വിവോ എക്സ്100 സീരീസിൽ പുതിയ ഒരു ഫോൺ കൂടി എത്തുന്നു; ഈ ക്യാമറകൾ എസ് 23 അൾട്രയേയും വെല്ലും
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോ കഴിഞ്ഞ ദിവസം ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ച ഫോണുകൾ ആയിരുന്നു വിവോ എക്സ് 100 സീരീസ് ഫോണുകൾ. വിവോ എക്സ് 100, എക്സ് 100 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരുന്നു ഈ സീരീസിൽ വിവോ അവതരിപ്പിച്ചിരിക്കുന്നത്.
വിവോ പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ക്യാമറ ഫോണുകൾ ആണ് ഇവ എന്നാണ് കമ്പനി അവകാശപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ ഈ ഫോണുകൾ ലോഞ്ച് ചെയ്തെങ്കിലും ജനുവരി 11 മുതലായിരിക്കും ഇതിന്റെ വിൽപന ആരംഭിക്കുന്നത്. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെയും ആയിരിക്കും ഈ ഫോണുകൾ ആദ്യം വിൽപനയ്ക്ക് എത്തുക ഇതിന് ശേഷം മാത്രമം ഓഫ്ലൈൻ ആയി ഈ ഫോണുകൾ ലഭ്യമാകു.

MOST READ: ചന്ദ്രന് പിന്നാലെ സൂര്യനെ കീഴടക്കി ഇന്ത്യ; ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്ത് എത്തി, ഇനി എന്ത്?
വളരെ പ്രതീക്ഷയാണ് ഈ ഫോണുകളുടെ മേൽ വിവോയ്ക്ക് ഉള്ളത്. നേരത്തെ സൂചിപ്പിച്ചത് പോലെ വിവോയുടെ ഏറ്റവും മികച്ച ക്യാമറ ഫോണുകൾ ആണ് ഇവ. ക്യാമറകൾക്ക് മാത്രമായി നിരവധി ഫീച്ചറുകളാണ് ഈ ഫോണുകൾക്കായി വിവോ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ ഫോണുകളുടെ പിൻഗാമിയെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ കമ്പനി. വിവോ എക്സ് 100 പ്രോ പ്ലസ് എന്ന പേരിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുന്നത്.
പ്രമുഖ ചൈനീസ് ടിപ്സ്റ്ററാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. സാംസങ്ങിന്റെ E7 AMOLED ഡിസ്‌പ്ലേയോടെ ആയിരിക്കും വിവോ എക്സ് 100 പ്രോ പ്ലസ് ഫോൺ പുറത്തിറങ്ങുക. സീരീസിലെ മറ്റ് ഫോണുകൾ പോലെ തന്നെ ഈ ഫോണിനും ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് നൽകാൻ ആണ് സാധ്യത. സീരീസിലെ ടോപ് എൻഡ് മോഡൽ എന്ന് നിലയ്ക്ക് ആയിരിക്കും വിവോ പുതിയ ഫോണിനെ അവതരിപ്പിക്കുക.

4.3x ഒപ്റ്റിക്കൽ സൂമിനും 20x ഡിജിറ്റൽ സൂമിനും പിന്തുണയുള്ള 200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് വിവോ എക്സ് 100 പ്രോ പ്ലസിൽ ഉണ്ടാകും എന്നും സൂചനയുണ്ട്. മാത്രമല്ല സോണിയുടെ LYT-900 സെൻസറും 50 എംപിയുടെ ഒരു അൾട്രാ വൈഡ് ലെൻസും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ടിപ്സ്റ്റർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 32 എംപി ആകാനും സാധ്യതയുണ്ട്.
വിവോ എക്സ് 100, എക്സ് 100 പ്രോ എന്നീ ഫോണുകൾക്കും ഇതേ ഫ്രണ്ട് ക്യാമറയാണ് വിവോ നൽകിയിരിക്കുന്നത്. വിവോ എക്സ് 100 പ്രോ പ്ലസിന്റെ ബാറ്ററി വിശേഷം പരിശോധിക്കുമ്പോൾ 100W വയർഡ്, 50W വയർലെസ് ചാർജിങ് പിന്തുണയുള്ള 5,400mAh ബാറ്ററി ഈ ഫോണിനായ് വിവോ നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം നിലവിൽ ഇന്ത്യയിൽ അവതരിപ്പിച്ച എക്സ് 100 സീരീസ് ഫോണുകളുടെ വില ആരംഭിക്കുന്നത് 63,999 രൂപ മുതലാണ്.
വിവോ എക്സ് 100ന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഫോണിന്റെ 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിന് 69,999 രൂപയാണ് വില. സീരീസിലെ പ്രോ മോഡലായ വിവോ എക്സ് 100 പ്രോയ്ക്ക് ഒരു വേരിയന്റ് മാത്രമാണ് കമ്പനി നൽകിയിരിക്കുന്നത്. 16 ജിബി റാം 512 ജിബി സ്റ്റോറേജ് ആണ് ഈ വേരിയന്റ്. 89,999 രൂപ ആണ് ഇതിന്റെ വില.
പ്രീമിയം ക്യാറ്റഗറിയിലാണ് ഈ രണ്ട് ഫോണുകളും വിവോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ് ഈ ഫോണുകൾക്കായി വിവോ നൽകിയിരിക്കുന്നത്. ഈ ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യത്തെ ഫോണുകളാണ് ഇവ. സ്റ്റാർഗ്ലെസ് ബ്ലൂ, അസ്ട്രോയിഡ് ബ്ലാക്ക് എന്നി നിറങ്ങളിലാണ് വിവോ എക്സ് 100 സ്റ്റാന്റേർഡ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്. അസ്ട്രോയിഡ് ബ്ലാക്ക് നിറത്തിൽ മാത്രമാണ് പ്രോ മോഡൽ പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications








