പിള്ളേരൊക്കെ മാറി നിൽക്ക്; 2024 സ്വന്തമാക്കാൻ വമ്പൻ ഫോണുകളുമായി മോട്ടറോള എത്തുന്നു
സ്മാർട്ട് ഫോൺ വിപണിയിൽ നിരവധി പുതിയ ഫോണുകൾ എത്തുന്ന വർഷം ആയിരിക്കും 2024. പുതിയ വർഷത്തിന്റെ ആദ്യ മാസത്തിൽ തന്നെ സാസംങ്, വൺപ്ലസ്, റെഡ്മി, വിവോ തുടങ്ങിയ മുൻ നിര കമ്പനികളെല്ലാം തങ്ങളുടെ പുതിയ ഫോണുകളുടെ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് സാംസങ്ങിന്റെ ഗാലക്സി എസ് 14 സീരീസ് ഫോണുകളാണ്.
സ്മാർട്ട് ഫോൺ ക്യാമറയിൽ ഏറെ വിപ്ലവം സൃഷ്ടിച്ച എസ് 23 അൾട്രയുടെ പിൻഗാമി ആയിട്ടാണ് സാംസങ് ഗാലക്സി എസ് 24 അൾട്രയെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ ഫോണിന്റെ ക്യാമറ ഫീച്ചറുകൾ എന്തെല്ലാമായിരിക്കും എന്ന് തന്നെ ആയിരിക്കും ഉപയോക്താക്കൾ ഉറ്റു നോക്കുന്നത്. ജനുവരി 18ന് ഈ ഫോൺ ആഗോള തലത്തിൽ എത്തിക്കും എന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. പ്രധാനമായും മൂന്ന് ഫോണുകൾ ആയിരിക്കും എസ് 24 സീരീസിൽ ഉണ്ടാകുക.

ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിവയാണ് ഈ ഫോണുകൾ. ഈ വർഷവും നിരവധി ഫോണുകൾ ആയിരുന്നു ഇന്ത്യൻ മാർക്കറ്റിൽ എത്തിയത്. ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഏറെ ജനപ്രിയമായി മാറി എന്നതാണ് ഈ വർഷം കണ്ട ഏറ്റവും വലിയ മാറ്റം. സാസംങ്, ഓപ്പോ, മോട്ടറോള, വൺപ്ലസ് തുടങ്ങി മുൻനിര കമ്പനികൾ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ എത്തിച്ചിരുന്നു.
ഇതിൽ ഏറ്റവും വില കുറഞ്ഞ ഫോൾഡബിൾ സ്മാർട്ട് ഫോണുകളിൽ ഒന്ന് അവതരിപ്പിച്ചത് മോട്ടറോളയാണ്. മോട്ടറോള റാസർ 40 ആയിരുന്നു ഈ ഫോൺ. ഉപയോക്താക്കളുടെ പക്കൽ നിന്ന് മികച്ച അഭിപ്രായം തന്നെയാണ് ഈ ഫോണുകൾക്ക് ലഭ്യമായത്. 2024ലും ശ്രദ്ധേയമായ ചില ഫോണുകൾ പുറത്തിറക്കാൻ മോട്ടറോള പദ്ധതിയിട്ടിട്ടുണ്ട്. 2024-ൽ മോട്ടറോള പുറത്തിറക്കാനിരിക്കുന്ന പ്രധാന ഫോണുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

ലെനോവോ മൊബൈൽ ബിസിനസ് ഗ്രൂപ്പിന്റെ ജനറൽ മാനേജർ ചെൻ ജിൻ ആണ് ഈ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 2024ൽ പുതിയ ഒരു റേസർ മോഡൽ മോട്ടറോള പുറത്തിറക്കും എന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. മോട്ടറോളയുടെ ഏറ്റവും ജനപ്രിയ സീരീസുകളിൽ ഒന്നാണ് റേസർ സീരീസുകൾ. ഇക്കൂട്ടത്തിലേക്ക് ഒരു പുതിയ ഫോൺ കൂടി വരാൻ പോകുകയാണെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. എഐ പിന്തുണയോടെ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുന്നത്.
എക്സ് സീരീസിലും പുതിയ ഫോൺ പുറത്തിറക്കാനായി മോട്ടറോള പദ്ധതിയിട്ടിരിക്കുന്നതായി ഇദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല മോട്ടറോള ജി സീരീസിലും പുതിയ ഫോൺ പ്രതീക്ഷിക്കാവുന്നതാണെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 2023ൽ ആയിരുന്നു മോട്ടറോള റേസർ സീരീസ് ഫോൺ പരിജയപ്പെടുത്തിയത്. ആഗോള തലത്തിൽ തന്നെ വൻ ജനസ്വീകാര്യതയാണ് ഈ ഫോണുകൾക്ക് ലഭിച്ചത്. ഈ സീരീസിൽ കൂടുതൽ ഫോണുകൾ പുറത്തിറക്കുന്നത് കമ്പനിയുടെ വളർച്ചയ്ക്ക് സഹായകമാകും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
അതേ സമയം ചൈനയിൽ മാത്രമായും ചില ഫോണുകൾ ഈ വർഷം മോട്ടറോള പുറത്തിറക്കിയിരുന്നു. മോട്ടോ ജി 34 5ജി ഇത്തരത്തിൽ ഒരു മോഡൽ ആയിരുന്നു. സ്‌നാപ്ഡ്രാഗൺ 695 SoC ചിപ്പ്സെറ്റ് ആയിരുന്നു ഈ ഫോണിനായി മോട്ടറോള നൽകിയിരുന്നത്. ഈ വർഷം ഒക്ടോബറിൽ മോട്ടറോള ചൈനയിൽ അവതരിപ്പിച്ച ഫോൺ ആയിരുന്നു മോട്ടറോള എഡ്ജ്. പിന്നാലെ സെറ്റംബറിൽ മോട്ടറോള എഡ്ജ് 40 നിയോ ഇവർ ഇന്ത്യയിൽ അവതരിപ്പിച്ചു.
അതേ സമയം ചുരുട്ടി വെയ്ക്കാവുന്ന റോളറബിൾ സ്ക്രീനുള്ള പുതിയ ഫോണിനായുള്ള നിർമ്മാണം മോട്ടറോള ഇതിനോടകം തന്നെ ആരംഭിച്ചു എന്ന തരത്തിലും നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ചിലപ്പോൾ 2024 തന്നെ ഈ ഫോൺ പുറത്തിറങ്ങിയേക്കും. എന്നാൽ ഇതു സംബന്ധിച്ച അറിയിപ്പുകൾ ഒന്നും മോട്ടറോളയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ലഭിച്ചിട്ടില്ല. ഒരു പക്ഷെ ഈ ഫോൺ വൈകി എത്താനും സാധ്യതയുണ്ട്.


Click it and Unblock the Notifications








