പവർ കൂട്ടി വിവോയുടെ വൈ100ഐ പവർ; 6000mAh ആണ് ബാറ്ററി, ചാർജ് തീരാൻ കുറച്ച് സമയമെടുക്കും
2023 വർഷം തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ ഫോൺ അവതരിപ്പിച്ച് വിവോ. വൈ 100 ഐ പവർ 5ജി എന്ന ഫോണാണ് വിവോ ഇപ്പോൾ ചൈനീസ് മാർക്കറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഫോൺ ഇന്ത്യയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ധാരാളം ഉപയോക്താക്കൾ ഉള്ള സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് വിവോ. വിവോയുടെ നിരവധി ഫോണുകൾ ഇതിനോടകം തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് വിവോ വൈ 100 ഐ പവർ 5ജി ഉടൻ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവോ വൈ 100, വിവോ വൈ 100 ഐ എന്നിവയുടെ പിൻഗാമി എന്ന നിലയ്ക്കാണ് വിവോ പുതിയ ഫോണിനെ ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

സ്‌നാപ്ഡ്രാഗൺ 6 Gen 1 SoCൽ ആണ് വിവോ വൈ 100 ഐ പവർ 5ജി പ്രവർത്തിക്കുന്നത്. നിലവിൽ എന്ത് വിലയ്ക്കാണ് ഈ ഫോൺ വിവോ എത്തിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാം. 2,099 ചൈനീസ് യുവാൻ ആണ് ഈ ഫോണിന്റെ വില. അതായത് ഏകദേശം 20,000 ഇന്ത്യൻ രൂപ. ഫോണിന്റെ 12 ജിബി റാം 512 ജിബി സ്റ്റോറേജിനാണ് ഈ വില. പ്രധാനമായും മൂന്ന് നിറങ്ങളിലാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
ഡിസ്റ്റന്റ് മൗണ്ടൻസ് ഗ്രീൻ, മൂൺ ഷാഡോ ബ്ലാക്ക്, സ്നോവി വൈറ്റ് എന്നിവയാണ് ഈ നിറങ്ങൾ. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വിവോ വൈ 100 ഐയ്ക്ക് 1,599 യുവാൻ ആയിരുന്നു വില (ഏകദേശം 15,000 രൂപ). ഇതിന്റെ മുൻഗാമി ആയിരുന്ന വിവോ വൈ 100 കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 24,999 രൂപ ആയിരുന്നു ഇതിന്റെ വില. 8 ജിബി റാം 128 ജിബി സ്റ്റോറേജിനാണ് ഈ വില.

അതേ സമയം പുതിയ ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള OriginOS 3-ൽ ആയിരിക്കും വിവോ വൈ 100 ഐ പ്രവർത്തിക്കുക. 6.64-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയോടെ ആണ് ഫോൺ എത്തുന്നത്. ഇതിന് 120Hz വരെ റീഫ്രഷ് റെയ്റ്റ് അവകാശപ്പെടാനുണ്ട്. ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഈ സ്ക്രീനിന് ലഭിച്ചിട്ടുള്ളതായി വിവോ അവകാശപ്പെടുന്നു.
നേരത്തെ സൂചിപ്പിച്ചത് പോലെ ഒക്ടാ കോർ 4nm സ്‌നാപ്ഡ്രാഗൺ 6 Gen 1 SoC ആണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. ഫോൺ ഓവർഹീറ്റ് ആകാതിരിക്കാൻ 639 എംഎം സ്‌ക്വയർ ലിക്വിഡ് കൂളിംഗ് ഹീറ്റ് പൈപ്പും 8736 എംഎം ഗ്രാഫൈറ്റ് ഷീറ്റും ഈ ഫോണിൽ വിവോ സജ്ജീകരിച്ചിരിക്കുന്നു. ഫോണിന്റെ ക്യാമറ കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ആണ് വിവോ ഈ ഫോണിന് നൽകിയിരിക്കുന്നത്.
ഇതിൽ പ്രൈമറി സെൻസർ 50 എംപിയാണ്. 2 എംപിയുടെ മറ്റൊരു സെൻസറും ഫോണിന്റെ പിൻവശത്ത് ഇടം പിടിച്ചിരിക്കുന്നു. 8 എംപിയുടേതാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ. മുൻവശത്തെ പഞ്ച് ഹോളിൽ ആണ് ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000mAh ബാറ്ററിയും ഈ ഫോണിന്റെ പ്രത്യേകതയാണ്. അത്യാവശ്യം മികച്ച ബാറ്ററി ലൈഫ് തന്നെയാണ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നത്.
199 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം. ബ്ലൂടൂത്ത് 5.1, 3.5mm ഓഡിയോ ജാക്ക്, USB ടൈപ്പ്-സി പോർട്ട്, ജിപിഎസ്, OTG വൈ-ഫൈ എന്നി കണക്ടിവിറ്റികളെയും വിവോ വൈ 100 ഐ പവർ പിന്തുണയ്ക്കുന്നുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഈ ഫോണിലെ പ്രധാന സെൻസറുകൾ. കൂടാതെ സുരക്ഷയ്ക്കായി ഒരു ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു.


Click it and Unblock the Notifications








