ലക്ഷങ്ങൾ മുടക്കി എസ്24 സീരീസ് വാങ്ങിയവർക്ക് പണികിട്ടി; ഡിസ്പ്ലേയിൽ അടിമുടി പ്രശ്നമെന്ന് ഉപയോക്താക്കൾ
ഈ വർഷത്തെ തന്നെ ഏറ്റവും മികച്ച ഫോൺ എന്ന ലേബലിൽ ജനുവരി 17ന് സാംസങ് ആഗോളതലത്തിൽ പുറത്തിറക്കിയ ഫോണുകൾ ആയിരുന്നു ഗാലക്സി എസ് 24 സീരീസ് ഫോണുകൾ. എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ മൂന്ന് ഫോണുകൾ ആയിരുന്നു ഈ സീരീസിൽ സാംസങ് അവതരിപ്പിച്ചത്.
സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോണുകൾ ആയിരുന്നു ഈ ഫോണുകൾ എന്നതും എസ് 24 സീരീസ് ഫോണുകളുടെ പ്രത്യേകതയാണ്. നിരവധി അത്യാധുനീക ഫീച്ചറുകളും ക്യാമറാ സവിശേഷതകളും ഈ ഫോണിനായി സാംസങ് തയ്യാറാക്കിയിരുന്നു. ഐഫോൺ 15 സീരീസ് ഫോണുകളുടെ എതിരാളികൾ എന്ന നിലയ്ക്ക് ആയിരുന്നു ഈ ഫോണുകൾ സാംസങ് പുറത്തിറക്കിയത്. ഫീച്ചറുകളിൽ ഐഫോണുകളെക്കാൾ മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഈ ഫോണുകൾ ചെറിയ പ്രശ്നം നേരിടുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫോണിന്റെ ഡിസ്പ്ലേയ്ക്കാണ് ചില പ്രശ്നങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല ഉപയോക്താക്കളുടെയും ഫോണിന്റെ ഡിസ്പ്ലേയിൽ അനാവശ്യമായി ചില നിറങ്ങൾ കടന്നു വരുന്നു എന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാംസങ് ശ്രമം തുടരുകയാണെന്നും വിവധ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഒരു വിഡ്‌നെസ് സ്ലൈഡർ വികസിപ്പിച്ച് ഇതിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ ആണ് സാംസങ് ശ്രമിക്കുന്നത്.
നിറങ്ങളുടെ പ്രശ്നത്തിന് പുറമെ മറ്റ നിരവധി പ്രശ്നങ്ങളും എസ് 24 സീരീസ് ഫോണുകളുടെ ഡിസ്പ്ലേയ്ക്ക് ഉണ്ടെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി സോഷ്യൽ മീഡിയാ പോസ്റ്റുകൾ പുറത്ത് വരുന്നുണ്ട്. ഡിസ്പ്ലേയിലെ ഗ്രെയ്നി ടെക്‌സ്‌ചറിൽ അനാവശ്യമായി ഇരുണ്ട നിറം കടന്നു വരുന്നു എന്നതാണ് ഈ പരാതികളിലൊന്ന്. നിരവധി എസ് 24, എസ് 24 പ്ലസ് ഉപയോക്താക്കൾ ഈ പ്രശ്നം നേരിടുന്നുണ്ട് എന്നാണ് ഒരു റെഡ്ഡിറ്റ് പോസ്റ്റ് സൂചിപ്പിക്കുന്നത്.

ചില എസ് 24 സ്റ്റാന്റേർഡ് ഫോണുകളുടെ ഡിസ്പ്ലേ ബ്രൈറ്റ്നസ് കുറയ്ക്കുമ്പോൾ സ്ക്രീനിന് ലംബമായി മൂന്ന് വര പ്രത്യക്ഷപ്പെടുന്നതായും റിപ്പോർട്ട് ഉണ്ട്. ഗ്രേഡിയൻ്റ് ചിത്രങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കുമ്പോഴും സ്ക്രീനിൽ ചില പ്രശ്നങ്ങൾ ഉള്ളതായും പരാതികൾ ഉയരുന്നുണ്ട്. ഈ പ്രശ്നം വ്യക്തമാക്കാനായി മറ്റ് ഫോണുകളിൽ ഗ്രേഡിയൻ്റ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതും എസ് 24 സീരീസിൽ ഗ്രേഡിയൻ്റ് ചിത്രം പ്രദർശിപ്പിക്കുന്നതുമായി കുറച്ച് ചിത്രങ്ങൾ ഒരു ഉപയോക്താവ് റെഡ്ഡിറ്റിൽ പങ്കുവെച്ചിരുന്നു.
എസ് 24 സീരീസിലെ തന്നെ മറ്റ് ഫോണുകൾ ഉപയോഗിച്ചിട്ടും ഈ പ്രശ്നം നേരിട്ടെന്നും ജനുവരി 31ന് മുമ്പ് നിർമ്മിച്ച എല്ലാ എസ് 24 സീരീസ് ഫോണുകളും ഈ പ്രശ്നം നേരിടുന്നുണ്ട് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അപ്ഡേറ്റ് ഉടൻ തന്നെ സാംസങ് പുറത്തിറക്കും എന്നാണ് സാംസങ്ങിന്റെ ലീക്കഡ് റിപ്പോർട്ടുകൾ എല്ലാം പുറത്തുവിടുന്ന ഐസ് യൂണിവേഴ്സ് എന്ന അക്കൗണ്ട് എക്സ് (ട്വിറ്റർ) പേജിൽ പറഞ്ഞിരിക്കുന്നത്.
സോഫ്റ്റുവെയർ പ്രശ്നങ്ങൾ മൂലമാണ് ഈ കേടുപാടുകൾ ഉണ്ടായിരിക്കുന്നത് എന്നാണ് സാംസങ്ങിന്റെ നിഗമനം. അതേ സമയം ഈ വർഷം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഫോണുകൾ ആണ് എസ് 24 സീരീസ് ഫോണുകൾ. എസ് 24 അൾട്ര ആണ് ഈ സീരീസിലെ ടോപ് എൻഡ് മോഡൽ. ക്യാമറ ഫീച്ചറുകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച എസ് 23 അൾട്രയുടെ പിൻഗാമി ആയിട്ടാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
ജനുവരി 31 മുതലാണ് ഫോണുകളെ വിൽപന ആരംഭിച്ചത്. 79,999 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് സീരീസിലെ സ്റ്റാന്റേർഡ് മോഡലായ എസ് 24ന്റെ അടിസ്ഥാന വേരിയന്റിനാണ് ഈ വില. എസ് 24 പ്ലസിന്റെ അടിസ്ഥാന വേരിയന്റിന്റെ വില ആരംഭിക്കുന്നത് 99,999 രൂപ മുതലാണ്. സീരീസിലെ ടോപ് എൻഡ് മോഡലായ എസ് 24 അൾട്രയുടെ വില ആകട്ടെ 1,29,999 രൂപ മുതലാണ് ആരംഭിക്കുന്നത്.


Click it and Unblock the Notifications








