മൊബൈൽ നമ്പർ പോർട്ട് ചെയ്യാനുള്ള ഫീസിൽ ഇളവ് വരുത്തി ട്രായ്
മൊബൈൽ നമ്പർ മാറാതെ ടെലിക്കോം സേവനദാതാക്കളെ മാറ്റാവുന്ന സംവിധാനമാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി. ഈ സേവനത്തിനായി ഈടാക്കുന്ന ഫീസിൻറെ ഘടനയിൽ മാറ്റം വരുത്തുകയാണ് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. പുതിയ നിരക്കുകളിൽ MNP സേവനങ്ങൾക്ക് ഫീസ് ഇളവ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 30 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരുമെന്നും ട്രായ് അധികൃതർ വ്യക്തമാക്കി.

മൊബൈൽ പോർട്ടബിലിറ്റി ചാർജ്ജുകൾ വരുന്നത് കോസ്റ്റ് റീഇൻബേഴ്സ്മെൻറ് പ്രിൻസിപ്പിൾ അടിസ്ഥാനമാക്കിയാണ്. കണക്ക് കൂട്ടലുകൾ പ്രാകാരം പോർട്ടബിലിറ്റി ഫീസ് 5.74 രൂപയായി കുറയുമെന്നും ട്രായ് ചെയർമാൻ ആർ എസ് ശർമ്മ പറഞ്ഞു. സെപ്റ്റംബർ 30 മുതലായിരിക്കും ഈ പുതുക്കിയ നിരക്ക് നിലവിൽ വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ടുകൾ പ്രകാരം നിലവിലുള്ള സംവിധാനങ്ങളിൽ മാറ്റം വരുത്തിയതിന് ശേഷമാണ് നിരക്കുകൾ നിശ്ചയിച്ചത്. ചിലവായ പണം നൽകുന്ന രീതിയിലാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. MNP സേവനങ്ങൾക്കായി അടയ്ക്കുന്ന തുക നേരിട്ട് പോകുന്നത് സൈനിവേഴ്സ് ടെക്നോളജീസ്, എംഎൻപി ഇൻറർകണക്ഷൻ ടെലിക്കോം സൊലുഷ്യൻസ് എന്നിങ്ങനെയുള്ള MNP ഏജൻസികളിലേക്കാണ്.

നമ്പർ മാറ്റാതെ തന്നെ ടെലിക്കോം ഓപ്പറേറ്റർമാരെ മാറ്റുന്ന MNP സംവിദാനത്തിലെ പുതിയ ഫീസ് ഘടന വരുന്നതോടെ റിലൈൻസ് ജിയോ. വോഡാഫോൺ ഐഡിയ, എയർടെൽ എന്നിങ്ങനെയുള്ള മുൻനിര ടെലിക്കോം കമ്പനികൾക്ക് വർഷത്തിൽ 75 കോടിരൂപ ലാഭിക്കാനും സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും പുതിയ ഫീസ് ഘടനയ്ക്കൊപ്പം MNP സേവനങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും ഒരു പരിധിവരെ പരിഹരിക്കപ്പെട്ടേക്കും.

മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനത്തിൻറെ ഘടനയിൽ തന്നെ ട്രായ് വലീയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ട്രായ് ചെയർമാൻ പറഞ്ഞു. ഇതുവരെ ഉണ്ടായിരുന്നത് ദാതാക്കളായ ഓപ്പറേറ്റർമാർ നൽകുന്ന യുനീക് പോർട്ടിങ് കോഡ് (UPC) വച്ചുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനമായിരുന്നു. ഉപഭോക്താവിനെ പിടിച്ചു നിർത്താൻ അതീവ താല്പര്യമുള്ള ഓപ്പറേറ്റർമാരിലൂടെ നടക്കുന്ന പോർട്ടബിലിറ്റി പ്രോസസ് പലപ്പോഴും ശരിയായി അവസാനിക്കാറും ഉണ്ടായിരുന്നില്ലെന്നും ട്രായ് ചെയർമാൻ വിശദീകരിച്ചു.

എന്തായാലും മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനത്തിൽ ടെലിക്കോം റെഗുലറ്ററി അതോറിറ്റി ആദ്യമായല്ല മാറ്റങ്ങൾ വരുത്തുന്നത്. കഴിഞ്ഞ ജനുവരിയിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കുള്ള ഫീസ് 17 രൂപയിൽ നിന്ന് 4 രൂപയാക്കി ട്രായ് കുറച്ചിരുന്നു. സൈനിവേഴ്സ് ടെക്നോളജീസ് നൽകിയ ഹർജിയിന്മേൽ ചാർജ്ജ് കുറച്ച തീരുമാനം ഡൽഹി ഹൈക്കോടതി മരവിപ്പിക്കുകയുമായിരുന്നു. പുതിയ ഫീസ് ഘടനയുടെ ഭാവിയും കണ്ടറിയേണ്ടിയിരിക്കുന്നു.

കടബാധ്യതകളിലുള്ള ടെലിക്കോം ഓപ്പറേറ്റർ കമ്പനികൾക്ക് ആശ്വാസകരമാകുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉപഭോക്താവിനെ സംബന്ധിച്ച് വലീയ നേട്ടമൊന്നും പുതിയ തീരുമാനത്തോടെ ഉണ്ടാവുമെന്ന് കരുതാനാകില്ല. പുതുക്കിയ ഫീസ് നിലവിൽ വരുന്ന സെപ്റ്റംബർ 30ന് മുൻപ് എംഎൻപി ഏജൻസികൾ കോടതിയെ സമിപിക്കുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








