ആരെയും എപ്പോൾ വേണമെങ്കിലും ഡിജിറ്റലായി അറസ്റ്റ് ചെയ്യും, സൂക്ഷിച്ചോ; രക്ഷപെടണമെങ്കിൽ ലക്ഷങ്ങൾ വേണം
ഈ ഡിജിറ്റൽ ലോകത്ത് നമ്മൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു വിഭാഗം ആളുകളാണ് സൈബർ ക്രിമിനലുകൾ. ഹാക്കർമാരും ഓൺലൈൻ തട്ടിപ്പുകാരും മറ്റും അടങ്ങിയ ഒരു വലിയ സംഘം ആളുകളാണ് ഇവർ. വിവധ തരത്തിൽ ഉപയോക്താക്കളെ വഞ്ചിച്ചും ബ്ലാക്ക് മെയിൽ ചെയ്തും ഉപയോക്താക്കളുടെ പക്കൽ നിന്ന് പണം തട്ടുകയാണ് ഇവരുടെ രീതി.
ദിവസവും ഓരോ തരത്തിലുള്ള തട്ടിപ്പ് കേസുകളാണ് രാജ്യത്ത് ഉടനീളമായി റിപ്പോർട്ട് ചെയ്യുന്നത്. ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്ട്രിസിറ്റി ബില്ല് തട്ടിപ്പ്, ഡേറ്റിങ് ആപ്പ് തട്ടിപ്പ്, ഓൺലൈൻ ഓർഡറിന്റെ പേരിലുള്ള തട്ടിപ്പ് എന്നിങ്ങനെ നിരവധി തരത്തിലുള്ള തട്ടിപ്പുകളാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒരു തട്ടിപ്പാണ് വെർച്വൽ അറസ്റ്റ് തട്ടിപ്പ് അഥവാ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഓൺലൈൻ ആയി ആണ് ഈ തട്ടിപ്പും നടക്കുന്നത്.

ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ട്, സിം കാർഡ്, ആധാർ കാർഡ്, അല്ലെങ്കിൽ ബാങ്ക് കാർഡ് എന്നിവ നിയമവിരുദ്ധമായി ഉപയോഗിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ തട്ടിപ്പിന് ഇരയാക്കുന്ന രീതിയാണ് ഇത്. തങ്ങൾ പോലീസ് ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി ആയിരിക്കും തട്ടിപ്പുകാർ ഇരകളെ ബന്ധപ്പെടുക. ശേഷം മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങളിൽ നിങ്ങൾ പങ്കാളികളാണെന്നും ഇവർ ഇരകളെ തെറ്റിദ്ധരിപ്പിക്കും.
നിയമനടപടിയുടെ ഭാഗമായി നിങ്ങളെ വെർച്വൽ ആയി അറസ്റ്റ് ചെയ്തിരിക്കുന്നു എന്നും തട്ടിപ്പുകാർ പറയുന്നു. നിങ്ങളുടെ പണമിടപാട് കാര്യങ്ങൾ പരിശോധിക്കാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തങ്ങൾക്ക് കൈമാറണം എന്നും ഇവർ ആവിശ്യപ്പെടും. ശരിക്കും പോലീസ് ആണെന്ന് കരുതി പല ഉപയോക്താക്കളും ഇവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുകയും ചെയ്യും. ഈ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഉപയോക്താക്കളുടെ അക്കൗണ്ട് കൊള്ളയടിക്കുകയും ചെയ്യും.

ഈ അടുത്തിടെ വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ കൊല്ലം സ്വദേശിക്ക് 40 ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. മുംബൈയിൽ നിന്ന് ഇയാൾ അയച്ചിരിക്കുന്ന പാർസലിൽ എംഎഡിഎംഐ കണ്ടെത്തി എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു തട്ടിപ്പുകാർ ഇയാളെ ബന്ധപ്പെട്ടത്. എന്നാൽ താൻ ഇത്തരത്തിൽ പാഴ്സൽ ഒന്നും തന്നെ അയയ്ച്ചിട്ടില്ലെന്ന് ഇയാൾ മറുപടി പറഞ്ഞു. മാത്രമല്ല പോലീസിന് പരാതി നൽകുമെന്നും ഇയാൾ തട്ടിപ്പുകാരോട് പറഞ്ഞു.
എന്നാൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മുംബൈ പോലീസ് ആയിരിക്കുന്നതിനാൽ മുംബൈ പോലീസിന്റെ അധികാരി ഇയാളെ വിളിക്കും എന്നും ഇവർ അറിയിച്ചു. ഉടൻ തന്നെ സ്കൈപ് വഴി പോലീസ് വേഷത്തിൽ ഒരാൾ ഇയാളെ വിളിച്ചു. കാഴ്ചയിൽ പോലീസ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരാൾ ആയിരുന്നു സ്കൈപ് വഴി ഇദ്ദേഹത്തിനെ ബന്ധപ്പെട്ടത്. തുടർന്ന് കേസിന്റെ ഭാഗമായി ഇയാളെ വെർച്വൽ ആയി അറസ്റ്റ് ചെയ്തിരിക്കുന്നു എന്നും ഈ തട്ടിപ്പുകാരൻ വെളിപ്പെടുത്തി.
ഇയാളുടെ ബാങ്കിങ് ഇടപാടുകൾ പരിശോധിക്കുന്നതിന് വേണ്ടി ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇവർ വാങ്ങി. തുടർന്നാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 4,30,0000 രൂപ നഷ്ടമായത്. ഇതിന് ശേഷമാണ് താൻ വഞ്ചിക്കപ്പെട്ട കാര്യം ഇയാൾ തിരിച്ചറഞ്ഞിത്. ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് ഓൺലൈനായി ഇപ്പോൾ രാജ്യത്തുടനീളം നടക്കുന്നത്. ഇത്തരത്തിൽ എന്തെങ്കിലും ഫോൺ കോളുകൾ നിങ്ങൾ ലഭിച്ചാൽ ഇവയോട് പ്രതികരിക്കാതെ ഇരിക്കുക. മാത്രമല്ല ബന്ധപ്പെട്ട അധികാരികളെ ഇക്കാര്യം അറിയിക്കുകയും വേണം.
അജ്ഞാതമായി വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. ഇതിൽ ക്ലിക്ക് ചെയ്താൽ മാൽവെയറുകൾ അടങ്ങിയ വെബ്സൈറ്റുകളിലേക്കായിരിക്കും നിങ്ങൾ എത്തുക. ഈ മാൽവെയറുകളുടെ സഹായത്താൽ നിങ്ങളുടെ ഉപകരണം നിയന്ത്രണത്തിലെടുക്കാൻ ഹാക്കർമാർക്ക് സാധിക്കുന്നതാണ്. അതേസമയം നിങ്ങൾ എപ്പോഴെങ്കിലും ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ വിവരം സൈബർ പോലീസിന്റെ നമ്പറായ 1930-ൽ അറിയിക്കണം. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചെടുക്കാം.


Click it and Unblock the Notifications








