പ്രീമിയം സെഗ്മെന്റിൽ ആപ്പിളിനും സാംസങ്ങിനും വെല്ലുവിളി; ഷവോമി 14 അൾട്രയുടെ വിൽപന ഇന്ന് ആരംഭിക്കും
ഷവോമിയുടെ ഏറ്റവും പുതിയ പ്രീമിയം സെഗ്മെന്റ് ഫോണായ ഷവോമി 14 അൾട്രയുടെ വിൽപന ഇന്ന് മുതൽ ഇന്ത്യയിൽ ആരംഭിക്കും. സാംസങ്ങിന്റെ ഗാലക്സി എസ് 24 അൾട്ര, ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ് തുടങ്ങിയ ഫോണുകളെ പ്രധാന എതിരാളികളായി കണ്ടാണ് ഷവോമി ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
ആയതിനാൽ തന്നെ മികച്ച ഫീച്ചറുകളും ഈ ഫോണിനായി ഷവോമി നൽകിയിട്ടുണ്ട്. പ്രധാനമായും ക്യാമറ ഫീച്ചറുകളെ ഫോക്കസ് ചെയ്തുകൊണ്ടാണ് ഷവോമി പുതിയ 14 അൾട്രയ്ക്ക് രൂപം നൽകിയിരിക്കുന്നത്. നേരത്തെ ഏപ്രിൽ 8ന് ഈ ഫോണിന്റെ ഏർളി ബഡ് സെയിൽ ആരംഭിച്ചിരുന്നു. ഫോൺ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ഈ വിൽപനയിൽ ഫോൺ ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് മുതൽ എല്ലാ ഉപയോക്താക്കൾക്കും ഷവോമി 14 അൾട്ര സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ എല്ലാത്തരം ഉപയോക്താക്കൾക്കും ഈ ഫോൺ സ്വന്തമാക്കാം എന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. 99,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില വരുന്നത്. കഴിഞ്ഞ മാസം ആയിരുന്നു ഷവോമി തങ്ങളുടെ 14 സീരീസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.
ഷവോമി 14, ഷവോമി 14 അൾട്ര എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരുന്നു ഈ സീരീസിൽ ഉണ്ടായിരുന്നത്. ഇതിൽ ഷവോമി 14ന്റെ വിൽപന നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ചൈനയിൽ അവതരിപ്പിച്ച 14 സീരീസിൽ ഷവോമി 14 പ്ലസ് എന്ന ഒരു മോഡൽ കൂടി കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ മോഡൽ ഷവോമി ഇന്ത്യയിൽ എത്തിച്ചിട്ടില്ല. അതേ സമയം വിൽപന ആരംഭിക്കുന്ന ഷവോമി 14 അൾട്രയുടെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

3,200 x 1,440 പിക്സൽ റെസല്യൂഷനുള്ള 6.73 ഇഞ്ച് LTPO AMOLED മൈക്രോ കർവ് സ്‌ക്രീനാണ് ഈ ഫോണിനായി ഷവോമി നൽകിയിരിക്കുന്നത്. 120 Hz വരെ റീഫ്രഷ് റെയ്റ്റും 3,000 nits പീക്ക് തെളിച്ചവും ഈ സ്ക്രീനിന് അവകാശപ്പെടാൻ സാധിക്കുന്നതായിരിക്കും. ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് ഷവോമി 14 അൾട്രയുടെ പവർ ഹൗസ്.
16 ജിബി വരെ LPDDR5x റാമും 1 ടിബി വരെ UFS 4.0 സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് ഷവോമി 14 അൾട്ര പ്രവർത്തിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ഫോണിന്റെ ക്യാമറാ ഫീച്ചറുകൾ ആണ് ഏറ്റവും മികച്ച് നിൽക്കുന്നത്. ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ആണ് ഷവോമി 14 അൾട്രയ്ക്കായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ പിന്തുണയുള്ള 50 എംപി സോണി LYT900 ലെൻസാണ് ഈ ഫോണിന്റെ പ്രൈമറി സെൻസർ. ഒപ്റ്റിക്കൽ സൂമിങ്ങിനായി രണ്ട് ക്യാമറകളാണ് ഈ ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ രണ്ട് ക്യാമറകളും 50 എംപി ആണ് എന്നതാണ് ശ്രദ്ധേയം. ഇവയ്ക്ക് യഥാക്രമം 75 മില്ലീമീറ്ററും 120 മില്ലീമീറ്ററും ഫോക്കൽ ലെങ്ത്തും അവകാശപ്പെടാൻ സാധിക്കുന്നതാണ്. ഫോണിലെ അൾട്രാ വൈഡ് ലെൻസും 50 എംപിയാണ്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറയുടെ കരുത്ത് 32 എംപിയാണ്. 90W വയർഡ്, 80W വയർലെസ്, 10W റിവേഴ്‌സ് വയർലെസ് ചാർജിങ് സവിശേഷതകൾ ഉള്ള 5300 mAh ബാറ്ററിയും ഷവോമി 14 അൾട്രയ്ക്കായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. അധിക സുരക്ഷയ്ക്കായി ഒരു ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഷവോമി ഈ ഫോണിൽ നൽകിയിട്ടുണ്ട്. IP68 ആണ് ഈ ഫോണിന്റെ വാട്ടർ, ഡസ്റ്റ് പ്രതിരോധം എന്നും ഷവോമി വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications








