നിങ്ങൾ സുരക്ഷിതരാണോ? 21 ലക്ഷത്തോളം സിം കാർഡുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ
രാജ്യത്ത് 21 ലക്ഷത്തോളം സിം കാർഡുകൾ റദ്ദാക്കാൻ ഒരുങ്ങി ടെലികോം മന്ത്രാലയം. വ്യാജ രേഖകൾ ചമച്ച് സ്വന്തമാക്കിയ സിം കാർഡുകൾ ആയിരിക്കും ഇത്തരത്തിൽ റദ്ദാക്കുക. നിലവിൽ ടെലികോം മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 21 ലക്ഷത്തോളം വരുന്ന സിം കാർഡുകൾ ആളുകൾ സ്വന്തമാക്കിയിരിക്കുന്നത് വ്യാജ രേഖകൾ സമർപ്പിച്ചാണ്.
ഈ സിമ്മുകൾ ആയിരിക്കും അടിയന്തരമായി റദ്ദാക്കാൻ മന്ത്രാലയം തയ്യാറാകുന്നത്. ഇവയെക്കുറിച്ചുള്ള കൂടുതൽ പഠനം നടത്താനും മന്ത്രാലയം ഉത്തരവ് ഇട്ടിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളൽ ഇവർക്ക് രേഖകൾ സമർപ്പിക്കാനുള്ള അവസരവും ടെലികോം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഇവരുടെ സിം കാർഡുകൾ റദ്ദ് ചെയ്യാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ചുള്ള നിർദേശം വിവധ ടെലികോം കമ്പനികൾക്ക് മന്ത്രാലയം നൽകിയിട്ടുണ്ട്.

MOST READ: സ്മാർട്ട് വാച്ചിലൂടെ എങ്ങനെ ഓൺലൈൻ പെയ്മെന്റ് നടത്താം? ഉത്തരം നൽകി നോയിസ്
ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വോഡാഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾക്കാണ് മന്ത്രാലയം ഈ നിർദേശം നൽകിയിരിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം റിലയൻസ് ജിയോയ്ക്ക് ആണ് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ളത്. രണ്ടാം സ്ഥാനത്തുള്ളത് ഭാരതി എയര്‍ടെല്‍ ആണ്. ആയതിനാൽ തന്നെ ഈ രണ്ട് കമ്പനികൾക്കായിരിക്കും ഏറ്റവും കൂടുതൽ വ്യാജ ഉപയോക്താക്കൾ ഉണ്ടാകാൻ സാധ്യത എന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകാനും അടിയന്തരമായി തന്നെ രേഖകൾ പുനപരിശോധിക്കാനുമാണ് ടെലികോം കമ്പനികൾക്ക് മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം. ഇതിൽ വ്യാജമാണെന്ന് തോന്നുന്ന നമ്പറുകളുടെ ലിസ്റ്റ് ടെലികോം മന്ത്രാലയത്തിന് കൈമാറണമെന്നും ഈ നിർദേശത്തിൽ പറയുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് സ്വന്തമാക്കിയ സിം കാർഡുകൾ കൊണ്ട് വലിയ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ പുതിയ നടപടി.

നിലവിൽ രാജ്യത്ത് നിരവധി ഓൺലൈൻ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്മാർട്ട് ഫോണുകൾ കേന്ദ്രീകരിച്ചാണ് ഇതിൽ ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. ഉപയോക്താക്കളുടെ ഫോണുകളിലേക്കോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കോ മാൽവെയർ ലിങ്കുകൾ അയയ്ച്ചാണ് തട്ടിപ്പുകാർ പ്രധാനമായും തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കളുടെ ഉപകരണം നിയന്ത്രിക്കാനുള്ള ആക്സസ് തട്ടിപ്പുകാർക്ക് ലഭിക്കുന്നു. ഇതിന്റെ സഹായത്താൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ തട്ടിപ്പുകാർക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
ഇതിന് പുറമെ വ്യാജ ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ്, ഡേറ്റിങ് ആപ്പ് തട്ടിപ്പ്, സിം ജാക്കിങ്, വ്യാജ ലോട്ടറി തട്ടിപ്പ്, ക്യൂആർ കോഡ് തട്ടിപ്പ്, ഡെലിവറി തട്ടിപ്പ് തുടങ്ങി നിരവധി ഓൺലൈൻ തട്ടിപ്പുകൾ ദിനം പ്രതി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇതിനോടകം തന്നെ വിവധ തട്ടിപ്പുകൾക്ക് ഇരയായിട്ടുള്ളത്. ഇവയെ എല്ലാം പ്രതിരോധിക്കാൻ പുതിയ തീരുമാനം സഹായകരമാകും എന്നാണ് ടെലികോം മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
അതേ സമയം നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായി പണം നഷ്ടപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കേണ്ടതാണ്. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട മുഴുവൻ തുകയും നിങ്ങൾക്ക് തിരിച്ചു ലഭിക്കാൻ സാധ്യതയുണ്ട്. സമയം വൈകുന്തോറും നിങ്ങൾക്ക് പണം തിരികെ ലഭിക്കാനുള്ള സാധ്യത കുറയുകയാണ്. ഈ നമ്പറിന് പുറമെ www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതികൾ അറിയിക്കാം.


Click it and Unblock the Notifications








