സൂക്ഷിക്കുക, ഈ മെസേജുകൾ അയച്ചാൽ നിങ്ങളുടെ വാട്സ്ആപ്പ് നഷ്ടമാകും; 75 ലക്ഷം പേരുടെ അക്കൗണ്ട് ഇതിനോടകം നഷ്ടമായി
മെറ്റയുടെ ഉടമസ്തതയിലുള്ള ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പിൽ കഴിഞ്ഞ ഒക്ടോബർ മാസം മാത്രം 7,548,000 ഇന്ത്യൻ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട്. 2021ലെ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയും അക്കൗണ്ടുകൾക്ക് നേരെ വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. ഇതിൽ 19,19,000 അക്കൗണ്ടുകൾ മറ്റ് ഉപയോക്താക്കളുടെ റിപ്പോർട്ട് ഇല്ലാതെ തന്നെ ഡിലീറ്റ് ചെയ്തിരിക്കുന്നവയാണ്.
ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പിന് ഒക്ടോബറിൽ 9,063 പരാതി റിപ്പോർട്ടുകൾ ആണ് ലഭിച്ചത്. വാട്സ്ആപ്പ് പുറത്തിറക്കിയ പുതിയ പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് ഉപയോക്താക്കളുടെ സുരക്ഷയെ കണക്കിലെടുത്താണ് വാട്സ്ആപ്പിന്റെ ഈ നടപടി. എല്ലാ മസവും ഇത്തരത്തിൽ ചില അക്കൗണ്ടുകൾ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാറുള്ളതാണ്. പ്രധാനമായും സ്കാം പോലുള്ള തട്ടിപ്പുകൾ നടത്തുന്ന അക്കൗണ്ടുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

MOST READ: ഒരു മിനിറ്റിനുള്ളിൽ പിവിസി ആധാർ കാർഡ് സ്വന്തമാക്കാം; അതും വീട്ടിലിരുന്ന് തന്നെ
ഓൺലൈൻ തട്ടിപ്പിന്റെ മറവിൽ വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയകൾ വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ എണ്ണം കുറച്ചുകൊണ്ട് വരാനാണ് വാട്സ്ആപ്പ് ഇത്തരം നടപടികളിലൂടെ ശ്രമിക്കുന്നത്. കേന്ദ്രം അടുത്തിടെ ആരംഭിച്ച ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റി (ജിഎസി) ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സുരക്ഷയെ എടുത്തുകാണിക്കുന്നുണ്ട്. വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ നടക്കുന്ന തട്ടിപ്പുകളും മറ്റും നിയന്ത്രിക്കാനാണ് ഇത്തരം ഒരു കമ്മിറ്റി സർക്കാർ രൂപികരിച്ചിരിക്കുന്നത്.
വേണമെങ്കിൽ ഇത്തരം സോഷ്യൽ മീഡിയകൾക്കെതിരെ നടപടിയെടുക്കാനുള്ള അധികാരവും ഈ കമ്മിറ്റിക്ക് ഉണ്ട്. അതേ സമയം വാട്സ്ആപ്പിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ നടപടിയെടുക്കാനായി തങ്ങൾക്കായി ഒരു ടീം ഉണ്ടെന്ന് വാട്സ്ആപ്പും അറിയിച്ചു. ഉപയോക്താക്കൾക്ക് നൽകുന്ന സുരക്ഷ ഫീച്ചറുകൾക്ക് പുറമെ ഡാറ്റാ സയന്റിസ്റ്റുകൾ, അനലിസ്റ്റുകൾ, ഗവേഷകർ, നിയമ വിദഗ്ദർ തുടങ്ങിയവരാണ് ഈ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ അടുത്തിടെ നിരവധി സുരക്ഷാ ഫീച്ചറുകളും വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു.

ഉപയോക്താക്കളുടെ ചാറ്റുകൾ സുരക്ഷിതമാക്കാൻ ഒരു സീക്രട്ട് കോഡ് ഫീച്ചറാണ് ഇത്തരത്തിൽ വാട്സ്ആപ്പ് അവതരിപ്പിച്ച ഏറ്റവും പുതിയ ഫീച്ചർ. തങ്ങളുടെ ചാറ്റുകൾ മറ്റാരും കാണാതെ മറച്ചു വെയ്ക്കാനുള്ള ഫീച്ചറാണ് ഇത്. ഒരു കോഡിന്റെ സഹായത്താലോ അല്ലെങ്കിൽ ഫിംഗർപ്രിന്റെ ലോക്കിന്റെ സഹായത്താലോ ആണ് ഈ ഫീച്ചർ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്. ഉടമസ്തർക്ക് മാത്രമേ ഈ ചാറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കു എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
നിങ്ങൾ ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ചാറ്റിൽ ദീർഘനേരം ടച്ച് ചെയ്ത് പിടിച്ചാൽ ഈ ഫീച്ചറിനായുള്ള ഓപ്ഷൻ തെളിഞ്ഞു വരുന്നതായിരിക്കും. അതേ സമയം നിങ്ങളുടെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമെ ഇത്തരം ചാറ്റുകളിൽ ടച്ച് ചെയ്ത് പിടിക്കാവു അല്ലാത്തപക്ഷം തെളിഞ്ഞു വരുന്ന ഓപ്ഷനുകളിൽ സീക്രട്ട് കോഡ് ഓപ്ഷൻ കാണാൻ സാധിക്കുന്നതല്ല. ചാറ്റുകളിൽ പ്രൈവസി സൂക്ഷിക്കാൻ താൽപര്യമുള്ളവർക്ക് അനുയോജ്യമായ ഒരു ഫീച്ചറാണ് ഇത്.
അതേ സമയം സ്കാം അക്കൗണ്ടുകൾക്കെതിരെ വാട്സ്ആപ്പ് നടപടി എടുക്കാറുണ്ടെങ്കിലും വാട്സ്ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുകയാണ് എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വാട്സ്ആപ്പിന് പുറമെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയും ഇത്തരം തട്ടിപ്പുകൾ നടക്കാറുണ്ട്. പ്രധാനമായും മെയിൽ, എസ്എംഎസ്, സോഷ്യൽ മീഡിയ സന്ദേശങ്ങൾ വഴിയാണ് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്. അജ്ഞാതമായി വരുന്ന സന്ദേശം അവഗണിക്കുക എന്നതാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനുള്ള പ്രധാന മാർഗം.
ഈ സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ഒരു കാരണവശാലും ഉപയോക്താക്കൾ ക്ലിക്ക് ചെയ്യരുത്. മാൽവെയറുകൾ നിറഞ്ഞ വെബ്സൈറ്റുകളിലേക്ക് ആയിരിക്കും ഇത്തരം ലിങ്കുകൾ നിങ്ങളെ കൊണ്ടുപോകുക. ഈ മാൽവെയറുകൾ നിങ്ങളുടെ ഫോണിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഇതുവഴി ഹാക്കർമാർക്ക് നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ഫോണിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കമുള്ള രഹസ്യ വിവരങ്ങളിലേക്ക് ഇവർക്ക് ആക്സസ് ലഭിക്കും.


Click it and Unblock the Notifications








