നാല് ക്യാമറകളും 50 എംപി; പ്രീമിയം സെഗ്മെന്റ് ഭരിക്കാൻ ഷവോമി 14 അൾട്രയുടെ വിൽപന ആരംഭിച്ചു, ഓഫറുകൾ അറിയാം
ഷവോമി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പ്രീമിയം ഫോൺ ആണ് ഷവോമി 14 അൾട്ര. സാംസങ് ഗാലക്സി എസ് 24 അൾട്ര, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഫോണുകളെ എതിരാളികൾ ആയി പ്രഖ്യാപിച്ചാണ് ഷവോമി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം ആയിരുന്നു ഷവോമി 14 സീരീസ് ഫോണുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്.
ഷവോമി 14, 14 അൾട്ര എന്നിങ്ങനെ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ ഉണ്ടായിരുന്നത്. ഇതിൽ ഷവോമി 14ന്റെ വിൽപന മാത്രമാണ് ഇന്ത്യയിൽ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഇതാ ഷവോമി 14 അൾട്രയുടെ വിൽപനയും ആരംഭിക്കാൻ പോകുകയാണ് കമ്പനി. ഫോൺ യഥാർത്ഥത്തിൽ വിൽപന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫോണിന്റെ ഏർലി സെയിൽ ആരംഭിച്ചിരിക്കുകയാണ് ഷവോമി. ഇന്ന് (ഏപ്രിൽ 8) മുതലാണ് ഈ വിൽപന ആരംഭിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിച്ച ഈ വിൽപന ഏപ്രിൽ 12 വരെ നീണ്ട് നിൽക്കും എന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. 9,999 രൂപ നൽകി ഫോൺ പ്രീ ബുക്ക് ചെയ്തവർക്ക് ആയിരിക്കും ഈ ഫോൺ ആദ്യം ലഭിക്കുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ ഈ തുക നൽകി ഫോൺ ബുക്ക് ചെയ്തവർ ഏപ്രിൽ 12ന് മുമ്പ് തന്നെ മുഴുവൻ തുകയും നൽകി കഴിഞ്ഞാൽ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
അതേ സമയം ഈ ഫോൺ പ്രീ ഓർഡർ ചെയ്യാത്ത ഉപയോക്താക്കൾക്ക് ഇന്ന് 11.45 വരെ ഫോൺ പ്രീ ഓർഡർ ചെയ്യാനുള്ള സൗകര്യവും ഷവോമി ഒരുക്കിയിട്ടുണ്ടായിരുന്നു. 9,999 രൂപ തന്നെയാണ് ഇതിലും ഈടാക്കുന്നത്. അതേ യമയം ഷവോമി 14 അൾട്രയുടെ 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിന് 99,999 രൂപയാണ് വില വരുന്നത്. ഈ ഫോണിനായി ചില ബാങ്ക് ഓഫറുകളും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ചാണ് ഈ ഫോൺ സ്വന്തമാക്കുന്നത് എങ്കിൽ 5,000 രൂപ വരെ ഡിസ്കൗണ്ട് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഷവോമിയുടെ തന്നെ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നത് വഴി 5000 രൂപയുടെ ഡിസ്കൗണ്ട് ഓഫറും ഷവോമി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ഫോണിനായി 18 മാസം വരെ നോ കോസ്റ്റ് EMI പേയ്‌മെൻ്റ് ഓപ്ഷനും ഷവോമി അവതരിപ്പിച്ചിട്ടുണ്ട്.
ഈ ഫോണിന്റെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 16 ജിബി വരെ LPDDR5X റാമും 1 ടിബി വരെ UFS 4.0 സ്റ്റോറേജുമായി ജോടിയാക്കിയ Snapdragon 8 Gen 3 SoC ചിപ്സെറ്റാണ് ഷവോമി 14 അൾട്രയ്ക്ക് കരുത്ത് നൽകുന്നത്. ഫോൺ അമിതമായി ചൂടാകാതിരിക്കാനായി പ്രത്യേകം സാങ്കേതികവിദ്യയും ഷവോമി ഈ ഫോണിനായി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിലാണ് ഷവോമി 14 അൾട്ര പ്രവർത്തിക്കുന്നത്.
6.73 ഇഞ്ച് 2K (3200 x 1440 പിക്‌സൽ) C8 OLED ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് 1920Hz PWM ഡിമ്മിംഗ്, 3,000 നിറ്റ്‌സ് തെളിച്ചം എന്നിവയും ഈ ഡിസ്പ്ലേയ്ക്ക് അവകാശപ്പെടാനുണ്ട്. ഡോൾബി വിഷൻ, HDR10+ എന്നിവയാണ് സ്ക്രീനിന്റെ മറ്റ് സവിശേഷതകൾ. 5,300 mAh ബാറ്ററിയാണ് ഈ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഇത് 80W വയർലെസ് ഫാസ്റ്റ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നുണ്ട്.
ക്യാമറ ഡിപ്പാർട്ട്മെന്റാണ് ഈ ഫോണിന്റെ ഏറ്റവും മികച്ചതായി അറിയപ്പെടുന്നത്. പിൻവശത്ത് മാത്രം നാല് ക്യാമറകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഒഐഎസ് പിന്തുണയുള്ള 50 എംപി ലെൻസാണ് ഫോണിന്റെ പ്രൈമറി ക്യാമറ. 50 എംപിയുടെ തന്നെ ഒരു അൾട്രാവൈഡ് ഷൂട്ടറും ഒരു ടെലിഫോട്ടോ ലെൻസും ഒരു പെരിസ്കോപ്പ് സെൻസർ ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. 32 എംപിയാണ് ഈ ഫോണിന്റെ സെൽഫി ഷൂട്ടർ.


Click it and Unblock the Notifications








