ഗാലക്സി അൺപാക്ക് 2024 ഇന്ന്; എസ്24 അൾട്ര മുതൽ ഗാലക്സി എഐ വരെയുള്ള അദ്ഭുതക്കാഴ്ചകൾ കാണാനുള്ള വഴി ഇതാ
ഈ വർഷത്തെ ഏറ്റവും വലിയ അൺപാക്കിങ് ഇവന്റുകളിൽ ഒന്നായ സാംസങ് അൺപാക്കിങ് ഇവന്റ് 2024ൽ ഇന്ന് നടക്കും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാലക്സി എസ് 24 അൾട്ര ഉൾപ്പെടെ മൂന്നോളം ഫോണുകൾ ഈ ഇവന്റിൽ സാംസങ് പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമെ സാംസങ്ങിന്റെ എഐ സർവ്വീസ് ആയ ഗാലക്സി എഐയും ഈ വേളയിൽ സാംസങ് അവതരിപ്പിക്കുന്നതാണ്. ഗാലക്സി എസ് 24 സീരീസ് ഫോണുകൾ സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോണുകൾ ആയിരിക്കും എന്നും സൂചനകൾ ഉണ്ട്. ക്യാമറ ഫീച്ചറുകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച എസ് 23 അൾട്രയുടെ പിൻഗാമി എന്ന നിലയ്ക്കാണ് ഗാലക്സി എസ് 24 അൾട്രയെ സാംസങ് അവതരിപ്പിക്കുന്നത്. ആയതിനാൽ തന്നെ ആരാധകർക്ക് പ്രതീക്ഷ വാനോളമാണ്.

MOST READ: റിപ്പബ്ലിക്ക് ദിനം കളറാക്കാൻ ജിയോ; പുതിയ പ്ലാൻ വഴി വിവിധ ഓഫർ കൂപ്പണുകൾ സ്വന്തമാക്കാം
ആപ്പിളിന്റെ ഐഫോണുകൾക്ക് അടക്കം കനത്ത വെല്ലുവിളി ഉയർത്തിയ ഫോണാണ് സാംസങ് ഗാലക്സി എസ് 23 അൾട്ര. അതേ സമയം കാലിഫോർണിയയിലെ സാൻജോസിൽ ആയിരിക്കും സാംസങ്ങിന്റെ പുതിയ അൺപാക്കിങ് ഇവന്റ് നടക്കുന്നത്. ഗാലക്സി എസ് 24 സീരീസുകൾക്ക് പുറമെ ഫിറ്റ്‌നസ് ട്രാക്കറും അടുത്ത തലമുറ ഗാലക്‌സി ബഡ്‌സും ഗാലക്‌സി ഫിറ്റ് 3ഉം സാംസങ് ഈ വേളയിൽ പുറത്തിറക്കും എന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ സമയം രാത്രി 11.30 ആണ് ലോഞ്ച് നടക്കുന്നത്. സാംസങ്ങിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഇവന്റ് ലൈവ് ആയി പ്രദർശിപ്പിക്കുന്നതായിരിക്കും. പ്രധാനമായും ഫെയ്സ്ബുക്ക്, എക്സ് (ട്വിറ്റർ) എന്നീ സോഷ്യൽ മീഡിയയിൽ ആയിരിക്കും പുതിയ ഉത്പന്നങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റ് സാംസങ് നൽകുക. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും പ്രേക്ഷകർക്ക് ഇവന്റ് ചടങ്ങുകൾ തത്സമയം കാണാവുന്നതാണ്.

ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ ചടങ്ങുകൾ കാണുന്നവർക്കായി പ്രത്യേക ഓഫറും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഇവിടെ രജിസ്റ്റർ ചെയ്യാനും 5,000 രൂപയുടെ വൗച്ചർ ഗിഫ്റ്റ് നേടാനുമുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്. ഭാഗ്യശാലികളായ ഉപയോക്താക്കൾക്ക് ആയിരിക്കും ഈ വൗച്ചർ ലഭിക്കുക. ഈ വൗച്ചർ ഉപയോഗിച്ച് വിവധ സാംസങ് ഉപകരണങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്. മാത്രമല്ല 1,999 രൂപ നൽകി ഗാലക്‌സി എസ് 24 സീരീസ് സ്മാർട്ട്‌ഫോണുകൾ ബുക്ക് ചെയ്യാനും സാധിക്കുന്നതാണ്.
സാംസങ് ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആയിരിക്കും പുതിയ സീരീസിൽ സാംസങ് അവതരിപ്പിക്കുക. മികച്ച ക്യാമറ ഫീച്ചറുകൾ തന്നെയാണ് ഇതിന്റെ ടോപ് എൻഡ് മോഡലായ എസ് 24 അൾട്രയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഐഫോൺ 15 പ്രോ മോഡലുകൾക്ക് സമാനമായ ടൈറ്റാനിയം ഫ്രെയിമിൽ ആയിരിക്കാം എസ് 24 അൾട്ര പുറത്തിറങ്ങുന്നത്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6.1ൽ ആയിരിക്കും ഈ മൂന്ന് ഫോണുകളും പ്രവർത്തിക്കുന്നത്. ഗൂഗിൾ പിക്സൽ 8 സീരീസ് ഫോണുകളിൽ ഉണ്ടായിരുന്ന മാജിക്ക് ടൂളിന് സമാനമായി പുതിയ ടൂളും ഈ ഫോണുകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോ പകർത്തുമ്പോൾ തന്നെ പശ്ചാത്തലത്തിൽ നിന്ന് ആവിശ്യമില്ലാത്ത വസ്തുക്കൾ നീക്കം ചെയ്യാൻ സാധിക്കുന്ന ഫീച്ചർ ആയിരുന്നു പിക്സൽ 8ലെ മാജിക് ടൂൾ.
ഫോണിന്റെ വിലകളെ കുറിച്ചും ചെറിയ സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. എസ് 24 പ്ലസിന്റെ അടിസ്ഥാന വേരിയന്റിന് 1,04,999 രൂപയ്ക്കും 1,05,999 രൂപയ്ക്കും ഇടയിലായിരിക്കും ഇന്ത്യയിലെ വില എന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എസ് 23 പ്ലസിന് 94,999 രൂപ ആയിരുന്നു വില. എസ് 24 അൾട്രയ്ക്ക് ആകട്ടെ വില 1,34,999 രൂപയ്ക്കും 1,35,999 രൂപയ്ക്കും ഇടയിൽ വരാനാണ് സാധ്യത. ഫോണിന്റെ മുൻഗാമിയുടെ വില 1,24,999 രൂപ ആയിരുന്നു.


Click it and Unblock the Notifications








