ബ്രോഡ്ബാൻറും 4ജിയും ഒരു പ്ലാനിൽ, പുതിയ പദ്ധതിയുമായി വോഡാഫോൺ ഐഡിയ
റിലൈൻസ് ജിയോയുടെ ഫൈബർ ഇൻറർനെറ്റ് സേവനമായ ജിയോ ഫൈബർ പ്രവർത്തനം ആരംഭിച്ചതോടെ മറ്റ് ബ്രോഡ്ബാൻറ് സേവനദാതാക്കളൊക്കെയും മാറ്റത്തിനൊരുങ്ങുകയാണ്. ജിയോ പ്രഖ്യാപിച്ച ഓഫറുകൾക്കിടയിൽ ഉപഭോക്താക്കളെ പിടിച്ചുനിർത്താനും ആകർഷിക്കാനുമായി നിരവധി പുതിയ പ്ലാനുകളാണ് കമ്പനികൾ അവതരിപ്പിക്കുന്നത്. എയർടെല്ലും ബിഎസ്എൻഎല്ലും കഴിഞ്ഞദിവസം പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിരുന്നു. വോഡഫോൺ ഐഡിയയും പുതിയ പദ്ധതികളുമായി പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം വോഡഫോൺ ഐഡിയ തങ്ങളുടെ 4ജി പ്രിപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ പ്ലാനുകൾ ബ്രോഡ്ബാൻറ് പ്ലാനുകളുമായി ചേർക്കാനൊരുങ്ങുകയാണ്. ഒരു പ്ലാനിലൂടെ മൊബൈലിൽ 4ജി ഇൻറർനെറ്റും വീട്ടിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സേവനങ്ങളും ലഭ്യമാകും. എന്തായാലും ബ്രോഡ്ബാൻറ് രംഗത്ത് ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളോട് പിടിച്ചുനിൽക്കാൻ വോഡാഫോൺ ഐഡിയയ്ക്ക് ഇനിയും പണം മുടക്കേണ്ടി വരും.

ഇൻറർനെറ്റ് സേവനരംഗത്തെ മൊബൈൽ ബ്രോഡ്ബാൻറ് എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് മികച്ച പ്ലാൻ നൽകുന്നതിലൂടെ രണ്ട് മേഖലയിലെയും ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് വോഡ ഐഡിയ കരുതുന്നത്. ഹോം ബ്രോഡ്ബാൻറ് സേവനത്തിൽ ജിയോ അടക്കമുള്ള കമ്പനികൾ സൌജന്യകോളുകൾ ലഭ്യമാകുന്ന ലാൻറ് ലൈൻ സേവനവും നൽകുന്നുണ്ട്. മൊബൈൽ സേവനത്തെയും ബ്രോഡ്ബാൻറിനെയും ഒരു കൂടക്കീഴിലാക്കുന്ന പ്ലാനുകളൊന്നും ഇതുവരെ മറ്റ് കമ്പനികൾ അവതരിപ്പിച്ചിട്ടില്ല.

മാസത്തിൽ 35 രൂപ മിനിമം റിച്ചാർജ് എന്ന ഉപാധി മുന്നോട്ടുവച്ചതോടെ വോഡാഫോൺ ഐഡിയയുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുകളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. മെയ് മാസത്തിൽ മാത്രം 5.69 മില്ല്യൺ ഉപഭോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്. എന്തായാലും രാജ്യത്ത് 383.41മില്ല്യൺ ഉപഭോക്താക്കളുമായി ടെലിക്കോം ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് വോഡാഫോൺ ഐഡിയ. ജിയോയ്ക്ക് 331.25 മില്ല്യൺ ഉപഭോക്താക്കളും എയർടെല്ലിന് 320.35 മില്ല്യൺ ഉപഭോക്താക്കളാണ് ഉള്ളത്.

വോഡഫോൺ ഐഡിയ തങ്ങളുടെ നെറ്റ്വർക്ക് പുതുക്കുകയും സ്പെക്ട്രം റീഫാമിങ് അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തി ടർബോനെറ്റ് 4ജിയിലേക്ക് മാറികൊണ്ടിരിക്കുകയാണ്. കർണാടകയിൽ ടർബോനെറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ബെംഗളൂരുവിൽ കമ്പനി L900(900Mhz ബാൻറ്) സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ക്ലോസ് സ്പൈസിൽ പോലും മികച്ച നെറ്റ്വർക്ക് ലഭിക്കാൻ ഈ സംവിധാനങ്ങൾ സഹായകമാകും.

ബ്രോഡ്ബാൻറ് മേഖലയിൽ വലിയ ആധിപത്യം സ്ഥാപിക്കാൻ സാധിക്കാത്ത സ്ഥാപനമാണ് വോഡഫോൺ ഐഡിയ. ഇതിന് കാരണം പുതിയ പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനി താല്പര്യം കാണിക്കാത്തത് തന്നെയാണ്. എന്നാൽ പുതിയ പ്ലാനിനെപ്പറ്റിയുള്ള വാർത്ത സൂചിപ്പിക്കുന്നത് വോഡാഫോൺ ഐഡിയ ബ്രോഡ്ബാൻറ് രംഗത്ത് ശക്തമായി ചുവടുറപ്പിക്കാൻ പോകുന്നു എന്നാണ്. ജിയോയും എയർടെല്ലും പുത്തൻ പ്ലാനുകളുമായി ശക്തമായികൊണ്ടിരിക്കുമ്പോൾ അടിസ്ഥാന സൌകര്യ വികസനം പുതിയ പ്ലാനുകൾ എന്നിവയെല്ലാം വോഡ ഐഡിയയുടെ ബ്രോഡ്ബാൻറ് സേവനത്തിന് പിടിച്ചുനിൽക്കാൻ ആവശ്യമാണ്.


Click it and Unblock the Notifications








