മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആഗോളതലത്തിൽ പുറത്തിറക്കി
സാധാരണക്കാരായ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ചൈനീസ് സ്മാർട്ട് ഫോൺ ബ്രാൻഡാണ് വിവോ. ഇന്ത്യയിൽ മാത്രം ലക്ഷക്കണത്തിന് ഉപയോക്താക്കൾ ആണ് വിവോയ്ക്ക് സ്വന്തമായി ഉള്ളത്. കമ്പനിയുടെ മിഡ് ബഡ്ജറ്റ് ഫോണുകൾ ആണ് കൂടുതലായി ഇന്ത്യയിൽ വിറ്റു പോകുന്നത്. ഇന്ത്യയിലെ ഉപയോക്താക്കൾ ഭൂരിഭാഗവും സാധാരണക്കാർ ആണ് എന്നതാണ് ഇതിന് കാരണം.
എന്നിരുന്നാലും പ്രീമിയം സെഗ്മെന്റിൽ വിവോ അവതരിപ്പിച്ച വിവോ എക്സ് 100 സീരീസ് ഫോണുകൾക്ക് മികച്ച സ്വീകരണം ആയിരുന്നു ഇന്ത്യയിൽ ലഭിച്ചത്. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന മികച്ച പ്രീമിയം ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നായി വിവോ എക്സ് 100 സീരീസ് ഫോണുകൾക്ക് മാറാൻ സാധിച്ചിട്ടുണ്ട്. വിവോ എക്സ് 100, എക്സ് 100 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്.

ഇപ്പോളിതാ വിവോ വി 40 സീരീസിൽ ഏറ്റവും പുതിയ ഒരു ഫോൺ കൂടി ചേർത്തിരിക്കുകയാണ് കമ്പനി. വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ വിവോ വി 40 എസ്ഇ 5ജി ആഗോളതലത്തിൽ കമ്പനി ലോഞ്ച് ചെയ്തു. ഒരു മിഡ് റേഞ്ച് സെഗ്നെന്റ് സ്മാർട്ട് ഫോൺ എന്ന നിലയിലാണ് വിവോ ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലും ചില യൂറോപ്യൻ രാജ്യങ്ങളിലേയും വെബ്സൈറ്റുകളിലാണ് ഈ ഫോൺ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫോണിന്റെ ചില ഫീച്ചറുകളും ഈ വെബ്സൈറ്റ് വഴി വിവോ പുറത്ത് വിട്ടിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 1080 x 2400 പിക്സൽ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വിവോ വി 40 എസ്ഇ 5ജിയ്ക്കായി കമ്പനി നിർമ്മിച്ചിരിക്കുന്നത്. ഈ സ്ക്രീനിന് 120 Hz പുതുക്കൽ നിരക്ക്, 1200 nits പരമാവധി തെളിച്ചം എന്നിവയും അവകാശപ്പെടാനുണ്ട്.

ഫോണിന്റെ എച്ച്ഡിആർ തെളിച്ചം 1800 nits വരെയാണെന്നും ഈ വെബ്സൈറ്റ് വിവരങ്ങൾ വ്യക്തമാക്കുന്നു. 185.5 ഗ്രാം ആണ് ഈ ഹാൻഡ് സെറ്റിന്റെ ഭാരം. അഡ്രിനോ ജിപിയു ജോടിയാക്കിയ Qualcomm Snapdragon 4 Gen 2 SoC ചിപ്സെറ്റാണ് വിവോ വി 40 എസ്ഇ 5ജിയ്ക്ക് കരുത്ത് നൽകുന്നത്. ഈ ഫോണിന് 8 ജിബി വരെ LPDDR4x റാമും 256GB UFS 2.2 ഇൻ്റേണൽ സ്‌റ്റോറേജും അവകാശപ്പെടാൻ സാധിക്കുന്നതാണ്.
കൂടുതൽ സ്റ്റോറേജ് ആവിശ്യമായി വരുന്ന ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റോറേജ് വർധിപ്പിക്കാൻ സാധിക്കുന്നതാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഏറ്റവും പുതിയ വിവോ വി 40 എസ്ഇ 5ജി പ്രവർത്തിക്കുന്നത് എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോണിന്റെ ക്യാമറകളും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സഹായിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ ഫോണിനായി വിവോ തയ്യാറാക്കിയിരിക്കുന്നത്.
50 എംപിയാണ് ഈ ഫോണിന്റെ പ്രൈമറി ക്യാമറ. കൂടാതെ 8 എംപിയുടെ ഒരു അൾട്രാ വൈഡ് സെൻസർ, 2 എംപിയുടെ ഓക്സിലറി സെൻസർ എന്നിവയും ഇടം പിടിച്ചിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി കമ്പനി വിവോ വി 40 എസ്ഇ 5ജിയിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപിയുടേത് ആണ്. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 mAh ബാറ്ററിയും ഈ ഫോണിൽ വിവോ പായ്ക്ക് ചെയ്തിട്ടുണ്ട്.
ഫോണിന്റെ ഡസ്റ്റ്, വാട്ടർ പ്രതിരോധത്തിന്റെ റേറ്റിങ് IP54 ആണ്. ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഈ ഫോണിൽ വിവോ നൽകിയിട്ടുണ്ട്. അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ ഓസ്ട്രേലിയ, യൂറോപ്പിലെ ചില രാജ്യങ്ങളിലെ വെബ്സൈറ്റുകളിൽ ഈ ഫോണിന്റെ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഫോണിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. വരും ദിവസങ്ങളിൽ വിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








