പണം നൽകേണ്ടി വരും. വിവധ നിബന്ധനകൾക്ക് വിധേയമായി ആണ് ഗൂഗിൾ സാംസങ്ങുമായി സഹകരിച്ച് എഐ സർവ്വീസുകൾ ഒരുക്കിയിരിക്കുന്നത്.

2025 നവംബറിന് ശേഷം ആയിരിക്കും ഈ സർവ്വീസുകൾക്കായി സാംസങ് പണം ഈടാക്കുക. അതു കഴിഞ്ഞ് ഉപയോക്താക്കൾ ഈ സർവ്വീസിന് പണം നൽകേണ്ടി വരും എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. എന്നാൽ എത്ര പണമാണ് ഇതിന് വേണ്ടി വരുക എന്ന കാര്യം സാംസങ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം നിരവധി ഫീച്ചറുകളാണ് എഐയുടെ പിന്തുണയോടെ ഗാലക്സി എസ് 24 സീരീസ് ഫോണുകളിൽ ഉള്ളത്.
കുറിപ്പുകൾക്ക്, ലാഗ്വേജ് ട്രാൻസിലേഷന്, ഗൂഗിൾ സർച്ചിന്, ക്യാമറയ്ക്ക് എന്ന് തുടങ്ങി നിരവധി കാര്യങ്ങൾക്ക് എഐ പിന്തുണ നേടാവുന്നതാണ്. സർക്കിൾ ടു സെർച്ച് എന്ന ഫീച്ചർ വഴി ഫോട്ടോയിലെ നിശ്ചിത ഭാഗം കട്ട് ചെയ്ത് സർച്ച് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിന് പറമെ ക്യാമറ ഫീച്ചറുകളിലും സാംസങ് എഐ പിന്തുണ നൽകിയിട്ടുണ്ട്. ജനുവരി 17ന് ഇന്ത്യൻ സമയം അർത്ഥ രാത്രിയിൽ ആയിരുന്നു ഈ ഫോണുകൾ സാംസങ് പുറത്തിറക്കിയത്.
79,999 രൂപ മുതലാണ് ഇന്ത്യയിൽ ഗാലക്സി എസ് 24 സീരീസ് ഫോണിന്റെ വില ആരംഭിക്കുന്നത്. ഗാലക്സി എസ് 24ന്റെ 8 ജിബി റാം 256ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. 512 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 89,999 രൂപയാണ്. ഗാലക്സി എസ് 24 പ്ലസിന്റെ വില പരിശോധിക്കുമ്പോൾ 99,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജിനാണ് ഈ വില.
ഫോണിന്റെ 512 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 109,999 രൂപയാണ്. എസ് 24 അൾട്രയുടെ വില ആരംഭിക്കുന്നത് ആകട്ടെ 129,999 രൂപ മുതലാണ്. 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഇതിന് പുറമെ 512 ജിബി, 1 ടിബി എന്നീ വേരിയന്റുകളിലും ഈ ഫോൺ പുറത്തിറങ്ങുന്നുണ്ട്. ഇവയുടെ വില യഥാക്രമം 139,999 രൂപ, 159,999 രൂപ എന്നിങ്ങനെയാണ്.


Click it and Unblock the Notifications








