ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ; സക്കർബർഗിന് നഷ്ടം 23127 കോടി രൂപ
കഴിഞ്ഞ ദിവസം രാത്രിയാണ് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കിയത്. ഏകദേശം ഒരു മണിക്കൂറിൽ അധികം ആണ് ഇവ പ്രവർത്തന രഹിതമായത്. ഇവയ്ക്ക് പുറമെ മെസ്സേഞ്ചറും ത്രെഡ്സും പ്രവർത്തന രഹിതമായിരുന്നു. ചൊവ്വാഴ്ച രാത്രി 8.45ഓടെ ആയിരുന്നു ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
സർവ്വർ തകരാറായത് മൂലമാണ് ഈ പ്രശ്നങ്ങൾ ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളാണ് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും. ഈ രണ്ട് കമ്പനികളും പ്രവർത്തിക്കുന്നത് മെറ്റ എന്ന മാതൃകമ്പനിയുടെ നിയന്ത്രണത്തിലാണ്. ഫെയ്സ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗ് ആണ് നിലവിൽ മെറ്റയും സിഇഒ. ഇവയ്ക്ക് പുറമെ വാട്സ്ആപ്പ് എന്ന ജനപ്രിയ മെസേജിങ് ആപ്പും മെറ്റയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നുണ്ട്.

MOST READ: പോക്കോയും എയർടെലും കൈകോർക്കുന്നു; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ ഉടനെത്തും
ഫെയ്സ്ബുക്ക് ഓട്ടോമാറ്റിക്ക് ആയി ലോഗ് ഔട്ട് ആയ വിധത്തിൽ ആണ് കാണപ്പെട്ടത്. ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ചിട്ടും ഫീഡുകൾ ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ ആകട്ടെ ഫീഡുകൾ ഒന്നും തന്നെ കാണാൻ സാധിക്കാതെ പഴയ ഫീഡുകൾ മാത്രം ആയിരുന്നു പ്രദർശിപ്പിച്ചുകൊണ്ട് ഇരുന്നത്. അതേ സമയം രണ്ട് ആപ്പുകളും ഒരു മണിക്കൂറോളം പ്രവർത്തനം നിലച്ചപ്പോൾ മാർക്ക് സക്കർബർഗിന് വലിയ നഷ്ടം സംഭവിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വെറും ഒരു മണിക്കൂറുകൊണ്ട് സക്കർബർഗിന് നഷ്ടമായത് 300 കോടിയോളം ഡോളറാണ്. അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 23127 കോടി രൂപ. പ്ലാറ്റ്ഫോമുകളുടെ പണിമുടക്ക് ഓഹരി വിപണിയിൽ മെറ്റയെ പ്രതികൂലമായി ബാധിച്ചു. ഇതാണ് നഷ്ടം ഉണ്ടാകാനുള്ള പ്രധാന കാരണം. 1.6 ശതമാനത്തിന്റെ ഇടിവാണ് ആഗോള വിപണിയിൽ മെറ്റയുടെ ഓഹരിയിൽ രേഖപ്പെടുത്തിയത്. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്.

നിലവിൽ ബ്ലൂംബെര്‍ഗ് പുറത്ത് വിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ ലോകത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ അതി കോടീശ്വരൻ ആണ് സക്കർബർഗ്. റിപ്പോർട്ടുകൾ പ്രകാരം ഒരു ദിവസം 279 കോടി ഡോളര്‍ (23127 കോടി രൂപ) ആണ് ഇയാൾക്ക് നഷ്ടമായത്. അതേ സമയം വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരത്തിൽ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും എല്ലാം പ്രവർത്തന രഹിതമാകുന്നത്. ഉപയോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് മെറ്റ രംഗത്ത് എത്തിയിട്ടുണ്ട്.
മെറ്റയുടെ വക്താവായ അന്‍ഡി സ്റ്റോണ്‍ ആണ് ക്ഷമാപണവുമായി രംഗത്ത് എത്തിയത്. ഇദ്ദേഹത്തിന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് വഴി ആയിരുന്നു ഇദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. സാങ്കേതിക തകരാറുമൂലം ഞങ്ങളുടെ സേവനങ്ങളില്‍ തടസം നേരിട്ടു. പരമാവധി വേഗത്തില്‍ ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചു. ബുദ്ധിമുട്ട് നേരിടുന്നവരോട് ക്ഷമാപണം നടത്തുന്നു. എന്നായിരുന്നു ഇദ്ദേഹത്തിന്റെ എക്സ് പോസ്റ്റ്. ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പുറമെ ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിലും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേ സമയം മെറ്റയുടെ സർവ്വർ തകരാറിനെ പരിഹസിച്ച് എക്സ് തലവൻ ഇലോൺ മസ്കും രംഗത്ത് വന്നിട്ടുണ്ട്. അന്‍ഡി സ്റ്റോണ്‍ നടത്തിയ ക്ഷമാപണത്തിന് മറുപടി എന്ന പോലെ ആയിരുന്നു മസ്കിന്റെ ട്വീറ്റ്. നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നതിനു കാരണം ഞങ്ങളുടെ സര്‍വീസുകള്‍ ലഭിക്കുന്നതുകൊണ്ടാണ് എന്നായിരുന്നു മസ്കിന്റെ റിപ്ലെ. കൂടാതെ നാല് പെൻക്വിനുകളുടെ രസകരമായ ഒരു മീമും മെറ്റയെ പരിഹസിച്ചുകൊണ്ട് മസ്ക് പുറത്ത് വിട്ടിട്ടുണ്ട്.
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മസ്ക് വീണ്ടും മെറ്റയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ മസ്കും സക്കർബർഗും തമ്മിൽ നിരന്തരം സോഷ്യൽ മീഡിയ യുദ്ധം നടത്തിയിരുന്നത് പതിവായിരുന്നു. ഇതിന്റെ ബാക്കിപത്രമെന്നോണം ആയിരുന്നു മസ്കിന്റെ പുതിയ ട്വീറ്റുകൾ. സക്കർബർഗുമായി കായികപരമായ മത്സരത്തിനും തയ്യാറാണെന്ന് മസ്ക് വെളിപ്പെടുത്തി. എക്സിലെ തന്റെ പോസ്റ്റിൽ ഒരു ഉപയോക്താവിന് മറുപടി നൽകവെയാണ് മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.


Click it and Unblock the Notifications








