ആൻഡ്രോയിഡ് ഫോൺ റൂട്ട് ചെയ്യണോ വേണ്ടയോ?? നിങ്ങൾ അറിയേണ്ടതെല്ലാം!


ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ഏതൊരാളും ഒരിക്കലെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ഒന്നാണ് റൂട്ട് എന്ന കാര്യം. അതായത് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ റൂട്ട് ചെയ്യുക എന്നത്. നമ്മളിൽ തൊണ്ണൂറ് ശതമാനം ആളുകൾക്കും ഇപ്പോഴും റൂട്ടിംഗ് എന്നാൽ എന്താണ് എന്നതിനെ കുറിച്ച് അവ്യക്തമായ ചില അറിവുകൾ മാത്രമേ ഉള്ളൂ എന്നത് തന്നെയാണ് ഇതിനെ കുറിച്ച് ലളിതമായ രീതിയിൽ ഇവിടെ ഇന്ന് എഴുതാൻ പ്രേരിപ്പിക്കുന്നതും.

Advertisement

റൂട്ടിംഗ് എന്നാൽ എന്താണ് ഉദേശിക്കുന്നത് എന്നും എന്തൊക്കെയാണ് അതുകൊണ്ട് ഫോണിന് ലഭിക്കുന്ന ഗുണങ്ങൾ എന്ന് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. അതിന് ശേഷം എങ്ങനെ നിങ്ങളുടെ ഫോൺ എളുപ്പം റൂട്ട് ചെയ്യാം എന്നും ഇവിടെ നിന്നും മനസ്സിലാക്കാം.

Advertisement

എന്താണ് ആൻഡ്രോയിഡ് ഫോൺ റൂട്ടിങ്?

നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത് ഓപ്പൺ സോഴ്സ് അധിഷ്ഠിത ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് എന്ന് അറിയാമല്ലോ. അതായത് എന്ത് രീതിയിലുള്ള മാറ്റങ്ങളും നിങ്ങൾക്ക് അതിൽ വരുത്താൻ സാധിക്കും എന്നും അതിനുള്ള സൗകര്യങ്ങൾ ഉണ്ട് എന്നും സാരം. പക്ഷെ നിലവിൽ നിങ്ങൾ ഫോൺ വാങ്ങുമ്പോൾ എല്ലാ സെറ്റിങ്‌സുകളും പ്രവർത്തിപ്പിക്കാൻ ഹാൻഡ്‌സെറ്റ് കമ്പനികൾ അനുവദിക്കില്ല. പലതും ഫോണിന് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നതടക്കം നിരവധി കാരണങ്ങൾ അതിനുണ്ട്.

റൂട്ടിംഗ് കൊണ്ട് മെച്ചങ്ങൾ ഏറെ..

അങ്ങനെ നിങ്ങൾ വാങ്ങിയ ഫോണിൽ അതിന്റെ എല്ലാ സെറ്റിങ്‌സ്, സൗകര്യങ്ങൾ, നിയന്ത്രണം തുടങ്ങി ഓരോന്നും മാറ്റം വരുത്തുന്ന, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ പൂർണ്ണ നിയന്ത്രണം നിങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ ഫോണിനെ സജ്ജമാക്കുന്ന പ്രക്രിയയാണ് റൂട്ടിംഗ്. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യുന്നതോടെ ഈ സൗകര്യങ്ങളെല്ലാം തന്നെ നിങ്ങൾക്ക് ലഭ്യമാകും.

എങ്ങനെ നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യാം

റൂസൂപ്പർ യൂസർ കരുത്ത്, അല്ലെങ്കിൽ ഇപ്പോഴുള്ള മജിസ്ക് പോലുള്ള സൗകര്യം ഫോണിൽ ലഭ്യമാക്കുകയാണ് ഏതൊരു കമ്പനിയുടെ ഏതൊരു മോഡലിലും റൂട്ടിങ് വഴി ലഭിക്കുക. എന്നാൽ ഓരോ കമ്പനികളെയും ഓരോ മോഡലുകളെയും സംബന്ധിച്ച് റൂട്ട് ചെയ്യുന്ന പ്രക്രിയ തീർത്തും വ്യത്യസ്തമായിരിക്കും എന്ന് മാത്രം. അതിനാൽ എല്ലാ മോഡലുകൾക്കുമായി ഒരൊറ്റ പ്രക്രിയ ഇവിടെ ലഭ്യമല്ല.

നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യണം എങ്കിൽ

നിങ്ങൾക്ക് നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യണം എങ്കിൽ ഗൂഗിളിൽ കയറി നിങ്ങളുടെ മോഡൽ എങ്ങനെ റൂട്ട് ചെയ്യാം എന്ന് പരതിയാൽ ഇഷ്ടംപോലെ സൈറ്റുകൾ തുറന്നുവരും. അതിൽ നോക്കി കൃത്യമായി മനസ്സിലാക്കി റൂട്ട് ചെയ്യാൻ സാധിക്കും. xda വെബ്സൈറ്റ് ആണ് ഈ കാര്യത്തിൽ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വെബ്സൈറ്റ്. ഏതു മോഡലിന്റെ വിവരങ്ങളും അവിടെ ലഭ്യമാണ്.

റൂട്ട് ചെയ്താൽ എന്തൊക്കെയാണ് മെച്ചങ്ങൾ

അത് പറയാൻ ഈ ലേഖനം മതിയാവില്ല. പേജുകളോളം അതിനെ കുറിച്ച് പറയാനുണ്ടാകും. അത്രയും ആപ്പുകളും സൗകര്യങ്ങളും എല്ലാം തന്നെ റൂട്ടിങ് വഴി നമുക്ക് ലഭ്യമാകും. സ്പീഡ് കൂട്ടുക, അനാവശ്യ ബിൾട്ട് ഇൻ ആപ്പുകൾ ഒഴിവാക്കുക, ഗെയിം ഹാക്ക്, ആപ്പ് ഹാക്ക്, വ്യത്യസ്തങ്ങളായ റോമുകൾ ഇൻസ്റ്റാൾ ചെയ്യുക, twrp ഇൻസ്റ്റാൾ ചെയ്യുക, മറ്റു കമ്പനികളുടെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങി ആയിരക്കണക്കിന് ഉപയോഗങ്ങൾ റൂട്ടിങ് കൊണ്ട് നമുക്ക് ലഭിക്കും.

റൂട്ട് ചെയ്യും മുമ്പേ ചില കാര്യങ്ങൾ

റൂട്ട് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിന്റെ വാറന്റി നഷ്ടമാകും എന്നോർക്കുക. പലപ്പോഴും ഫോണിന്റെ ബൂട്ലോഡ്ർ അണ്ലോക്ക് ചെയ്താലേ റൂട്ട് സാധ്യമാവൂ എന്നതിനാൽ അതും മനസ്സിലിരിക്കുക. അതുപോലെ റൂട്ടിങ്, twrp, ബൂട്ടലോഡ്ർ അണ്ലോക്ക് തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ മിക്ക സർവീസ് സെന്ററുകളിലും ചെയ്തു തരാത്ത കാര്യങ്ങളാണ്. എല്ലാം സ്വയം ഇന്റർനെറ്റ് വഴി കണ്ടെത്തി മനസ്സിലാക്കി സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യുക. ഇനി എങ്ങനെ റൂട്ട് ചെയ്യാം എന്ന് വിശദമായി അറിയേണ്ടവർക്ക് തുടർന്ന് വായിക്കാം.

ആദ്യപടി

റൂട്ട് ചെയ്യുന്നതിലെ ഏറ്റവും വലിയ പ്രശ്നം എന്തെന്ന് വെച്ചാൽ ഓരോ ഫോൺ മോഡലിനും ഓരോ രീതിയിൽ ആയിരിക്കും ഈ റൂട്ട് ചെയ്യൽ എന്നത് തന്നെയാണ്. അതിനാൽ തന്നെ ഓരോ മോഡലിനെയും കുറിച്ച് വേറെ വേറെയായി എഴുതുക എന്നത് നടപ്പിലാവുന്ന കാര്യമല്ല. അതുകൊണ്ട് പൊതുവായി എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം ഇവിടെ വിശദീകരിക്കാം.

പല മോഡലിനും പല വിധം

ഈ മാതൃക പിന്തുടർന്ന് ഓരോ മോഡലിനും ആവശ്യമായ ഫയലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാം. ഈ മോഡലുകൾക്കെല്ലാം തന്നെ xda വെബ്സൈറ്റിൽ പ്രത്യേക ചർച്ചാ ഫോറങ്ങൾ ഉണ്ട്. അത് വഴി നിങ്ങളുടെ ഫോണിന് ആവാധ്യമായ റൂട്ട് മാർഗ്ഗങ്ങൾ കണ്ടെത്താം. lg g5 ആണ് റൂട്ട് ചെയ്യേണ്ടത് എങ്കിൽ lg g5 rooting xda എന്ന് ഗൂഗിളിൽ സെർച്ച് കൊടുത്താൽ നിങ്ങൾക്ക് ആവശ്യമായ xda ലിങ്ക് ലഭിക്കും. ഇനി ചുവടെ എന്തൊക്കെയാണ് പൊതുവേ ചെയ്യേണ്ടത് എന്ന് നോക്കാം.

ബൂട്ട്ലോഡ്ർ അൺലോക്കിങ്

മിക്ക ഫോണുകളും ബൂട്ടലോഡ്ർ ലോക്ക് ചെയ്ത രീതിയിലാണ് നിർമാതാക്കൾ ഇറക്കുക. സുരക്ഷാ പ്രശ്നങ്ങൾ തന്നെയാണ് കാരണം. ആവശ്യമുള്ളവർക്ക് പിന്നീട് സ്വന്തം ഇഷ്ടപ്രകാരം ബൂട്ടലോഡ്ർ അൺലോക്കിങ് ചെയ്യാനുള്ള സൗകര്യവും ഈ കമ്പനികൾ ഒരുക്കാറുണ്ട്. മിക്ക മോഡലുകളുടെയും ബൂട്ടലോഡ്ർ കമ്പനി വെബ്‌സൈറ്റ് വഴി അൺലോക്കിങ് സാധ്യമാകും. ഇത് കൂടാതെ ഇതിനായി പല മോഡലുകൾക്കും പല രീതിയിൽ ഉള്ള ആപ്പുകളും ലഭ്യമാണ്. ഇവിടെ ഒരു കമ്പ്യൂട്ടർ സഹായവും യുഎസ്ബി കേബിളും നിർബന്ധമാണ്.

TWRP/CWM Recovery

ഫോണിൽ ചെയ്യേണ്ട രണ്ടാമത്തെ കാര്യം. ഫോണിൽ കമ്പനികളുടെ ഒരു ഡീഫോൾട്ട് റിക്കവറി ഉണ്ടാകും. ഫ്ലാഷ് ചെയ്യാനും ബാക്കപ്പ്, റീസ്റ്റോർ, ടെസ്റ്റിംഗ് ആവശ്യങ്ങൾക്കുമോക്കെ ഉപയോഗിക്കുന്നവയാണ് ഈ റിക്കവറി. എന്നാൽ റൂട്ട് ചെയ്യാനും zip ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാനും custom റോമുകൾ അടക്കമുള്ള വിശാലമായ ഡെവലപ്പിങ് ലോകത്തേക്ക് കടക്കാനും ഈ റിക്കവറി ആവശ്യമാണ്. നിലവിൽ ഉള്ള ഏറ്റവും മികച്ച രണ്ടു റിക്കവറികൾ ആണ് TWRPയും CWMയും. ഇവയിൽ ഏറ്റവും മികച്ചതും കൂടുതൽ കാര്യങ്ങൾ പിന്തുണയ്ക്കുന്നതും TWRP തന്നെയാണ്.

മുകളിലത്തെ പോലെ ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനായി ഇവിടെയും കമ്പ്യൂട്ടർ സഹായവും യുഎസ്ബി കേബിളും നിർബന്ധമാണ്. ഒപ്പം നിങ്ങളുടെ ഫോണിന്റെ മോഡലിന് പറ്റിയ twrp.img റിക്കവറി ഫയൽ ഡൗൺലോഡ് ചെയ്യണം. ശേഷം ഓരോ ഫോണിനും ആവശ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഫ്ലാഷ് മോഡിൽ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യാം.

 

റൂട്ടിങ്

റൂട്ടിങ് അഥവാ super su ഫോണിൽ ചെയ്യുന്നത് ഇനി സാധ്യമാകും. ഇത് ഇനി അത്ര ഭാരിച്ച പണി ആവില്ല. ഓരോ ഫോൺ മോഡലിനും അനുസരിച്ചുള്ള super su update.zip ഫയൽ ഡൗണ്ലോഡ് ചെയ്ത് നിർദേശങ്ങൾ അനുസരിച്ചു twrp വഴി ഫ്ലാഷ് ചെയ്യുക. ഇനി അതല്ല, കമ്പ്യൂട്ടർ വഴി ബന്ധിപ്പിച്ച് ചെയ്യാവുന്ന സൗകര്യങ്ങളും ഉണ്ട്. ഇത് കൂടാതെ ഇപ്പോഴുള്ള പുതിയ റൂട്ടിങ് സൗകര്യമായ magisk ഓപ്ഷനും ഉപയോഗിക്കാം.

അവസാനവാക്ക്

മുകളിൽ പറഞ്ഞതെല്ലാം ഏതൊരു ഫോൺ റൂട്ട് ചെയ്യുന്നതിനും ആവശ്യമായ പൊതുവായ കാര്യങ്ങൾ മാത്രമാണെന്ന് മനസ്സിലായല്ലോ. റൂട്ടിങ് പ്രക്രിയ എങ്ങനെ എന്ന ഒരു ആശയം നിങ്ങൾക്ക് ലഭിച്ചുവല്ലോ. ഇനി നിങ്ങളുടെ മോഡലിന് അനുസരിച്ച് xda വെബ്സൈറ്റിൽ കയറി റൂട്ടിങ് ചെയ്തു തുടങ്ങാം.

Best Mobiles in India

English Summary

Android Rooting: Everything Explained.