ജിയോയ്ക്കും എയർടെലിനും വെല്ലുവിളിയായി വിഐ; 5ജി സേവനം ഉടനെത്തുന്നു
കഴിഞ്ഞ വർഷമാണ് രാജ്യത്ത് 5ജി നെറ്റ്വർക്ക് ആരംഭിച്ചത്. റിലയൻസ് ജിയോയും ഭാരതി എയർടെലും ആണ് ഇന്ത്യയിൽ 5ജി എത്തിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. ഇതിനോടകം തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും 5ജി എത്തിക്കഴിഞ്ഞു. മറ്റുള്ള സ്ഥലങ്ങളിൽ ഉടൻ തന്നെ 5ജി നെറ്റ്വർക്ക് എത്തിക്കും എന്നാണ് എയർടെലും ജിയോയും അവകാശപ്പെടുന്നത്.
ഈ രണ്ട് കമ്പനികളാണ് ഇന്ത്യൻ ടെലികോം മേഖലയിൽ മുന്നിൽ നിൽക്കുന്നത്. ഉപയോക്താക്കളുടെ എണ്ണത്തിൽ ജിയോ ആണ് ആദ്യ സ്ഥാനത്ത്. എയർടെലിന് രണ്ടാം സ്ഥാനമാണ് ഉള്ളത്. ഈ രണ്ട് കമ്പനികൾക്ക് മാത്രമാണ് ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ഉള്ളു. അതേ സമയം ഇന്ത്യയിലെ മറ്റൊരു ടെലികോം കമ്പനി കൂടി ഉടൻ തന്നെ 5ജി നെറ്റ്വർക്കുമായി രംഗത്ത് വരും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത് മറ്റാരുമല്ല ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ എന്ന വിഐ ആണ്. അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ വിഐ ഇന്ത്യയിൽ 5ജി അവതരിപ്പിക്കും എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കണോമിക് ടൈംസ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിഐ ചീഫ് എക്‌സിക്യൂട്ടീവ് അക്ഷയ മൂന്ദ്ര ഇക്കാര്യം അവകാശപ്പെട്ടു എന്ന തരത്തിലാണ് ഇക്കണോമിക് ടൈംസിൽ വാർത്ത വന്നിരിക്കുന്നത്.
5ജി നെറ്റ്വർക്ക് ആരംഭിക്കുന്നതോടെ തങ്ങൾ 3ജി പൂർണ്ണമായി ഒഴിവാക്കും എന്നും ഇദ്ദേഹം വെളിപ്പെടുത്തി. 4ജി കമ്പനി നിലനിർത്തുന്നത് ആയിരിക്കും ഇതിനായി 2100 MHz ബാൻഡിൽ എയർവേവ് ഉപയോഗിക്കാനാണ് വിഐയുടെ പദ്ധതി. മൊത്തത്തിലുള്ള നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിക്കാനും വിഐ പദ്ധതി ഇടുന്നുണ്ട്. 4ജിയുമായി താരതമ്യം ചെയ്യുമ്പോൾ 5ജി നെറ്റ്വർക്കിന് 60 മുതൽ 70 ശതമാനം വരെ ഇന്റർനെറ്റ് സ്പീഡ് വർധിക്കും എന്നാണ് വിവധ കമ്പനികൾ അവകാശപ്പെടുന്നത്.

അതേ സമയം ഇതിനോടകം തന്നെ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് വിഐ തങ്ങളുടെ 3ജി സേവനം പിൻവലിച്ചിട്ടുണ്ട്. എയർടെൽ ജിയോ എന്നീ കമ്പനികളോട് തങ്ങളുടെ 2ജി, 3ജി സേവനങ്ങൾ പിൻവലിക്കണം എന്ന് സർക്കാർ അടുത്തിടെ ആവിശ്യപ്പെട്ടിരുന്നു. നിലവിൽ ആറോ ഏഴോ മാസങ്ങൾക്ക് ഉള്ളിൽ തന്നെ വിഐ തങ്ങളുടെ 5ജി സേവനം അവതരിപ്പിക്കും എന്ന് മാത്രമാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതിന്റെ പ്ലാനുകൾ ഒന്നും തന്നെ വിശദീകരിച്ചിട്ടില്ല.
തങ്ങൾ vRAN & ORAN പോലുള്ള പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ച് 5ജി ട്രയലുകൾ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഉള്ളത് എന്ന് അക്ഷയ മൂന്ദ്ര പറഞ്ഞു. വോഡാഫോൺ ഐഡിയ എന്നീ രണ്ട് ടെലികോം കമ്പനികൾ ലയിച്ചാണ് പുതിയ വിഐ എന്ന കമ്പനിയ്ക്ക് രൂപം നൽകിയത്. 2018 ഓഗസ്റ്റിൽ ആയിരുന്നു ഈ രണ്ട് കമ്പനികളും ചേർന്ന് പുതിയ കമ്പനിയായി രൂപപ്പെട്ടത്.
2017 തൊട്ട് തന്നെ രണ്ട് കമ്പനികളും ലയിക്കാനുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. നിലവിലെ കണക്കുകൾ അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ 11മത് ടെലികോം കമ്പനിയാണ് വിഐ. 219.8 മില്യൺ ഉപയോക്താക്കളാണ് വിഐയ്ക്ക് ആകെ ഉള്ളത്. ആരംഭസമയത്ത് കമ്പനിയുടെ 45.2 ശതമാനം ഓഹരിയും വോഡാഫോണിന് അവകാശപ്പെട്ട് ആയിരുന്നു. ഐഡിയയുടെ മാതൃകമ്പനിയായ ആദിത്യ ബിർളാ ഗ്രൂപ്പിന് 26 ശതമാനം ഓഹരിയാണ് സ്വന്തമായി ഉണ്ടായിരുന്നത്. ബാക്കി ഓഹരികൾ പൊതുജനങ്ങളുടേതും ആയിരുന്നു.
എന്നാൽ കമ്പനിയുടെ പലിശ കുടിശ്ശിക 161.33 ബില്യൺ രൂപയായി വർധിച്ചതോടെ 2023 ഫെബ്രുവരിയിൽ ഓഹരി മുഖവില 10 രൂപ എന്ന നിരക്കിൽ ഇക്വിറ്റിയിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവിട്ടു. ഇതോടെ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ സർക്കാർ ആയി. വിഐ കൂടി രാജ്യത്ത് 5ജി അവതരിപ്പിക്കുന്നതോടെ ടെലികോം കമ്പനികൾ തമ്മിലുള്ള മത്സരം വർധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ കീഴിലുള്ള ബിഎസ്എൻഎലും പിന്നാലെ 5ജിയിലേക്ക് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








