ഭീതി പരത്തി പുതിയ യുഎസ്ബി ചാർജർ സ്കാം; തട്ടിപ്പിൽ നിന്ന് രക്ഷപെടാനുള്ള മാർഗം നിർദേശിച്ച് കേന്ദ്ര സർക്കാർ
ഈ ഡിജിറ്റൽ ലോകത്ത് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒന്നാണ് സൈബർ തട്ടിപ്പുകൾ. നരവധി തരത്തിലാണ് ഓരോ തവണയും ഓരോ തട്ടിപ്പുകൾ രേഖപ്പെടുന്നത്. ഇതിനോടകം തന്നെ രാജ്യത്ത് ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കാണ് ഓൺലൈൻ തട്ടിപ്പുകളുടെ ഫലമായ പണം നഷ്ടപ്പെട്ടിരിക്കുന്നത്. കേരളത്തിലും ഇത്തരം തട്ടിപ്പുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ്, ക്യൂആർ കോഡ് തട്ടിപ്പ്, ഡേറ്റിങ് ആപ്പ് തട്ടിപ്പ് എന്ന് തുടങ്ങി പല തരത്തിലാണ് ഈ തട്ടിപ്പുകൾ രേഖപ്പെടുത്തുന്നത്. ഇക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ പുതിയ ഒരു തട്ടിപ്പും എത്തിയിരിക്കുകയാണ്. യുഎസ്ബി ചാർജർ സ്കാം എന്ന പേരിലാണ് ഈ തട്ടിപ്പ് വ്യാപകമാകുന്നത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട രാജ്യത്ത് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സർക്കാർ പ്രതിനിധികൾ.

പൊതുസ്ഥലങ്ങളായ എയർപോർട്ട്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിലെ പബ്ലിക്ക് യുഎസ്ബി കേബിളുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നവർ ജാഗ്രത പാലിക്കണം എന്നാണ് പുതിയ അറിയിപ്പിൽ സർക്കാർ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ പൊതുസ്ഥലങ്ങളിലെ ചാർജിങ് സംവിധാനത്തിന്റെ മറവിലാണ് പുതിയ യുഎസ്ബി ചാർജർ സ്കാം നടക്കുന്നത്. വലിയ വെല്ലുവിളിയാണ് ഈ സ്കാം ഉപയോക്താക്കൾക്ക് നേരെ ഉയർത്തുന്നത്.
സൈബർ ക്രിമിനലുകൾ ജ്യൂസ് ജാക്കിങ് എന്ന് അറിയപ്പെടുന്ന ക്ഷുദ്ര വൈറസുകളെ ഇത്തരം പബ്ലിക്ക് ചാർജിങ് കേബിളുകളിൽ ഇൻജക്ട് ചെയ്യുന്നു. ഇത് അറിയാതെ ഇതിലൂടെ ചാർജ് ചെയ്യാൻ ശ്രമിക്കുന്ന ഉപയോക്തക്കളുടെ ഫോണിലെക്ക് ഈ ക്ഷുദ്ര വൈറസുകൾ കയറുന്നു. ഈ വൈറസുകൾ ഫോണിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഫോൺ ആക്സസ് ചെയ്യാനുള്ള അനുവാദം സൈബർ ക്രിമിനലുകൾക്ക് ലഭിക്കുന്നതാണ്.

ശേഷം ഇവർക്ക് നിങ്ങളുടെ ഫോണിൽ നിന്ന് സെൻസിറ്റീവ് വിവരങ്ങൾ അടക്കം മോഷ്ടിക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇവ ഉപയോഗിച്ച് ഇവർ ഉപയോക്താക്കളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം ആവിശ്യപ്പെടും. ബാങ്കിങ് പരമായ കാര്യങ്ങൾ എല്ലാം നിങ്ങൾ ഈ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഇവ കണ്ടെത്താനും സൈബർ ക്രിമിനലുകൾക്ക് സാധിക്കുന്നതാണ്. ഇതിടെ തുടർന്നാണ് ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നിറിയിപ്പുമായി അധികൃതർ രംഗത്ത് വന്നിരിക്കുന്നത്.
ഈ തട്ടിപ്പിൽ നിന്ന് രക്ഷപെടാനായി ഉപയോക്താക്കൾ സ്വന്തം ചാർജർ എപ്പോഴും ഉപയോഗിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്. പബ്ലിക്ക് പ്ലഗ് പോയിന്റുകൾ കൂടി ആണെങ്കിലും സ്വന്തം ചാർജർ ഉപയോഗിക്കുന്നത് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ നിങ്ങളെ സഹായിക്കുന്നതായിരിക്കും. നിങ്ങളുടെ ഉപകരണങ്ങൾക്ക് ശക്തമായ ലോക്കുകൾ ഇട്ട് സുരക്ഷിതത്വം ഉറപ്പാക്കണം എന്നും ഈ മുന്നറിയിൽ അധികൃതർ പറയുന്നുണ്ട്. അപരിചിതരുടെ ഫോണുമായി നിങ്ങളുടെ ഫോൺ പെയർ ചെയ്യുന്നതും സൂക്ഷിക്കണം.
പബ്ലിക്കായി ഫോൺ ചാർജ് ചെയ്യുമ്പോൾ ഫോൺ സ്വിച് ഓഫ് ചെയ്ത് ചാർജ് ചെയ്യുന്നതും ഇത്തരം അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഫോൺ ഓഫ് ആയിരിക്കുന്നതിനാൽ തന്നെ പുറമെ നിന്നുള്ള സൈബർ ആക്രമണങ്ങളോട് ഫോൺ പ്രതികരിക്കാതെ ഇരിക്കുന്നതായിരിക്കും. ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ ഒരു പരുധി വരെ യുഎസ്ബി ചാർജർ സ്കാമിൽ നിന്ന് ഉപയോക്താക്കൾക്ക് തങ്ങളുടെ ഉപകരണത്തെ സംരക്ഷിക്കാൻ സാധിക്കുന്നതായിരിക്കും എന്നും ഈ അറിയിപ്പിൽ കൂട്ടിച്ചേർക്കുന്നു.
ഇനി അധവാ ഏതെങ്കിലും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്. പണം നഷ്ടപ്പെട്ട് ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ വിവരം അറിയിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചു കിട്ടാവുള്ള സാധ്യത കൂടുതൽ ആണ് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് പരാതിപ്പെടാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








