വേഗതയിൽ കേമൻ ജിയോ തന്നെ, ട്രായ് പുറത്തുവിട്ട പട്ടികയിൽ എയർടെൽ രണ്ടാം സ്ഥാനത്ത്
രാജ്യത്തെ ടെലിക്കോം സേവന ദാതാക്കളുടെ പട്ടികയിൽ റിലൈൻസ് ജിയോ തങ്ങളുടെ കേമത്തം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. 4ജി നെറ്റ്വർക്ക് സേവനം നൽകുന്ന കമ്പനികളിൽ കഴിഞ്ഞ മാസം ഏറ്റവും വേഗതയേറിയ ഇൻറർനെറ്റ് സ്പീഡ് ഉപഭോക്താക്കൾക്ക് നൽകിയ കമ്പനിയായി ജിയോ മാറി. ഇന്ത്യയിലെ ടെലിക്കോം റെഗുലേറ്ററി അതോറിറ്റിയായ ട്രായ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പട്ടികയിലാണ് ജിയോ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.

ഓഗസ്റ്റ് മാസത്തിൽ റിലൈൻസ് ജിയോ തങ്ങളുടെ 4ജി ഉപഭോക്താക്കൾക്ക് നൽകിയത് 21.3Mbps വേഗതയിലുള്ള ഇൻറർനെറ്റാണ്. പട്ടികയിൽ ജിയോയ്ക്ക് പിന്നിലായി എയർടെലും വോഡാഫോൺ ഐഡിയയും ഉണ്ട്. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ മൈസ്പീഡ് പോർട്ടലിലാണ് ഈ വേഗതയുടെ അടിസ്ഥാനത്തിലുള്ള പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

4ജി വേഗതയുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള എയർടെൽ 8.2 Mbps വേഗതയുള്ള ഇൻറർനെറ്റാണ് ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് മാസത്തിൽ നൽകിയത്. വോഡാഫോൺ ഐഡിയ നെറ്റ്വർക്കിൽ നിന്ന് വോഡാഫോൺ ശരാശരി 7.7 Mbps വേഗതയിലുള്ള ഇൻറർനെറ്റ് ഉപഭോക്താക്കൾക്ക് നൽകിയപ്പോൾ ഐഡിയ 6.1 Mbps വേഗതയിലുള്ള ഇൻറർനെറ്റാണ് നൽകിയത്.

വോഡാഫോൺ, ഐഡിയ എന്നിവ ഒരുമിച്ച് വോഡാഫോൺ ഐഡിയ ആയെങ്കിലും ട്രായ് പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ രണ്ടും വേവ്വേറെയാണ് ഉണ്ടാകാറുള്ളത്. ജൂലൈ മാസത്തേക്കാൾ കുറഞ്ഞ വേഗതയാണ് ഓഗസ്റ്റ് മാസത്തിൽ വോഡാഫോൺ ഐഡിയ എന്നിവ ഉപഭോക്താക്കൾക്ക് നൽകിയത്. ജൂലൈയിൽ വോഡാഫോൺ 7.7 Mbps വേഗതയും ഐഡിയ 6.6 Mbps വേഗതയും നൽകിയിരുന്നു. ട്രായ് പട്ടികപ്പെടുത്തിയ പ്രകാരം വോഡാഫോണിൻറെ വേഗതയിൽ മാറ്റമില്ലെങ്കിലും ഐഡിയയിൽ .5Mbps വേഗതയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

അപ്ലോഡിങ്ങ് വേഗതയുടെ കാര്യത്തിൽ വോഡാഫോൺ ഐഡിയ എന്നിവ തന്നെയാണ് മുൻപന്തിയിൽ ഓഗസ്റ്റ് മാസത്തിൽ വോഡാഫോൺ 5.5 Mbps വേഗതയാണ് അപ്ലോഡിങിന് നൽകുന്നത്. ഐഡിയയാകട്ടെ 5.1 Mbps വേഗതയും നൽകുന്നു. ഇത് മികച്ച അപ്ലോഡിങ് സ്പീഡ് തന്നെയാണ്. എന്നാൽ ജൂലൈ മാസത്തിൽ വോഡാഫോൺ ഐഡിയ എന്നിവയുടെ അപ്ലോഡിങ് സ്പീഡ് ഇതിനേക്കാൾ കൂടുതലായിരുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അപ്ലോഡിങ് സ്പീഡിലും കമ്പനി കുറവ് വരുത്തിയിട്ടുണ്ട്.

21.3Mbps വേഗതയിലുള്ള ഇൻറർനെറ്റ് സേവനം ലഭ്യമാക്കികൊണ്ട് പട്ടികയിൽ മുന്നേറുന്ന റിലൈൻസ് ജിയോയുടെ അപ്ലോഡിങ് സ്പീഡ് വോഡഫോൺ ഐഡിയയേക്കാൾ കുറവാണ്. 4.4 Mbps വേഗത മാത്രമാണ് റിലൈൻസ് ജിയോയുടെ അപ്ലോഡിങ് സ്പീഡ്. മൊത്തത്തിലുള്ള ഇൻറർനെറ്റ് വേഗതയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള എയർടെൽ ആവട്ടെ 3.1 Mbps വേഗത മാത്രമാണ് അപ്ലോഡിങ് സ്പീഡായി ഓഗസ്റ്റിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയത്.

ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ശേഖരിക്കുന്ന റിയൽടൈം ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ട്രായ് ടെലിക്കോം കമ്പനികളുടെ മാസാമാസമുള്ള പട്ടിക പ്രസിദ്ധീകരിക്കുന്നത്. പട്ടിക ലഭ്യമാകുന്ന മൈ സ്പീഡ് ആപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന 4ജി നെറ്റ്വർക്ക് സ്പീഡും അറിയാൻ സാധിക്കും ഇതിനായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ മൈ സ്പീഡ് ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ടെലിക്കോം കമ്പനികളെല്ലാം തന്നെ ഇന്ന് മിതമായ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. മിക്ക പ്ലാനുകളിലും സൌജന്യ കോളുകളും ലഭ്യമാകുന്നുണ്ട്. എന്നാൽ എല്ലാവർക്കും ഇന്ന് കോളുകളെ പോലെ തന്നെ അത്യാവശ്യമായ കാര്യമാണ് ഇൻറർനെറ്റ് വേഗതയും. കമ്പനികൾ പുതിയ പ്ലാനുകൾ അവതരിപ്പിക്കാൻ കാണിക്കുന്ന ശ്രദ്ധ ഇൻറർനെറ്റ് വേഗതയുടെ കാര്യത്തിലും കാണിക്കേണ്ടത് ആവശ്യമാണ്.


Click it and Unblock the Notifications








