മൂന്ന് ക്യാമറകളിലും 50എംപി സീസ് ലെൻസുമായി വിവോ വി 30 പ്രോ ഫെബ്രുവരി 28ന് എത്തും; മറ്റ് സവിശേഷതകൾ കണ്ടോ
വിവോ എക്സ് 100 സീരീസ് ഫോണുകൾക്ക് ശേഷം വിവോ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന സ്മാർട്ട് ഫോണാണ് വിവോ വി 30 സീരീസ് ഫോണുകൾ. പ്രീമിയം സെഗ്മെന്റിൽ അയിരുന്നു വിവോ എക്സ് 100 സീരീസ് ഫോണുകൾ എത്തിയിരുന്നത് എങ്കിൽ മിഡ് ബഡ്ജറ്റ് സെഗ്മെന്റിൽ ആയിരിക്കും വി 30 സീരീസ് ഫോണുകൾ എത്തുന്നത്.
വിവോ എക്സ് 100, എക്സ് 100 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരുന്നു ജനുവരിയിൽ അവതരിപ്പിച്ച സീരീസിൽ വിവോ പുറത്തിറക്കിയിരുന്നത്. വിവോയുടെ തന്നെ ഏറ്റവും മികച്ച ക്യാമറാ ഫോണുകൾ എന്ന വിശേഷണവും ഈ ഫോണുകൾക്ക് വിവോ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 28ന് തങ്ങളുടെ വി 30 സീരീസ് ഫോണുകൾ തായ്ലാന്റിൽ അവതരിപ്പിക്കാൻ വിവോ പദ്ധതിയിടുന്നത്. ഫോണിന്റെ ലോഞ്ച് തിയതി കഴിഞ്ഞ ദിവസമാണ് വിവോ പുറത്ത് വിട്ടത്.

ഫോൺ തായ്ലാന്റിൽ അവതരിപ്പിക്കുന്ന അതേ ദിവസം തന്നെ ഇന്ത്യയിലും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ ഉടൻ തന്നെ ഈ ഫോൺ ഇന്ത്യൻ മാക്കറ്റിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം ആദ്യം തന്നെ ഈ ഫോണുകൾ വിവോ ചൈനയിൽ പുറത്തിറക്കിയിരുന്നു. ഇവിടെ നിന്ന് മികച്ച അഭിപ്രായമാണ് ഈ ഫോണുകൾക്ക് ലഭിച്ചത്. ചൈനയിൽ അവതരിപ്പിച്ച അതേ ഫോണുകൾ തന്നെ ആയിരിക്കും വിവോ ഇന്ത്യയിലും അവതരിപ്പിക്കാൻ സാധ്യത.
വിവോ വി 30, വി 30 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. ഇതിൽ ഏറ്റവും ആകർഷണം വിവോ വി 30 പ്രോയ്ക്കാണ്. ഫോണിന്റെ ചില സവിശേഷതകളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. പ്രോ മോഡലിന് 120Hz പുതുക്കൽ നിരക്കുള്ള 3D കർവ്ഡ് ഡിസ്‌പ്ലേ ആയിരിക്കും എന്നാണ് വിവോ അറിയിച്ചിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറയും ഈ ഫോണിന് ഉണ്ടായിരിക്കും എന്നാണ് വിവോ നൽകുന്ന സൂചന.

ഫോണിൽ ഇടം പിടിച്ചിരിക്കുന്ന 5000 എംഎഎച്ച് ബാറ്ററി മികച്ച ബാറ്ററി ലൈഫ് തന്നെ ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നതാണ്. ഗ്രീൻ സീ, നൈറ്റ് സ്കൈ ബ്ലാക്ക്, പേൾ വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ പുറത്തിറങ്ങുക. ഫോണിന്റെ മറ്റ് വിശേഷങ്ങൾ പരിശോധിക്കുമ്പോൾ ക്യാമറ തന്നെയായിരിക്കും ഇതിൽ ഏറ്റവും ഹൈലൈറ്റ്. ഫോണിന്റെ പിൻവശത്ത് ഇടം പിടിച്ചിരിക്കുന്ന മൂന്ന് ക്യാമറകളും 50 എംപിയാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.
ഈ മൂന്ന് ക്യാമറയിലും സീസ് ലെൻസുകൾ ആണ് ഫീച്ചർ ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറയും 50 എംപി ആയിരിക്കും. ഈ ക്യാമറയിൽ ഓട്ടോ ഫോക്കസ് പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ആളുകൾക്ക് മിഡ് ബഡ്ജറ്റിൽ ലഭിക്കുന്ന മികച്ച ഒരു ഫോൺ ആയിരിക്കും വിവോ വി 30 പ്രോ.
MediaTek Dimensity 8200 SoC ആയിരിക്കും പുതിയ വിവോ ഫോണിന് കരുത്ത് നൽകുക എന്നും സൂചനയുണ്ട്. ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുന്ന ഈ ക്യാമറയ്ക്ക് 12 ജിബി വരെ റാമും ഉണ്ടായിരിക്കും എന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. 12 ജിബി LPDDR5 റാം, 512 ജിബി UFS 3.1 സ്റ്റോറേജ് ആണ് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ 5000 എംഎഎച്ച് ആയിരിക്കും ഈ ഫോണിന്റെ ബാറ്ററി.
80W ഫാസ്റ്റ്ചാർജിങ് പിന്തുണയിൽ ആയിരിക്കും ഈ ബാറ്ററി എത്തുന്നത്. 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS (L1 + L5), USB Type-C, NFC എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റികൾ. ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഫോണിന്റെ ഡിസ്പ്ലേയിൽ തന്നെ ഒരു ഫിംഗർപ്രിന്റ് സെൻസറും വിവോ നൽകിയേക്കും.


Click it and Unblock the Notifications








