നിങ്ങളുടെ ഫോൺ അധികകാലം നിലനിൽക്കണമെങ്കിൽ ഈ 15 കാര്യങ്ങൾ ചെയ്യാതിരിക്കുക!


തെറ്റായ രീതിയല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒന്നാം സ്ഥാനത്താണ് സ്മാര്‍ട്ട്‌ഫോണ്‍. എന്നാല്‍ ഇക്കാര്യം നമ്മള്‍ ഒരിക്കലും തിരിച്ചറിയുകയുമില്ല. ചില അവസരങ്ങളില്‍ ഇത് അപകടകരമായി മാറാറുണ്ട്. മലേഷ്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചിട്ട് അധികമായിട്ടില്ല. സ്മാര്‍ട്ട്‌ഫോണില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ ചാര്‍ജ് ചെയ്യരുത്

ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണ്‍ അധികമായി ചാര്‍ജ് ചെയ്യരുത്. ഇത് ഫോണ്‍ അമിതമായി ചൂടാകാന്‍ ഇടയാക്കും. പൂര്‍ണ്ണമായി ചാര്‍ജ് ആയാലുടന്‍ ഫോണ്‍ വൈദ്യുതി ബന്ധത്തില്‍ നിന്ന് വിച്ഛേദിക്കുക.

2. സ്മാര്‍ട്ട്‌ഫോണ്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വയ്ക്കരുത്

ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

3. ചാര്‍ജ് ചെയ്യുമ്പോള്‍ ഇയര്‍ഫോണ്‍ കുത്തി പാട്ടുകേള്‍ക്കരുത്

ചാര്‍ജ് ചെയ്യുന്നതിനിടെ ഇയര്‍ഫോണ്‍ കുത്തി പാട്ട് കേള്‍ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതായുള്ള വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. ഇത് ചിലപ്പോള്‍ മരണത്തിന് പോലും കാരണമാകാം. അതുകൊണ്ട് ചാര്‍ജ് ചെയ്യുമ്പോഴുള്ള പാട്ട് കേള്‍ക്കല്‍ വേണ്ട.

4. സ്മാര്‍ട്ട്‌ഫോണ്‍ അടുത്തുവച്ച് ഉറങ്ങരുത്

ഉറങ്ങുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ അടുത്തുവയ്ക്കരുത്, പ്രത്യേകിച്ച് തലയിണയുടെ അടിയില്‍. മൊബൈല്‍ തരംഗങ്ങള്‍ തലച്ചോറിനെ ബാധിക്കുമെന്നും സുഖനിദ്രയ്ക്ക് തടസ്സമുണ്ടാക്കുമെന്നും പറയപ്പെടുന്നു.

5. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണില്‍ നേരിട്ട് വെയില്‍ ഏല്‍ക്കരുത്

ചാര്‍ജ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ഫോണില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാറിന്റെ ഡാഷ്‌ബോര്‍ഡ് പോലെ ചൂടുള്ള സ്ഥലങ്ങളില്‍ വച്ച് ചാര്‍ജ് ചെയ്യുന്നതും നല്ലതല്ല. ഇതും ഫോണ്‍ അമിതമായി ചൂടാകാന്‍ ഇടയാക്കും. 0-45 ഡിഗ്രി സെല്‍ഷ്യസ് ആണ് സ്വീകാര്യമായ താപനില.

6. നിരപ്പില്ലാത്ത പ്രതലത്തില്‍ വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യരുത്

തലയിണയില്‍ വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതി പലരുടെയും ശീലമാണ്. നിരപ്പില്ലാത്ത പ്രതലത്തില്‍ വച്ച് ചാര്‍ജ് ചെയ്താല്‍ ഫോണ്‍ അമിതമായി ചൂടാകും. തീപിടിക്കാനും സാധ്യതയുണ്ട്.

7. സ്മാര്‍ട്ട്‌ഫോണില്‍ അമിതമര്‍ദ്ദം പ്രയോഗിക്കരുത്

സ്മാര്‍ട്ട്‌ഫോണില്‍ അമിതമര്‍ദ്ദം പ്രയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ബാഗിലും മറ്റും വയ്ക്കുമ്പോള്‍ ഭാരമുള്ള വസ്തുക്കള്‍ക്കടിയില്‍ ഫോണ്‍ വയ്ക്കരുത്.

8. പവര്‍സ്ട്രിപ് എക്‌സ്റ്റെന്‍ഷന്‍ കോര്‍ഡ് അല്ലെങ്കില്‍ മള്‍ട്ടി പ്ലഗ് വേണ്ട

പവര്‍സ്ട്രിപ് അല്ലെങ്കില്‍ എക്‌സ്റ്റെന്‍ഷന്‍ കോര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാതിരിക്കുക. കോര്‍ഡിലെ ഏതെങ്കിലും സോക്കറ്റിലെ ഉപകരണത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെയും ദോഷകരമായി ബാധിക്കും.

9. അനധികൃത സര്‍വ്വീസ് സെന്ററുകളോട് വിട പറയുക

ഇക്കാര്യത്തില്‍ ഒരുവീഴ്ചയും വരുത്തരുത്. അംഗീകൃത സര്‍വ്വീസ് സെന്ററുകളില്‍ മാത്രം സ്മാര്‍ട്ട്‌ഫോണുകള്‍ അറ്റകുറ്റപ്പണി ചെയ്യുക. അല്ലാത്തപക്ഷം ഫോണിന്റെ ആന്തരിക ഭാഗങ്ങള്‍ക്ക് കേടുവരാം. അനധികൃത സര്‍വ്വീസ് സെന്ററുകള്‍ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താം. വൈറസുകള്‍ പോലുള്ള അപകടകരമായ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല.

10. വില കുറഞ്ഞ അഡാപ്റ്ററുകള്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കരുത്

സ്മാര്‍ട്ട്‌ഫോണിനൊപ്പം ലഭിക്കുന്ന അഡാപ്റ്റര്‍ മാത്രം ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുക. ഇതിന് എന്തെങ്കിലം തകരാര്‍ വന്നാല്‍ ഗുണമേന്മയുള്ള അഡാപ്റ്റര്‍ വാങ്ങി അതുപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുക

11. ചാര്‍ജ് ചെയ്യുമ്പോള്‍ കെയ്‌സ് വേണ്ട

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ കെയ്‌സ് ഊരിമാറ്റാന്‍ ശ്രദ്ധിക്കുക. ഫോണിന്റെ ചൂട് പുറത്തുപോകാന്‍ ഇത് ആവശ്യമാണ്.

12. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ വിളിയും ഗെയിം കളിയും ഒഴിവാക്കുക

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ കോളുകള്‍, വീഡിയോകള്‍ കാണല്‍, ഗെയിം കളി എന്നിവ ഒഴിവാക്കുക. ഇത് ഫോണ്‍ അമിതമായി ചൂടാകാനും വൈദ്യുതാഘാതം ഏല്‍ക്കാനും ഇടയാക്കപ്പെടാം.

13. അറിയാത്ത കേന്ദ്രങ്ങളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്

ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. മറ്റിടങ്ങളില്‍ നിന്നുള്ള ആപ്പുകള്‍ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതിനൊപ്പം വൈറസുകള്‍ പോലുള്ളവ ഇന്‍സ്‌റ്റോള്‍ ചെയ്ത് ഫോണിന്റെ പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്യും.

14. നനവുള്ളപ്പോള്‍ ചാര്‍ജറും ഇയര്‍ഫോണും കുത്തരുത്

വിയര്‍പ്പ് കൊണ്ടുള്ള നനവുള്ളപ്പോള്‍ പോലും സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിലിടുകയോ മറ്റോ ചെയ്യാതിരിക്കുക.

15. ഫോണ്‍ അണ്‍ലോക്ക് ചെയ്ത് വയ്ക്കരുത്

സ്മാര്‍ട്ട്‌ഫോണില്‍ വ്യക്തി വിവരങ്ങള്‍ അടക്കമുള്ളവ ഉള്ളതിനാല്‍ ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ സങ്കീര്‍ണ്ണമായ പാസ്‌വേഡുകള്‍ ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്ത് സൂക്ഷിക്കുക.

ടവറിൽ നിന്നും വൈദ്യുതി മോഷണം! എയർടെല്ലിനെതിരെ ബിഎസ്എൻഎല്ലിന്റെ കേസ്!

Most Read Articles
Best Mobiles in India
Read More About: smartphone technology

Have a great day!
Read more...

English Summary

15 things you should avoid doing with your smartphones