ജനുവരി 17ന് സാംസങ്ങിന്റെ വജ്രായുധമെത്തും; എസ് 24 സീരീസിൽ എത്തുന്നത് മൂന്ന് ഫോണുകളെന്ന് റിപ്പോർട്ട്
സാംസങ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാലക്സി എസ് 24 പ്ലസ് അൾട്ര അടുത്ത വർഷം ആദ്യം ഇറങ്ങുമെന്ന് സൂചന. പുറത്തു വരുന്ന ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അടുത്ത വർഷം ജനുവരി 17ന് ഈ ഫോൺ സാംസങ് അവതരിപ്പിക്കും എന്നാണ്. ഗാലക്സി എസ് 23 അൾട്രയുടെ പിൻഗാമി എന്ന നിലയിലാണ് ഈ ഫോൺ പുറത്തിറങ്ങുന്നത്.
ക്യാമറ ഫീച്ചറുകളിൽ വിപ്ലവും സൃഷ്ടിച്ച മോഡൽ ആയിരുന്നു സാംസങ് ഗാലക്സി എസ് 23 അൾട്ര. ഈ ഫോണിന്റെ പിൻഗാമി അവതരിക്കുന്നു എന്ന് പറയുമ്പോൾ ആരാധകർക്ക് ആവേശം കൂടുതാലായിരിക്കും. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സാംസങ് എസ് 23 അൾട്ര അവതരിപ്പിച്ചത്. മികച്ച അഭിപ്രായം ആയിരുന്നു ഈ ഫോണിന് ഉപയോക്താക്കളിൽ നിന്ന് ലഭിച്ചത്. ഫോണിന്റെ സൂമിങ് കപ്പാസിറ്റി തന്നെയാണ് ഈ ഫോണിനെ വേറിട്ട് നിർത്തിയത്.

ക്യാമറ ഫീച്ചറുകളിൽ ഏറെ കേളി കേട്ട ആപ്പിളിന്റെ പല ഐഫോണുകളേയും എസ് 23 അൾട്ര പിന്നിലാക്കി. അതേ സമയം ജനുവരി 17ന് പുതിയ ഫോണുകൾ അവതരിപ്പിക്കുമ്പോൾ ഈ സീരീസിൽ മൂന്ന് മോഡലുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 പ്ലസ് അൾട്ര എന്നിവയാണ് ഈ മൂന്ന് മോഡലുകൾ. ഫോൺ അവതരിപ്പിക്കുന്ന ദിവസം തന്നെ പ്രീ ഓർഡർ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദി ഇലക് എന്ന കൊറിയൻ മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. യുഎസിലെ സാൻ ജോസിൽ വെച്ചായിരിക്കും സാംസങ് ഈ ഫോണുകൾ പുറത്തിറക്കുക എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഗാലക്സി എസ് 24 സീരീസ് ഫോണുകൾ പ്രീ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ജനുവരി 26നും ജനുവരി 30നും ഇടയിൽ ഫോൺ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ റിപ്പോർട്ടിൽ ദി ഇലക് പറയുന്നു.

2022 ഫെബ്രുവരി 9ന് ആണ് സാംസങ് ഗാലക്സി എസ് 22 അവതരിപ്പിച്ചത്. പിന്നീട് 2023 ഫെബ്രുവരി 1 ഗാലക്സി എസ് 23 സീരീസ് ഫോണുകളും അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ തള്ളിക്കളയാൻ സാധിക്കില്ല. സാംസങ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിൽ പോലും 2024 ജനുവരി എല്ലെങ്കിൽ ഫെബ്രുവരി മാസത്തിൽ ഗാലക്സി എസ് 24 സീരീസ് ഫോണുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഫോണിനെക്കുറിച്ച് ചില കിംവദന്തികളും പ്രചരിക്കുന്നുണ്ട്. ഐഫോൺ 15 പ്രോ ഫോണുകൾക്ക് സമാനമായി ടൈറ്റാംനിയം ഫ്രെയ്മിൽ ആയിരിക്കും ഗാലക്സി എസ് 24 പ്ലസ് അൾട്ര ഇറങ്ങുന്നത് എന്നാണ് ഇത്തരത്തിലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഗാലക്‌സി എസ് 23 അൾട്രയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ഫീച്ചറുകളും പുതിയ ഫോണിൽ സാംസങ് നിലനിർത്താനാണ് സാധ്യത.
എസ് 24 പ്ലസ് അൾട്രയിൽ Snapdragon 8 Gen 3 SoC ചിപ്പ് നൽകാനും സാധ്യതയുണ്ട്. എസ് 24, എസ് 24 പ്ലസ് എന്നീ ഫോണുകളിൽ Snapdragon 8 Gen 3 SoC for Galaxy ചിപ്പ് ആയിരിക്കും ഒരുപക്ഷെ സാംസങ് നൽകുക. എഐ കൊണ്ട് വികസിപ്പിച്ച ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6.0-ൽ ആയിരിക്കും ഈ ഫോണുകൾ പ്രവർത്തിക്കുക എന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുൻഗാമിയുടെ അപ്ഡേറ്റ് ചെയ്ത ക്യാമറ ആയിരിക്കും പുതിയ ഫോണുകളിൽ സാംസങ് നൽകുക. അതേ സമയം ഫോണിന്റെ വിലയെക്കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. എന്നിരുന്നാലും ഗാലക്സി എസ് 23 സീരീസിലുണ്ടായിരുന്ന ഫോണുകളേക്കാൾ കൂടുതൽ വില നൽകേണ്ടി വന്നേക്കാം എസ് 24 സീരീസ് ഫോണുകൾ സ്വന്തമാക്കാൻ. ടോപ് എൻഡ് മോഡലിന് രണ്ട് ലക്ഷത്തോളം വില വരും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








